ഞാൻ ശബരിമലയിലെത്തിയത് വ്രതം നോറ്റ് തന്നെ: രഹന ഫാത്തിമ

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രഹന എന്ന പേര് മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും തരംഗമാണ്. കുറെപ്പേർക്ക് രഹന ശത്രുവാണെങ്കിൽ കുറെപ്പേർ ആ പേരിനെ ആയുധമാക്കുന്നു. വീടിന്റെ വാതിൽക്കൽ രാവന്തിയോളം കാവൽ നിൽക്കുന്ന പൊലീസുകാർ ശല്യം എന്നും പറയുന്നുണ്ടാവും. കുറച്ചു പേരെങ്കിലും അഭിനന്ദന വാക്കുകളുമായി വിളിക്കുന്നുണ്ടെന്നാണ് രഹനയുടെ പക്ഷം. സുപ്രീം കോടതി വിധി കണ്ടയുടൻ ‘എന്നാൽ വിധിയങ്ങ് നടപ്പാക്കിയേക്കാം’ എന്നു കരുതി എടുത്തു ചാടിയതല്ല ഞാനെന്നു രഹന പറയുന്നു. തനിക്കെതിരെ യുദ്ധത്തിനിറങ്ങുന്നവരോടും പത്രസമ്മേളനം നടത്തി തെറിവിളിക്കുന്നവരോടും കേസ് കൊടുക്കാൻ കോടതി കയറുന്നവരോടും ശത്രുതയല്ല, പകരം യാഥാർഥ്യങ്ങളെ അംഗീകരിക്കേണ്ടുന്ന ഒരു കാലം നിങ്ങൾക്കു വരുമെന്നു മാത്രമാണ് പറയാനുള്ളത്.  

ഇരുമുടിക്കെട്ടിൽ ഉണ്ടായിരുന്നത് 

ഇരുമുടിക്കെട്ടിൽ എന്തു വേണം എന്നതിനെക്കുറിച്ചുള്ള കൃത്യമായ ധാരണയുണ്ടായിരുന്നു എന്നു മാത്രമല്ല, സാധാരണ ഇരുമുടിക്കെട്ടിൽ എന്താണ് ഉള്ളത് അതു തന്നെയായിരുന്നു എന്റേയും ഇരുമുടിയിലുണ്ടായിരുന്നത്. ആരോ പറയുന്നതു കേട്ട് ഏറ്റുപറഞ്ഞ രാഷ്ട്രീയക്കാരെപ്പറ്റി എന്തു പറയാൻ. സ്ത്രീകളെന്നു പറഞ്ഞാൽ നാപ്കിനെന്നും ആർത്തവമെന്നും സെക്സെന്നും മാത്രം ഓർമയിലെത്തുന്നവരോട് എന്തു പറഞ്ഞിട്ടും കാര്യമില്ലെന്നറിയാം. അതുകൊണ്ടായിരുന്നു മറുപടി നിശബ്ദതയിൽ ഒതുക്കിയത്. പിന്നെ ഓറഞ്ചായിരുന്നു, ആപ്പിളായിരുന്നു എന്നൊക്കെയും ആരൊക്കെയോ പറയുന്നതു കേട്ടു. 

ശബരിമലയിലെ ശുദ്ധിയെപ്പറ്റി രഹനയ്ക്കെന്തറിയാം

ഹിന്ദുമതത്തെ അറിയാൻ ഞാൻ ശ്രമിച്ചിട്ടുള്ളിടത്തോളം എന്നെ എതിർക്കുന്നവരും ആക്രമിക്കാൻ വന്നവരും അറിഞ്ഞിട്ടുണ്ടാവില്ല. ഞാൻ ജനിച്ചു വളർന്ന മത സാഹചര്യത്തിൽ നിന്നു പുറത്തു ചാടുമ്പോൾ അത് എല്ലാ മതങ്ങളെയും കുറിച്ച് പഠിക്കുന്നതിനും അങ്ങനെ ജീവിക്കുന്നതിനുമായിരുന്നു. ഞാൻ ചെറുപ്പം മുതലേ പഠിച്ചു വളർന്നത് മുസ്ലിം മതമായിരുന്നെങ്കിൽ ഞാൻ എന്റെ ഇഷ്ടത്തിനു പഠിക്കാൻ ശ്രമിക്കുകയായിരുന്നു മറ്റു മതങ്ങളെ. ഹിന്ദു മതത്തിൽ ജനിച്ചു വളർന്ന ഒരാൾക്കൊപ്പമാണ് എന്റെ ജീവിതം. അതുകൊണ്ടു തന്നെ ആ മതവും അതിന്റെ ആചാരാനുഷ്ഠാനങ്ങളും എനിക്കു നല്ല ബോധ്യമുണ്ട്. 

