കിടിലൻ അലാം, അലറിവിളിക്കുന്നതിനൊപ്പം ബെഡ്കോഫിയും തരും!!

അലാം ക്ലോക്കും കോഫി മെഷീനും കൂടിച്ചേർന്ന ദി ബാരിസിയർ

അതിരാവിലെ എഴുന്നേൽക്കാൻ തന്നെ പലർക്കും മടിയാണ്. വെളുപ്പാൻ കാലത്തു മൂടിപ്പുതച്ചുറങ്ങാൻ ഒരു പ്രത്യേകം സുഖം തന്നെയാണ്. അലാം മുഴങ്ങിയാലും പിന്നെയും കിടക്കും ഒരു അഞ്ചു മിനുട്ടു കൂടി. ഇനിയിപ്പോ എഴുന്നേൽക്കാമെന്നു വിചാരിച്ചാൽ തന്നെ പിന്നെയും തിരിഞ്ഞും മറിഞ്ഞും എഴുന്നേൽക്കുമ്പോഴേയ്ക്കും സമയം അതിന്റെ വഴിയ്ക്കു പോയിട്ടുണ്ടാകും. അതിനിടയിൽ ഒരു കാപ്പി വച്ചു കുടിക്കാനൊക്കെ എവിടെ സമയം. കാപ്പി കുടിച്ചില്ലെങ്കിൽ അന്നത്തെ ദിവസം പോയതു തന്നെ.. ഇങ്ങനെ ആവലാതികൾ പറയുന്നവർക്കൊരു സന്തോഷ വാർത്തയാണു പുറത്തു വരുന്നത്. മറ്റൊന്നുമല്ല സംഗതി ഒരു അലാം ക്ലോക്ക് ആണ്, പക്ഷേ ആളെ വിളിച്ചുണർത്തൽ മാത്രമല്ല ഇവന്റെ ജോലി. അലറി മുഴങ്ങുന്നതിനൊപ്പം ചൂടു ചായയും റെഡിയാക്കി വച്ചിരിക്കും ഈ വിരുതൻ.

അലാം ക്ലോക്കും കോഫി മെഷീനും കൂടിച്ചേർന്ന ദി ബാരിസിയർ

ലണ്ടൻ ആസ്ഥാനമായുള്ള ഡിസൈനർ ജോഷ് റെനൗഫ് ആണ് ഈ കണ്ടുപിടുത്തത്തിനു പിന്നിൽ. ദി ബാരിസിയർ എന്നാണു ഈ അലാം വിത് കോഫി മേക്കറുടെ പേര്. ഒരു ഗ്ലാസ് കപ്പ്, ചൂടാക്കാനുള്ള പുകക്കുഴൽ, വെള്ളം വയ്ക്കാനുള്ള പാത്രം, സ്റ്റീല്‍ ഫിൽറ്റർ എന്നിവയാണ് ഈ ബാരിസിയറിലുള്ളത്. അലാം ഓഫ് ആകുമ്പോഴേയ്ക്കും എഴുന്നേറ്റാൽ മാത്രം മതി കാപ്പി മുന്നിൽ റെഡി ആയിരിക്കും. ഇനി ഇതിന്റെ പ്രവർത്തനം എങ്ങനെയാണെന്ന് അത്ഭുതപ്പെടുന്നില്ലേ? വെള്ളം, കാപ്പിപ്പൊടി, പാൽ, പഞ്ചസാര എന്നിവ അലാം സെറ്റ് ചെയ്യുന്നതിനൊപ്പം തലേന്നുതന്നെ തയ്യാറാക്കി വച്ചിരിക്കണം. ക്ലോക്കിന്റെ ഇടതുവശത്തുള്ള പാത്രത്തിലാണ് വെള്ളം തിളയ്ക്കുക. ഇൻഡക്ഷൻ ഹോബിന്റെ പ്രവർത്തനത്തിലൂെടയാണ് വെള്ളം തിളക്കുന്നത്, ഇതു മെഷീനിലെ സ്റ്റീല്‍ പ്രതലത്തെ ചൂടാക്കുകയും നീരാവി ഉൽപ്പാദിപ്പിക്കുകയും ചെയ്യും. തുടർന്ന് പാത്രത്തിലെ വെള്ളം സമ്മർദ്ദത്താൽ സ്റ്റീൽ ഫിൽറ്ററിലേക്കു നീങ്ങുകയും ചെയ്യും. സ്റ്റീൽ ഫിൽറ്ററിൽ നേരത്തെ കാപ്പിപ്പൊടിയും പഞ്ചസാരയും തയ്യാറാക്കി വെക്കണം. ഇതു അവസാനം കാപ്പിയായി കപ്പിലേക്കു വീഴും.

പാൽ കേടാകാതെ സൂക്ഷിക്കാനായി മിൽക് സ്റ്റോറേജും ഇതിലുണ്ട്. പഞ്ചസാരയും കാപ്പിപ്പൊടിയും സൂക്ഷിക്കാനായി ചെറിയ രണ്ടു ഡ്രോകളുമുണ്ട്.പെട്ടെന്നു കിട്ടിയെങ്കില്‍ എന്നു തോന്നില്ലേ.. എന്നാൽ അൽപസമയം കൂടി ബാരിസിയറിനു വേണ്ടി കാത്തിരിക്കേണ്ടതുണ്ട്. ഒരുവർഷമായി ബാരിസിയറിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടെങ്കിലും വിപണിയിലെത്താൻ വരുന്ന 2017 വരെ കാത്തിരിക്കേണ്ടി വരുമെന്നാണു കേൾക്കുന്നത്. അതായത് ഇപ്പോഴും ഒരു കിക്ക്സ്റ്റാര്‍ട്ടർ പ്രൊജക്റ്റ് ആണെന്നു സാരം. ഇന്ത്യൻ രൂപ ഇരുപത്തിരണ്ടായിരത്തിൽ പരമാണ് ബാരിസിയറിന്റെ വില. മുൻകൂട്ടി ബുക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. രാവിലെ എഴുന്നേറ്റു ചായ തിളപ്പിക്കാനുള്ള സമയം കൂടി ഉറങ്ങാൻ പറ്റിയിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നവർക്ക് ആശ്വസമാവുന്നതാണ് ബാരിസിയർ.