നമിക്കണം, ലക്ഷ്മിയുടെ ധീരതയെ

വിവാ ആൻ ദിവായ്ക്കു വേണ്ടി മോഡലിംഗ് ചെയ്ത് ലക്ഷ്മി

ഫാഷൻ, മോഡലിംഗ് രംഗങ്ങളിൽ സൈസ് സീറോ സുന്ദരികൾ മാത്രം കൊടികുത്തി വാഴുന്നതിനിടയിലേക്കാണ് തൊലിപ്പുറമേ സൗന്ദര്യത്തിനു യാതൊരു അർഥവുമില്ലെന്നു തെളിയിച്ച് ഒരു യഥാർഥ സുന്ദരി കടന്നുവരുന്നത്. ആസിഡ് ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ട ലക്ഷ്മിയെ സംബന്ധിച്ചിടത്തോളം മോഡലിംഗ് ജീവിതത്തിലാദ്യമാണ്. വിവാ ആൻഡ് ദിവാ എന്ന പ്രമുഖ ഫാഷന്‍ ബ്രാൻഡിന്റെ നിർബന്ധത്തിനു വഴങ്ങി തന്നെപ്പോലെ ആസിഡ് ആക്രമണങ്ങളെ അതിജീവിച്ച സഹോദരിമാർക്കു വേണ്ടി ലക്ഷ്മി ബ്രാൻഡ് അംബാസിഡർ ആയി ക്യാമറയ്ക്കു മുന്നിലെത്തി. വിവാ ആൻ ദിവായ്ക്കു വേണ്ടി മോഡലിംഗ് ചെയ്യുന്ന ലക്ഷ്മിയുടെ വിഡിയോയാണ് ഇപ്പോൾ ഇൻറർനെറ്റ് ലോകം ചർച്ച ചെയ്യുന്നത്.

ഒരു കാലത്ത് കണ്ണാടി പോലും കാണാൻ ഇഷ്ടപ്പെടാതിരുന്ന ലക്ഷ്മിയാണ് ഇന്ന് അണിഞ്ഞൊരുങ്ങി പുറംമോടിയിൽ കാണുന്നതു മാത്രമല്ല ചില കുറവുകളും സൗന്ദര്യം തന്നെയാണെന്നു തെളിയിക്കുന്നത്. ആസിഡ് ആക്രമണത്തിന് ഇരയായവർക്ക് ഒരു വേദിയും തൊഴിലും പ്ലാറ്റ്ഫോമുമൊക്കെ സ്റ്റൈലിലൂടെ നൽകുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് വിവാ ആൻ ദിവാ വക്താക്കൾ പറഞ്ഞു. ഫേസ് ഓഫ് കറേജ് എന്ന പേരിലാണ് ബ്രാൻഡ് ലക്ഷ്മിയെ തങ്ങളുടെ ബ്രാൻഡ് അംബാസിഡർ ആക്കിയുള്ള പ്രചരണം നടത്തുന്നത്. ആസിഡ് ആക്രമണത്തിനിരയായ മറ്റു പെൺകുട്ടികൾക്കും പ്രചോദനമാവുകയാണ് വിവാ ആൻ ദിവായും ലക്ഷ്മിയും.

വിവാ ആൻ ദിവായ്ക്കു വേണ്ടി മോഡലിംഗ് ചെയ്ത് ലക്ഷ്മി

ഭർത്താവ് അലോക് ദീക്ഷിതിനൊപ്പം സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളിലും സജീവയായി നിലനിൽക്കുന്ന ലക്ഷ്മി ഇന്ന് ഒരമ്മ കൂടിയാണ്. 2005ൽ വെറും 16 വയസു പ്രായമുള്ളപ്പോഴാണ് ലക്ഷ്മിയ്ക്കു നേരെ ആസിഡ് ആക്രമണമുണ്ടായയത്. ലക്ഷ്മിയെക്കാൾ ഇരട്ടി പ്രായമുണ്ടായിരുന്ന ഒരാളുടെ പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ വൈരാഗ്യം തീർക്കുകയായിരുന്നു. ആസിഡ് ആക്രമണത്തിനെതിരെ നടത്തിയ പ്രവർത്തനങ്ങൾ കണക്കിലെടുത്ത് 2014ൽ ലക്ഷ്മിയ്ക്ക് യുഎസിന്റെ ധീര വനിതയ്ക്കുള്ള പുരസ്കാരം ലഭിച്ചിരുന്നു.