അപ്പോൾ വ്രതസ്ഥയായിരുന്നു എന്നാണോ?

തീർച്ചയായും, ഞാൻ ശബരിമലയിൽ പോകാൻ തീരുമാനിച്ചതു മുതൽ ഒഴിവാക്കേണ്ടതെല്ലാം ഒഴിവാക്കിയാണ് ജീവിച്ചത്. മദ്യപിച്ചു, മാംസം കഴിച്ചു, ഡാൻസ് കളിച്ചു എന്നൊക്കെ പറയുന്നവർ എവിടുന്നു കിട്ടിയ വിവരത്തിലാണ് ഇതൊക്കെ പറയുന്നതെന്ന് എനിക്കറിയില്ല. ഞാൻ ശരണം വിളിച്ച് ഡാൻസ് കളിച്ചെന്നു പറഞ്ഞൊക്കെയാണ് പ്രചാരണം. ശരീര ശുദ്ധിയോടെ തന്നെയാണ് ഞാൻ മല കയറാനെത്തിയത്. ശബരീശനെ കാണുക എന്നത് എന്റെ വർഷങ്ങളായുള്ള ആഗ്രഹമാണ്. സുപ്രീം കോടതി വിധിയിലൂടെ അതിനു സാധിക്കും എന്ന പ്രതീക്ഷയോടെ തന്നെയാണ് ശബരിമലയിലേയ്ക്ക് പുറപ്പെട്ടത്. 

ഫേസ്ബുക്കിൽ ഇട്ട ചിത്രം?

ശബരിമല വിധിയിൽ പെട്ടെന്നു തോന്നിയ പ്രതികരണം അത്തരത്തിൽ പ്രതിഫലിപ്പിച്ചൂ എന്നേ ഉള്ളൂ. ഒരു മോഡൽ എന്ന നിലയിൽ എനിക്ക് കമ്യൂണിക്കേറ്റ് ചെയ്യുന്നതിനുള്ള ഉപകരണം എന്റെ ശരീരമാണ്. അതിനെ മനസിലാക്കുന്ന ഓരോരുത്തരുടെയും മനോനില നോക്കി എനിക്കു പ്രതികരിക്കാനാവില്ല. ആ ചിത്രത്തിൽ പോലും അശ്ലീലം കണ്ടെത്തുന്ന വലിയ ഭക്തശിരോമണികളാണ് ഇവിടെയുള്ളതെന്നതാണ് നമ്മളുടെ ശാപവും. പുലികളിക്കിറങ്ങുമ്പോൾ അവിടെയും എന്റെ ശരീരം തന്നെയാണ് ഞാൻ എന്റെ നിലപാട് പ്രകടമാക്കാൻ ഉപയോഗിച്ച മാധ്യമം.

മറ്റുമതങ്ങളോടെ ഇങ്ങനെ പ്രതികരിക്കുമോ രഹന?

എന്താണു സംശയം? മുസ്‍ലിം നാമധാരിയണ് ഞാൻ എന്നതാണ് എല്ലാവരും കണ്ടെത്തുന്ന കുറ്റം. ഞാനൊരു മുസ്‍ലിം കുടുംബത്തിൽ ജനിച്ചതാണോ തെറ്റ്? പ്രായപൂർത്തിയാ എന്റെ മതം എന്റെ തീരുമാനമാണ്. ഞാൻ ഏറ്റവും ആദ്യം കലഹിക്കുന്നതും മുസ്‍‍ലിം മതത്തോടാണ്. തട്ടം വലിച്ചെറിഞ്ഞ് പ്രതികരിച്ചപ്പോൾ ഞാൻ അവർക്കു ശത്രുക്കളായിരുന്നു. എത്രയോ കാലമായി മനസുകൊണ്ട് എനിക്ക് മുസ്‍ലിം മതവിശ്വാസത്തോട് ഒരു അടുപ്പവുമില്ല. പിന്നെ എന്നെ പുറത്താക്കി എന്നൊക്കെ പറയുന്ന മഹല്ല് കമ്മറ്റിക്കാർ ഞാൻ ഏത് മഹല്ല് കമ്മറ്റിയിലാണ് ഇതുവരെ ഉണ്ടായിരുന്നത് എന്നു കൂടി പറഞ്ഞാൽ നന്നായിരിക്കും. 

