വാഹനത്തിനടിയിൽ നിന്നും കുഞ്ഞ് അത്ഭുതകരമായി രക്ഷപെട്ടു!

കുഞ്ഞുങ്ങളെയല്ല, ആരെ തട്ടിയിട്ടാലും കഴിവതും വേഗത്തിൽ വാഹനമോടിച്ചു സ്ഥലം കാലിയാക്കുന്ന ഡ്രൈവർമാരാണു ഇന്ന് അധികവും. കേസും പുലിവാലുമാകാതിരിക്കാൻ ഓടിയൊളിക്കുന്നവർ മൂലം നിരവധി ജീവനുകളാണ് പെരുവഴിയിൽ പൊലിയുന്നത്. ചൈനയിലെ ഫ്യുജിയാനിൽ അടുത്തിടെ സംഭവിച്ച ഒരു വാഹനാപകടവും രക്ഷപ്പെടുത്തലും ആണ് ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്. പതിനൊന്നു മാസം മാത്രം പ്രായമുള്ള കുഞ്ഞ് വാനിനടിയിൽ പെടുന്നതും വാൻ ഡ്രൈവർ തന്നെ രക്ഷിക്കുകയും ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

അമ്മയ്ക്കൊപ്പം നടന്നുവരികയായിരുന്നു ആ കുഞ്ഞ്. പെട്ടന്നാണ് അമിതവേഗത്തിൽ വന്ന ഒരു വാൻ റോഡരികിലേക്കു ചേർന്നു നിന്ന അവരെ തട്ടിയത്. ഇടിയുടെ ആഘാതത്തിൽ കുഞ്ഞ് വാഹനത്തിന് അടിയിലായി. ഉ‌ടൻതന്നെ ഡ്രൈവർ പുറത്തിറങ്ങുകയും വാഹനം ഉയര്‍ത്തിമാറ്റാൻ ശ്രമിക്കുന്നതും കാണാം. അതിനിടെ നിരവധി വഴിയാത്രക്കാർ സംഭവ സ്ഥലത്തേക്കെത്തുകയും വാഹനം എടുത്തുമാറ്റാൻ മുന്നോട്ടുവരികയും ചെയ്തു. വാഹനമിടിച്ച് നിമിഷങ്ങൾക്കുള്ളിൽ ഒറ്റക്കെട്ടായി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടതുകൊണ്ടു മാത്രമാണ് ആ കുഞ്ഞ് ഇന്ന് ജീവിക്കുന്നത്.

മുഖത്തു സാരമായ പരിക്കുകൾ ബാധിച്ച കുട്ടി അപകടാവസ്ഥ തരണം ചെയ്തതെന്നാണ് അറിയുന്നത്. വഴിയിലൊരാൾ അപകടത്തിൽ പെട്ടാൽ മുഖം തിരിച്ചു പോകുന്നവർ കാണേണ്ടതു തന്നെയാണ് ഒറ്റക്കെട്ടായ ഇൗ രക്ഷാപ്രവർത്തനം നൽകിയ വിജയം.