ജാഗ്രതൈ!!! ഇത് കണ്ടാൽ നിങ്ങൾ സെൽഫിയെടുക്കാൻ ഭയക്കും!

നിങ്ങൾ സെൽഫി ഭ്രാന്തുമായി നടക്കുന്നവരാണോ? രാവിലെയെന്നോ രാത്രിയെന്നോ ഇല്ലാതെ തിരിഞ്ഞും മറിഞ്ഞും ചിരിച്ചും ചിന്തിച്ചുമെല്ലാം സെൽഫി ആഘോഷമാക്കുന്നവരാണോ? എന്നാൽ ഇനി നിങ്ങൾ തനിച്ചായിരിക്കുന്ന രാത്രികളിൽ സെൽഫി ഒഴിവാക്കിക്കോളൂ. കാരണം നിങ്ങളെ പിൻതുടരുന്ന ഒരു അദൃശ്യശക്തി നിങ്ങളുടെ ജീവനെടുത്തേക്കാം. ഫോട്ടോയ്ക്കു വേണ്ടി പുഞ്ചിരിക്കുമ്പോഴായിരിക്കും ആ കരങ്ങൾ നിങ്ങളുടെ കഴുത്തിലമരുക. പേടി തോന്നുന്നോ..?

പറഞ്ഞു വന്നത് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വിഡിയോയെക്കുറിച്ചാണ്. സെൽഫി ഫ്രം ഹെൽ എന്നു പേരിട്ടിരിക്കുന്ന ഈ പ്രമോഷണൽ വിഡിയോ ഒന്നേമുക്കാൽ മിനിട്ടിനുള്ളിൽ കാഴ്ച്ചക്കാരെ ഭീതിയുടെ ആഴങ്ങളിലേക്ക് എത്തിക്കുന്നതാണ്.

തുടക്കത്തിൽ സുന്ദരിയായ ഒരു യുവതി രാത്രി തന്റെ വീട്ടിനുള്ളിൽ വച്ച് ചാഞ്ഞും ചരിഞ്ഞും സെൽഫിയെടുക്കുന്നതിൽ നിന്നുമാണ് വിഡിയോ തുടങ്ങുന്നത്. പക്ഷേ എടുത്ത സെല്‍ഫി വീണ്ടും നോക്കിയപ്പോഴാണ് തനിക്കു പുറകിൽ ആരോ നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. വീണ്ടും നോക്കിയപ്പോൾ അതു തോന്നലാണെന്നു മനസിലായി. പുഞ്ചിരിച്ച് മറ്റൊരു സെൽഫികൂടി എടുത്തു. പക്ഷേ ആ സെൽഫിയിലും കണ്ടു കുറച്ചുകൂടി വ്യക്തമായി ഒരു രൂപം. സെൽഫിയെടുക്കാതെ പിൻക്യാമറ വച്ചു ഫോട്ടോ എടുത്തപ്പോൾ ആരെയും കാണുന്നുമില്ല. ധൈര്യം സംഭരിച്ച് അവൾ മറ്റൊരു സെൽഫി കൂടിയെടുത്തു. പിന്നെ സംഭവിച്ചത് കാണാം നിങ്ങളുടെ സ്വന്തം റിസ്ക്കിൽ....