3000 മോഡലുകൾ, ഒരൊറ്റ ഫാഷന്‍ഷോ

എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം അത്യുഗ്രൻ മോഡലുകൾ മാത്രം. ഒന്നും രണ്ടുമല്ല, മൂവായിരത്തിലേറെപ്പേരുണ്ടായിരുന്നു ഈ ഫാഷൻ ഷോയ്ക്ക്. കൊച്ചുകുട്ടികളും ഹോളിവുഡ് താരങ്ങളും തുടങ്ങി വയോജനങ്ങൾ വരെ പങ്കെടുത്ത ഈ ഷോ നടന്നത് ഇംഗ്ലണ്ടിലെ ലിവർപൂളിൽ. വെരി ബിഗ് ക്യാറ്റ് വോക്ക് എന്നു പേരിട്ടു നടത്തിയ ഈ ഫാഷൻ ഷോയ്ക്ക് ഒരു ബഹുമതിയും ലഭിച്ചു–ലോകത്തില്‍ ഏറ്റവുമധികം മോഡലുകൾ റാംപില്‍ ക്യാറ്റ്‌വോക്ക് നടത്തിയതിന്റെ ഗിന്നസ് റെക്കോർഡ്.

യുനെസ്കോ സാംസ്കാരിക പൈതൃകപ്രദേശമായി അംഗീകരിച്ച ലിവർപൂൾ നദീതീരത്തു നടന്ന ഷോയിൽ 3651 പേരാണ് റാംപിലെത്തിയത്. ഇവരെ പ്രോൽസാഹിപ്പിക്കാനെത്തിയതാകട്ടെ ആയിരക്കണക്കിനു പേരും. 2013ൽ മെക്സിക്കോ സിറ്റി സൃഷ്ടിച്ച 3083 പേരുടെ റെക്കോർഡാണ് ലിവർപൂൾ തിരുത്തിയെഴുതിയത്. 40 മീറ്റര്‍ നീളമുള്ള റാംപിൽ ലിവർപൂളിലെ സാധാരണക്കാര്‍ വരെ മോഡലുകളായെത്തി. ഒപ്പം ഫാഷൻ രംഗത്തെ സൂപ്പര്‍മോഡലുകളും ഹോളിവുഡ് നടിമാരുമുണ്ടായിരുന്നു. ഓരോരുത്തരുടെയും വിവാഹ വസ്ത്രത്തിൽ മോഡലുകളായെത്താൻ അവസരമൊരുക്കിയതിനൊപ്പം ലോകോത്തോര ഡിസൈനർമാരുടെയും ഫാഷൻ ഡിസൈനിങ് വിദ്യാർഥികളുടെയും വസ്ത്രങ്ങളണിഞ്ഞും മോഡലുകളെത്തിയിരുന്നു.

വിന്റേജ് ഫാഷനൊപ്പം കുഞ്ഞുകുട്ടികളെയുമെടുത്ത് അമ്മമാർ റാംപിലെത്തിയതും കൗതുകമായി. ലിവർപൂളിലെ എല്ലാ ജനവിഭാഗങ്ങളുടെയും പങ്കാളിത്തത്തോടെയായിരുന്നു ക്യാറ്റ്‌വോക്ക്. ഷോയുടെ ക്രിയേറ്റീവ് ഡയറക്ടറായ വെയിൻസ് ഹെമിങ്‌വേയാകട്ടെ നഗരത്തിലെ കഷണ്ടിത്തലയന്മാരുടെ സംഘത്തെയും നയിച്ചുകൊണ്ടാണ് റാംപിലെത്തിയത്. അഴകളവുകൾ പ്രദർശിപ്പിച്ചും ജനങ്ങളെ ആവേശത്തിലാഴ്ത്തിയും എല്ലാ മോഡലുകളും നടന്നു തീർന്നപ്പോഴേക്കും നാലു മണിക്കൂറെടുത്തു സമയം. തൊട്ടുപിറകെ കരിമരുന്നു പ്രയോഗവും ഡിജെ പാർട്ടിയും. മാത്രവുമല്ല, അവിടെ നങ്കൂരമിട്ടിരുന്ന ആർഎംഎസ് ക്യൂൻ മേരി 2 എന്ന ആഡംബര കപ്പലും യാത്ര പറഞ്ഞു. സത്യത്തില്‍ ആ കപ്പലിനു യാത്രയയപ്പു നൽകാൻ വേണ്ടിയായിരുന്നു ഇത്തരമൊരു ഫാഷന്‍ ഷോ ബ്രിട്ടിഷ് ഓൺലൈൻ റീട്ടെയ്‌ലറായ വെരി ആൻഡ് കൾചർ ലിവർപൂള്‍ സംഘടിപ്പിച്ചതുതന്നെ.

ജൂലൈ നാലിനു തുടങ്ങിയതാണ് ആഘോഷം. യൂറോപ്പിൽ നിന്ന് വടക്കേ അമേരിക്കയിലേക്കുള്ള ആദ്യ കപ്പൽ സർവീസിന് 175 വയസ്സായതു പ്രമാണിച്ചായിരുന്നു ആഘോഷങ്ങളെല്ലാം. 1840 ജൂലൈ നാലിനാണ് ബ്രിട്ടാനിയ എന്ന കപ്പൽ 115 യാത്രക്കാരുമായി ആദ്യമായി ലിവർപൂൾ വിട്ടത്. ക്യൂൻ മേരി 2വിലാകട്ടെ 2600 യാത്രക്കാരുണ്ട്. കൺനിറയെ ക്യാറ്റ്‌വോക്കും കണ്ടായിരുന്നു ഇവരെല്ലാം കഴിഞ്ഞ ദിവസം യാത്രതിരിച്ചത്. യാത്ര തുടങ്ങി അൽപം കഴിഞ്ഞപ്പോഴേക്കും ലിവർപൂൾ മേയറുടെ ട്വീറ്റും എത്തി: നടന്നുനടന്ന് നമ്മൾ ലോകറെക്കോർഡ് ലിവർപൂളിലേക്കു കൊണ്ടുവന്നിരിക്കുന്നു...