ഇരുകാൽ ഇല്ലെങ്കിലും ഗുസ്തി ചാമ്പ്യൻ !

ദൈവം നമ്മിൽ എന്തെങ്കിലും കുറവു വരുത്തിയിട്ടുണ്ടെങ്കിൽ അതിനെ തരണം ചെയ്യാൻ മറ്റൊരു നല്ല കാര്യവും തീർച്ചയായും മാറ്റി വച്ചിട്ടുണ്ടാവും. അതെന്താണെന്നു കണ്ടുപിടിച്ച് പരിപോഷിപ്പിക്കുന്നിടത്താണ് വിജയം. ഇൗ ആറുവയസുകാരന്റെ കഥ ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. ജീവിതം കൊണ്ടു സ്വന്തം കുറവുകളെ തോൽപ്പിക്കുകയാണവൻ. കാലുകളില്ലാതെ പിറന്ന ഇാൗസ്റ്റ് മെഡോ സ്വദേശിയായ ഇസയ്യ ബേർഡിന് അതൊരു കുറവായി തോന്നിയിട്ടേയില്ല. കാലുകൾക്കു പകരം അവൻ മനസുകൊണ്ടു പിച്ചവയ്ക്കുകയായിരുന്നു ഗുസ്തി എന്ന സ്വപ്നത്തിലേക്ക്. ഗ്ലെൻ കോവ് പള്ളിയ്ക്കു സമീപമുള്ള ചെറുകൂരയിൽ താമസിക്കുന്ന ഇയസയ്യ അമ്മയും ഒരുവയസുകാരനായ അനുജനുമൊപ്പമാണ് താമസം.

വീൽചെയർ വാങ്ങാൻ പണമില്ലാത്തതിനാൽ കൈകൾ കൊണ്ടു തന്നെയാണ് ഇസയ്യയുടെ നടപ്പ്. ഇസയ്യയിലെ കഴിവുകൾ തിരിച്ചറിഞ്ഞ കോച്ച് മിഗ്വേൽ റോഡ്രിഗസ് ആണ് അവനെ പിടിച്ചുയർത്താൻ തീരുമാനിച്ചത്. കാലുകൾ അനിവാര്യമായൊരു കായികമല്ല ഗുസ്തിയെന്ന് അദ്ദേഹം പറയുന്നു. ഇതിനകം തന്നെ നിരവധി മാച്ചുകളിൽ ഒന്നാം സ്ഥാനവുമായി സംസ്ഥാന ടൂർണമെന്റിലേക്കും ഇസയ്യ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ജീവിതത്തോട് പടപൊരുതാനുള്ള മടിയുള്ളവർക്കും പാതിവഴിയിൽ ജീവിതം വെടിയാൻ തുനിയുന്നവരുടെയുമൊക്കെ കണ്ണുതുറപ്പിക്കുന്നതാണ് ഇസയ്യയുടെ ജീവിതം. ന്യൂയോർക് കിഡ് റെസ്ലിങ് ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനവും ന്യൂജഴ്സിയെ നാഷണൽ ടൂർണമെന്റിൽ ആറാം സ്ഥാനവുമൊക്കെ ഇസയ്യയുടെ കണ്ണഞ്ചിപ്പിക്കുന്ന നേട്ടങ്ങളാണ്.

ചിത്രത്തിനു കടപ്പാട്: ബ്ലോഗ്സ്പോട്.കോം