Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കടലിന്റെ മക്കളെ രക്ഷാദൗത്യത്തിനെത്തിച്ചത് ഇദ്ദേഹത്തിന്റെ ബുദ്ധി

jhonson-fisherman പ്രളയത്തിൽ രക്ഷാദൗത്യത്തിനിറങ്ങിയ മൽസ്യത്തൊഴിലാളി സംഘങ്ങളിലൊന്ന്. ഇൻസൈറ്റിൽ ഡോ. ജോൺസൺ ജാമെറ്റ്

കനത്ത മഴയിലും വെള്ളപ്പൊക്ക ഭീഷണിയിലുമാണു കേരളം. പലയിടത്തും ആരംഭിച്ചിരിക്കുന്ന ദുരിതാശ്വാസ ക്യാംപുകളിലേക്കു സേവനം ചെയ്യുന്നതിനായി അടിയന്തരമായി വൊളന്റിയർമാരെ ആവശ്യമുണ്ട്.

കലക്ടർ ഡോ. കെ.വാസുകിയുടെ ഈ സന്ദേശം കലക്ടറുടെ ഫെയ്സ്ബുക് പേജിൽ പ്രത്യക്ഷപ്പെട്ട ഓഗസ്റ്റ് 14നു ഡോ. ജോൺസൺ ജാമെറ്റ് തലസ്ഥാനത്തുണ്ടായിരുന്നു. ബെംഗളൂരുവിലെ യുകെ യൂണിവേഴ്സിറ്റിയിൽ അധ്യാപകനായ അദ്ദേഹം കലക്ടറെ ഫോണിൽ ബന്ധപ്പെട്ട് ഒരു സന്ദേശം കൈമാറാനാഗ്രഹിച്ചു.  മറ്റൊന്നുമല്ല, ചെങ്ങന്നൂർ ഉൾപ്പെടെ പ്രളയത്തിൽ മുങ്ങിയ പത്തനംതിട്ട ജില്ലയിലേക്കു രക്ഷാപ്രവർത്തനത്തിനായി നമ്മുടെ മൽസ്യത്തൊഴിലാളികളെ എത്രയും പെട്ടെന്ന് അയയ്ക്കണമെന്നായിരുന്നു അത്. നിർഭാഗ്യവശാൽ അദ്ദേഹത്തിനു കലക്ടറുമായി ബന്ധപ്പെടാനായില്ല. 

രക്ഷാപ്രവർത്തനത്തിനു കടലിന്റെ മക്കൾ തയാറെന്ന സന്ദേശം തുടർന്നു ഡപ്യൂട്ടി കലക്ടർക്കു കൈമാറി. അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ.ജോസിനെയും പത്തനംതിട്ടയിലുണ്ടായിരുന്ന  കുടുംബശ്രീ എക്സി.ഡയറക്ടർ എസ്.ഹരികിഷോറിനെയും വിവരം അറിയിച്ചു. അവർ നടപടികളിലേക്കു കടക്കുന്നതിനിടയിൽത്തന്നെ തലസ്ഥാനത്തെ മൽസ്യത്തെ‌ാഴിലാളികൾ രക്ഷാപ്രവർത്തനത്തിനു സജ്ജരാണെന്നും പോകുന്നതിനു സർക്കാരിന്റെ അനുമതി ആവശ്യമാണെന്നുമുള്ള സന്ദേശം വീണ്ടും ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു.

ഈ സമയം കടലോര ഗ്രാമങ്ങളിൽ

കോസ്റ്റൽ വാച്ച്, കോസ്റ്റൽ സ്റ്റുഡന്റ്സ് കൾചറൽ ഫോറം, പൂന്തുറ മൽസ്യത്തൊഴിലാളി സംരക്ഷണ സമിതി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ ചെങ്ങന്നൂരിലേക്കു രക്ഷാപ്രവർത്തനത്തിനു പോകുന്നതിനുള്ള തയാറെടുപ്പുകൾ മൽസ്യത്തൊഴിലാളികൾ നടത്തുകയായിരുന്നു. നേരത്തേ കോസ്റ്റൽ വാച്ചിന്റെയും സ്റ്റുഡന്റ് കൾചറൽ ഫോറത്തിന്റെയും സജീവ പ്രവർത്തകനായിരുന്ന ഡോ. ജോൺസനെ ഒട്ടേറെ മൽസ്യത്തൊഴിലാളികൾ വിളിച്ചു പോകാനുള്ള സന്നദ്ധത അറിയിച്ചു. അവരിലൊരാൾ പറഞ്ഞു.

‘നമ്മൾ എങ്ങനെയെങ്കിലും പോകണം. പോയി അവരെ രക്ഷപ്പെടുത്തണം. നമ്മളല്ലാതെ ആരു പോയാണ് അവരെ രക്ഷപ്പെടുത്തുക?’

പക്ഷെ അപ്പോഴും അധികൃതരുടെ അനുമതി ലഭിച്ചിരുന്നില്ല.

