ഉടുതുണിയഴിച്ചത് നൂറിലധികം പേര്‍, ബോഡി പെയ്ന്റിങ് ഡേ വന്‍ഹിറ്റ്

ബോഡി പെയ്ന്റിങ് ഡേ ആഘോഷത്തിൽ പങ്കെടുക്കുന്ന പെൺകുട്ടി

കഴിഞ്ഞ ശനിയാഴ്ച്ചയായിരുന്നു അത്. ന്യൂയോര്‍ക്ക് നഗരത്തിലെ കാഴ്ച്ചക്കാര്‍ക്ക് കണ്ണിനിമ്പമാര്‍ന്ന കാഴ്ച്ചകള്‍ സമ്മാനിച്ച ദിനം. അന്നു നൂറിലധികം പേരാണ് ബോഡി പെയ്ന്റിങ് ഡേ ആഘോഷിക്കാനായി ന്യൂയോര്‍ക്കിലെത്തിയത്. ചുവപ്പ്, പച്ച, ഓറഞ്ച്, മജന്ത നിറങ്ങളില്‍ തങ്ങളുടെ ശരീരം അലങ്കരിക്കാന്‍ അത്യുത്സാഹത്തോടെയായിരുന്നു അവര്‍ എത്തിയത്. നൂറലധികം പേര്‍ നഗ്നരായി വാര്‍ഷിക പെയ്ന്റിങ് ഡേയില്‍ ശരീരത്തെ വര്‍ണാഭമാക്കി തീര്‍ത്തു.

അവരെ സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യത്തിന്റെയും ക്രിയാത്മകതയുടെയും ആഘോഷമായിരുന്നു അത്. യുണൈറ്റഡ് നാഷണ്‍സ് ആസ്ഥാനത്തിന് പുറത്തുള്ള മന്‍ഹട്ടനിലെ ഡഗ് ഹമ്മര്‍സ്‌കോഡ് പ്ലാസയിലായിരുന്നു ബോഡിപെയ്ന്റിങ് ഡേ. ഡബിള്‍ ഡക്കര്‍ ബസുകളിലും മറ്റും കയറി അവര്‍ നഗരം നിറഞ്ഞാടി അവരുടെ കലാസൃഷ്ടി ജനങ്ങളിലേക്കെത്തിച്ചു. നഗ്നനായി ഇരുന്നതില്‍ ഞാന്‍ സന്തോഷം കണ്ടെത്തി. ഞാന്‍ കുട്ടിയായിരിക്കുമ്പോള്‍ മുതലേ മാതാപിതാക്കളോടൊപ്പം ന്യൂഡ് ബീച്ചുകള്‍ സന്ദര്‍ശിക്കാറുണ്ടായിരുന്നു-പരിപാടിയില്‍ വളണ്ടിയാറായെത്തി സജീവമായി പങ്കെടുത്ത ഡാരിയസ് എന്ന യുവാവ് പറഞ്ഞു.

ബോഡി പെയ്ന്റിങ് ഡേ ആഘോഷത്തിൽ പങ്കെടുക്കുന്നവർ

തുണിയുടുക്കാതെ ശരീരം മുഴുവന്‍ പെയ്ന്റടിച്ചവരെ കണ്ടപ്പോള്‍ വഴിയാത്രക്കാര്‍ക്കും കൗതുകം. ഫോട്ടോയെടുത്തും വീഡിയോ ഷൂട്ട് ചെയ്തും നല്ല വാക്കുകള്‍ പറഞ്ഞും ബോഡിപെയ്ന്റിങ്ങിനെത്തിയവരെ അവരും പ്രോത്സാഹിപ്പിച്ചു. കലയിലൂടെ മനുഷ്യബന്ധങ്ങള്‍ ദൃഢപ്പെടുകയെന്ന ഉദ്ദേശ്യത്തോടെ ആര്‍ട്ടിസ്റ്റ് ആന്‍ഡി ഗോലുബാണ് ബോഡി പെയ്ന്റിങ് ഡേയ്ക്ക് തുടക്കമിട്ടത്. ബോഡിബില്‍ഡല്‍ വനേസാ ആഡംസിനെ പെയ്ന്റ് ചെയ്തായിരുന്നു അത്. പൊതുയിടത്തില്‍ നഗ്നത പ്രദര്‍ശിപ്പിക്കുന്നത് ന്യൂയോര്‍ക്ക് നഗരത്തില്‍ പൊതുവെ നിയമപരമായി അനുവദിക്കപ്പെടുന്നില്ലെങ്കിലും കലയ്‌ക്കോ കലയുമായി ബന്ധപ്പെട്ട മറ്റു പെര്‍ഫോമന്‍സുകള്‍ക്കോ ആണെങ്കില്‍ തുണിയഴിക്കുന്നതില്‍ പ്രശ്‌നമില്ല.

എന്നാല്‍ ബോഡിപെയ്ന്റിംഗ് പ്രൊജക്റ്റ് നടത്തിയതിന് ഗോലുബിനെയും മോഡല്‍ സിയോയെയും 2011ല്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുമുണ്ട്. എന്നാല്‍ പിന്നെ എന്തായി എന്നു മാത്രം ചോദിക്കരുത്. അറസ്റ്റ് ചെയ്തതിനുള്ള ശിക്ഷയായി നഗരം ഭരിക്കുന്നവര്‍ക്ക് ഗോലുബിന് കൊടുക്കേണ്ടി വന്നത് 15,000 ഡോളറാണ്. പോരെ പൂരം, പിന്നെ പെയ്ന്റിങ്ങിനായി തുണി അഴിക്കുന്നവരെ തൊടാന്‍ ധൈര്യപ്പെട്ടിട്ടില്ല പൊലീസ്. ന്യൂയോര്‍ക്കിന് പുറമെ ആംസ്റ്റര്‍ഡാമിലും നടക്കുന്നുണ്ട് പരിപാടി. ബ്രസല്‍സിലും ഉടന്‍ തുടങ്ങാനുള്ള പദ്ധതിയിലാണ് സംഘാടകര്‍.