‘ഇത് അവളുടെ ആഗ്രഹം’ ഹനാനെ അണിയിച്ചൊരുക്കി അബീൽ; ചിത്രങ്ങൾ

ചിത്രം കടപ്പാട്: അബീൽ റോബിൻ

പഠിക്കാനുള്ള പണം കണ്ടെത്താൻ മീൻവിൽപന നടത്തി ജനങ്ങളുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ച ഹനാനും സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് അബീൽ റോബിനും തമ്മിൽ വർഷങ്ങളുടെ പരിചയമുണ്ട്. മീൻവിൽക്കുന്ന ഹനാൻ വാർത്തകളിൽ നിറഞ്ഞതോടെ പലവിധ സാഹായങ്ങൾ തേടിയെത്തി. ജീവിതം മെല്ലെ പച്ചപിടിച്ചു വരുമ്പോഴാണ് കാറപടകത്തിലൂടെ ഹനാൻ കിടപ്പിലാകുന്നത്. 

ചിത്രം കടപ്പാട്: അബീൽ റോബിൻ

അബീലിന്റെ കൈകൾകൊണ്ടു മേക്കപ്പ് ചെയ്ത ഒരു ഫോട്ടോഷൂട്ട് നടത്തണം എന്ന് ഹനാൻ ഏറെ നാളായി ആഗ്രഹിച്ചിരുന്നു. വീണു കിടക്കുമ്പോഴും ആത്മവിശ്വാസം കൈമുതലാക്കിയ ഈ കൊച്ചു മിടുക്കിയുടെ ആഗ്രഹം സാധിക്കാൻ കഴിഞ്ഞ ആഴ്ച അബീൽ പനങ്ങാടുള്ള ഹനാന്റെ ഫ്ലാറ്റിൽ എത്തി. നടുവിന് ക്ഷതമേറ്റതിനെത്തുടർന്ന് ചികിത്സയിൽ കഴിയുന്ന ഹനാന് ആത്മവിശ്വാസം വർധിപ്പിക്കാൻ ഒരു ഫോട്ടോഷൂട്ടിനു കഴിയും എന്ന തോന്നലാണ് അബീലിനെ ഫ്ലാറ്റിലെത്തിച്ചത്.

ചിത്രം കടപ്പാട്: അബീൽ റോബിൻ

മഞ്ഞ ഗൗൺ ഒപ്പം ഒരു സ്ലീവ്‌ലെസ് ടോപ്പും പാവാടയുമാണ് അബീൽ അവൾക്കായി കൊണ്ടുപോയത്. ട്രഡീഷനൽ ആൻഡ് മോഡേൺ ലുക്കിൽ ഹനനെ അണിയിച്ചൊരുക്കി. ഫ്ലാറ്റിനുള്ളിൽ വച്ചു തന്നെയായിരുന്നു ഷൂട്ട്. ‘‘ഹനാനെ പോലെ ഇത്രയും ആത്മവിശ്വാസമുള്ള ഒരു പെൺകുട്ടിയെ ഞാൻ കണ്ടിട്ടില്ല. ഈ അവസ്ഥയിൽ പോലും അവൾ മറ്റുള്ളവർക്കു പ്രചോദനമാവുന്നു. ഓരോ ചെറിയ കാര്യത്തിലും സന്തോഷം കണ്ടെത്തുന്നു. നല്ല വിശ്രമം വേണമെന്നാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്. അവൾ ആകെ ക്ഷീണിച്ചു, മുടിയുടെ കട്ടി കുറഞ്ഞു. ഇനി എല്ലാം ആദ്യമേ തുടങ്ങണം. അവൾ തിരിച്ചു വരും.’’– അബീൽ  പറയുന്നു.

അബീൽ റോബിനും സംഘവും ഹനാനൊപ്പം ഫോട്ടോ ഷൂട്ടിനിടയിൽ

ഫ്ലാറ്റില്‍ ഹനാൻ ഒറ്റക്കാണ് താമസം. പിതാവ് കൂടെ ഉണ്ടായിരുന്നു പക്ഷേ, സ്ഥിരം നിൽക്കാറില്ല. ഭക്ഷണം പാകം ചെയ്യലും തുണി അലക്കലുമെല്ലാം വീല്‍ചെയറില്‍ സഞ്ചരിച്ച് ഹനാന്‍ ഒറ്റയ്ക്ക് ചെയ്യുന്നു. ആരുടേയും സഹായമില്ലാതെ ഏത് അവസ്ഥയിലും ഒറ്റയ്ക്കു ജീവിക്കാമെന്നു കാണിച്ചു തരുന്നു.ഒരു ചെറിയ പനിവന്നാല്‍ തളര്‍ന്നു പോകുന്ന നമുക്കെല്ലാം ഹനാന്‍ വലിയൊരു പാഠപുസ്തകം ആണ്. ആ കൊച്ചു മനസ്സിലെ വലിയ സ്വപ്‌നങ്ങള്‍ പൂവണിയുവാന്‍ കഴിയുന്ന സഹായം ചെയ്യുമെന്ന് അബീൽ റോബിൻ ഉറപ്പിച്ചു പറയുന്നു