ട്രാൻസ്ഫർ, പിന്നെയും ട്രാൻസ്ഫർ

അത് എന്റെ സുരക്ഷയ്ക്കായാണെന്നാണ് വിശദീകരണം. ആ വിശദീകരണത്തിൽ ഞാൻ തൃപ്തയാണു താനും. ആദ്യം രവിപുരത്തേയ്ക്കെന്നു പറഞ്ഞു, പിന്നെ ഇപ്പോൾ പാലാരിവട്ടത്തേയ്ക്കെന്നും. രണ്ടായാലും അല്ല, ആദ്യം ജോലി ചെയ്തിരുന്നിടമാണെങ്കിലും സന്തോഷം മാത്രം. പിന്നെ ഇതിലും വലിയൊരു ട്രാൻസ്ഫർ വരാനിരിക്കുന്നതേ ഉള്ളൂ.. അപ്പോൾ എനിക്കു പണി തന്നെന്ന് പറഞ്ഞ് കുറെ വർഗീയ കോമരങ്ങൾക്കും സദാചാര ഗുണ്ടകൾക്കും ആഹ്ലാദിക്കാം. അതുകൊണ്ട് ഞാൻ തൽക്കാലം വെളിപ്പെടുത്തുന്നില്ല. 

കെ. സുരേന്ദ്രനുമായി കണ്ടെന്നും ബന്ധമുണ്ടെന്നും പ്രചാരണമുണ്ടല്ലോ? 

തീർച്ചയായും. അവസരത്തിനൊത്ത് പ്രവർത്തിക്കുക എന്നു പറയുന്നത് ഒരു തെറ്റല്ലല്ലോ? ഒരാൾ അയാൾക്കു കിട്ടിയ അവസരം ഉപയോഗിച്ചു എന്നേ ഉള്ളൂ. പഴയൊരു പ്രതികാരത്തിന്റെ കഥയാണത്. അന്ന് ഓൺലൈൻ സെക്സ്റാക്കറ്റ് കേസിൽ പൊലീസ് അന്വേഷണം നടക്കുമ്പോൾ ഈ ആരോപണം ഉന്നയിച്ച ആൾക്കെതിരെ സംസാരിച്ചു,  പൊലീസിന് മൊഴികൊടുത്തു തുടങ്ങിയ നിരവധി കാരണങ്ങളുണ്ടതിന്. അന്ന് അവരുടെ നിലപാടുകളോട് യോജിക്കാൻ പറ്റാത്തതുകൊണ്ടാണ് ആ സൗഹൃദം അവസാനിപ്പിക്കുകയും പൊലീസും മാധ്യമങ്ങളും ചോദിച്ചപ്പോൾ സംസാരിക്കുയും ചെയ്തത്. പിന്നെ ഞാൻ സുരേന്ദ്രന്റെ രണ്ടാം ഭാര്യയാണ് എന്നു വരെ പറഞ്ഞവരുണ്ട്. ഇതുവരെ നേരിട്ട് പരിചയമില്ലാത്ത ഒരാളെ ചേർത്തു പറയുമ്പോൾ അതൊന്നും നമ്മളെ ബാധിക്കുകയേ ഇല്ല. 

ഇനി അടുത്ത പരിപാടി?

ഇനി അടുത്ത പ്രതിഷേധം മുസ്‍ലിം പള്ളിയിൽ, പിന്നെ ക്രിസ്ത്യൻ പള്ളിയിൽ, പിന്നെ സിക്ക് അങ്ങനെ ഷെഡ്യൂള് ചെയ്ത് പ്രതിഷേധിക്കാൻ പറ്റില്ലല്ലോ? അങ്ങനെയൊക്കെ എന്നോടു ചോദിക്കുന്നവരുണ്ട്. ഓരോ നിലപാടുകളും പ്രതികരണങ്ങളും സന്ദർഭവശാലുള്ളതാണ്. ഏതെങ്കിലും ഒരു സാഹചര്യത്തിൽ നീതി നിഷേധിക്കുന്നിടത്ത്, പ്രതികരിക്കാൻ ഉത്തരവാദിത്തമുണ്ടെന്ന് തോന്നുന്നിടത്ത് ഞാനുണ്ടാകും. ഇതിനിടെ രണ്ടുമാസത്തിലധികം പഴക്കമുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റ് റിപ്പോർട് ചെയ്ത് അക്കൗണ്ട് പൂട്ടിക്കാൻ ശ്രമം നടന്നിട്ടുണ്ട്. ഇങ്ങനെയെല്ലാം നിശബ്ദമാക്കാമെന്നാണ് പ്രതീക്ഷിക്കുന്നതെങ്കിൽ അതു വെറുതേയാകും എന്നേ പറയാനുള്ളൂ..