ആദ്യസംഘം രാത്രിയോടെ    

16നു സ്ഥിതിഗതികൾ വിലയിരുത്താനായി രാവിലെ ചേർന്ന യോഗം രക്ഷാപ്രവർത്തനത്തിനു ഇവിടെ നിന്നുള്ള ബോട്ടുകളും വള്ളങ്ങളും വേണ്ടെന്ന തീരുമാനത്തിലെത്തി. പക്ഷെ ഉച്ചയോടെ കാര്യങ്ങൾ മാറിമറിഞ്ഞു. കൊല്ലത്തു നിന്നു 20 ബോട്ടുകൾ ആവശ്യപ്പെട്ടേക്കുമെന്ന വിവരമെത്തി. മൂന്നു മണിയോടെ പൂന്തുറയിൽ നിന്ന് ഒൻപതു വള്ളങ്ങളടങ്ങിയ ആദ്യസംഘം എല്ലാ തയാറെടുപ്പുകളുമായി വണ്ടിയെത്തുന്നതും കാത്തിരുന്നു. അവർ പോകുന്നതറിഞ്ഞു കൂടുതൽ പേർ തയാറെടുത്തു വന്നു. തീരദേശഗ്രാമങ്ങളൊക്കെ രക്ഷാപ്രവർത്തനത്തിനു ആളെ അയയ്ക്കാൻ വട്ടംകൂട്ടി. വള്ളങ്ങൾ കൊണ്ടു പോകാനുള്ള ലോറികളെത്താൻ പിന്നെയും വൈകി. ആദ്യസംഘം പുറപ്പെട്ടതുതന്നെ രാത്രി പത്തോടെ. വേളി, തുമ്പ, പൂന്തുറ, പുതിയതുറ പ്രദേശങ്ങളിൽ നിന്നു പുറകെ വള്ളങ്ങളും തൊഴിലാളികളും പോയി. 17ന് അതിരാവിലെ മൽസ്യത്തൊഴിലാളികൾ ചെങ്ങന്നൂരിലെത്തി. തുമ്പയിൽ നിന്നുള്ള സംഘം പോയതു പാണ്ടനാട്ടേക്കായിരുന്നു. അവിടെ 1,500 പേർ കുടുങ്ങിക്കിടന്നിരുന്നു.

ബ്ലൂ വൊളന്റിയേഴ്സ്  

രക്ഷാപ്രവർത്തനത്തിനു പോയ വള്ളങ്ങളുമായുള്ള ബന്ധം പതിയെ നഷ്ടമായി. ഏകോപനം പാളി. ആരൊക്കെ എവിടെയെന്ന വിവരം നഷ്ടമായി. തൊഴിലാളികളുടെ ഫോണുകളിലെ ബാറ്ററി തീർന്നിരുന്നു. പരസ്പരബന്ധമില്ലാതെയാണു വള്ളങ്ങൾ രക്ഷാപ്രവർത്തനം നടത്തിയത്. ഈ സമയത്തു ഞങ്ങൾ 17 പേർ ചേർന്നു ‘ബ്ലൂ വൊളന്റിയേഴ്സ്’ എന്ന സംഘത്തിനു രൂപം നൽകി ചെങ്ങന്നൂരെത്തി. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന വള്ളങ്ങളെ ഏകോപിക്കുക എന്ന ലക്ഷ്യം ഫലം കണ്ടു. ഫെയ്സ്ബുക്കിൽ ഞങ്ങളുടെ നമ്പർ നൽകിയതോടെ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നു വിളികളെത്തി. ഇന്നയിന്ന പ്രദേശങ്ങളിൽ തങ്ങളുടെ ആളുകളുണ്ടെന്നും  അവരെ രക്ഷിക്കണമെന്നുമായിരുന്നു അപേക്ഷ. ദിവസം 500 കോളുകൾ വരെ കിട്ടി. ഏറെ പേരെയും രക്ഷിക്കാനായി. 

രക്ഷാപ്രവർത്തനത്തിനായി പോയ മൽസ്യത്തെ‌ാഴിലാളികൾക്കും സഹായം ആവശ്യമായിരുന്നു. ഒന്നിലേറെ ദിവസം ചെലവഴിക്കേണ്ടി വരുമെന്നു കരുതിയല്ല അവർ പുറപ്പെട്ടത്. മാറിയുടുക്കാൻ വസ്ത്രങ്ങളില്ലായിരുന്നു. ഭക്ഷണം കൃത്യമായി ലഭിച്ചിരുന്നില്ല. പലരുടെയും വള്ളങ്ങൾക്കു കേടുപറ്റി. തിരിച്ചു വരാൻ വാഹന സൗകര്യമടക്കം ഏർപ്പെടുത്തേണ്ടിയിരുന്നു. 

ശ്രമകരമായ ദൗത്യം

ശ്രമകരമായ ദൗത്യമായിരുന്നു അത്. സമുദ്രത്തോടു മല്ലടിച്ചു കഴിയുന്ന  മൽസ്യത്തൊഴിലാളികളുടെ ജീവിതം ഡോ. ജോൺസൺ ജാനെറ്റ് പഠനവിഷയമാക്കിയിട്ടുണ്ട്. ദുരന്തമുഖങ്ങളിൽ നിന്നു രക്ഷപ്പെട്ടെത്തുന്ന ആ വൈദഗ്ധ്യം പ്രളയത്തിലും തുണയാകുമെന്ന് ഉറപ്പിക്കുന്നതങ്ങനെ.