പ്രസിഡന്റിനു നാക്കുപിഴച്ചു; തുണിയുപേക്ഷിച്ച് ജനം!

പ്രസിഡന്റിനു നാക്കുപിഴച്ചപ്പോൾ തുണിയുപേക്ഷിച്ച് ജോലിയ്ക്കെത്തിയ ജനം

നാക്കു പിഴയ്ക്കുന്നതിനു നമ്മുടെ നാട്ടിൽ ട്രോളലാണ് മറുപടിയെങ്കിൽ ബെലാറൂസിൽ കാര്യങ്ങൾ കുറച്ചു കടുപ്പം തന്നെയാണ്. നാടു ഭരിക്കുന്നയാളിന്റെ ആഹ്വാനം അക്ഷരാർഥത്തിൽ നടപ്പാക്കിയിരിക്കുകയാണ് പ്രജകൾ. ബെലാറൂസ് പ്രസിഡന്റ് അലക്‌സാണ്ടർ ലുക്കഷെങ്കോ ആണ് കഥാനായകൻ. അറുപത്തൊന്നുകാരനായ ലുക്കഷെങ്കോ നവസാങ്കേതിക വിദ്യയെക്കുറിച്ച് പ്രസംഗിച്ചപ്പോഴാണ് നാക്കുളുക്കി മണ്ടത്തരം പറഞ്ഞുപോയത്. ഉദ്ദേശിച്ചത് എന്തുതന്നെയായാലും നാക്കിൽനിന്നു പുറത്തുവന്നത് ഇങ്ങനെ: വസ്ത്രമുപേക്ഷിച്ച് ജോലിയെടുക്കൂ. പ്രസംഗം പുറത്തുവന്നതു മുതൽ സംഗതി ഹിറ്റായി. ആളുകൾ തുണിയില്ലാതെ ജോലി ചെയ്യുന്നതിന്റെ നൂറുകണക്കിനു ചിത്രങ്ങളാണ് ഹാഷ് ടാഗിൽ സമൂഹമാധ്യമങ്ങളിൽ പറന്നെത്തിയത്.

ബെലാറൂസ് പ്രസിഡന്റ് അലക്‌സാണ്ടർ ലുക്കഷെങ്കോ, നഗ്നരായി ജോലിയ്ക്കെത്തിയവർ

പ്രസിഡന്റ് പറഞ്ഞുവന്നത് ഇങ്ങനെയായിരുന്നു, പല സാങ്കേതിക വിദ്യയും നാം കീഴടക്കിക്കഴിഞ്ഞു. പക്ഷേ നമ്മൾ സ്വയം വികസിക്കേണ്ടിയിരിക്കുന്നു. നേരെ പറയുന്നതിനു പകരം ‘വൺ ഷുഡ് ഗെറ്റ് അൺഡ്രസ്ഡ് ഏൻഡ് വർക്’ എന്നാണു പറഞ്ഞത്. എന്തായാലും പരിഹസിക്കാൻ കാത്തിരുന്നവർക്ക് അതൊരുഗ്രൻ പിടിവള്ളി തന്നെയായിരുന്നു. പേരിനു നാണം മറച്ചും തീരെ തുണിയില്ലാതെയുമൊക്കെ ജോലിയെടുക്കുന്ന ചിത്രങ്ങൾ പെട്ടെന്നു തന്നെ എത്തിത്തുടങ്ങി.

പ്രസിഡന്റിനു നാക്കുപിഴച്ചപ്പോൾ തുണിയുപേക്ഷിച്ച് ജോലിയ്ക്കെത്തിയ ജനം

ഇലക്ട്രോണിക് കടയിലെ പെൺ ജീവനക്കാരി വെറുമൊരു കീ ബോർഡിൽ നാണം മറയ്ക്കുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തത്. മരപ്പണിക്കാരൻ ചെറിയൊരു വാൾതന്നെയാണ് നാഭിയോടു ചേർത്തു പിടിച്ചത്. വേറൊരു യുവതി ബിക്കിനിയിൽ മരംവെട്ടുകയായിരുന്നു. സംഗീത ട്രൂപ്പിന്റെ പടമാണ് ബെസ്റ്റ്. സംഗീതോപകരണങ്ങളാണ് അവർക്ക് നഗ്നത മറയ്ക്കാൻ കിട്ടിയത്. ടാറ്റൂ ആർട്ടിസ്റ്റുകൾ, പത്രപ്രവർത്തകർ എന്തിനു നിർമാണ തൊഴിലാളികൾ വരെയുണ്ട് ഐക്യദാർഢ്യം പ്രകടിപ്പിച്ചവരിൽ. പടങ്ങൾക്കു വന്ന കമന്റുകളും രസകരം തന്നെ. ചിലർക്കു ചിത്രങ്ങൾ നന്നേ ബോധിച്ചു. ഒരു രസികൻ പറഞ്ഞത് ഏതായാലും വാക്കുകൾക്കു വാളിനെക്കാൾ മൂർച്ചയുണ്ടെന്നു തെളിഞ്ഞു എന്നാണ്.