ബോഹോ ചിക്, അതാണ് ട്രൻഡ് ഇഷ്ടാ...

ബോഹോ ചിക് എന്നു പറ‍ഞ്ഞാൽ ഫാഷന്റെ പുതുതലമുറയ്ക്ക് പെട്ടെന്നു പിടികിട്ടും. എന്നാൽ ബൊഹീമിയൻ സ്റ്റൈൽ എന്നു പറഞ്ഞാലേ പഴമക്കാർക്കു കാര്യം മനസിലാകൂ. നിലവിലെ ഹോട്ട് ട്രെൻഡ് ആണ് ബോഹോ ചിക് എങ്കിലും പതിറ്റാണ്ടുകൾ പഴക്കമുണ്ട് ഈ സ്റ്റൈലിന്. ഫ്രെഞ്ച് വിപ്ലവത്തിന്റെ അവസാനകാലത്ത് അന്നത്തെ എഴുത്തുകാരും കലാകാരന്മാരും ബുദ്ധിജീവികളുമായി ബന്ധപ്പെട്ട് ഉടലെടുത്തതാണ് ബൊഹീമീയൻ സ്റ്റൈൽ. ക്രിയേറ്റിവിറ്റിയെ അടിസ്ഥാനപ്പെടുത്തിയും വ്യവസ്ഥകളോടു കലഹിച്ചുമുള്ള വസ്ത്രധാരണ രീതി, പക്ഷേ കാലം പിന്നിട്ടപ്പോൾ സ്റ്റൈലിങ്ങിന്റെ അവസാനവാക്കായി.

പ്രകൃതിദത്ത ഫാബ്രിക് ഉൾപ്പെടുത്തിയ ലൂസ് ക്ലോത്തിങ്, കളർഫുൾ സ്കാര്‍ഫ്സ്/ സൺ ഗ്ലാസസ്, ട്യൂണിക്സ്, ലൂസ് ട്രൗസേഴ്സ്, ബൂട്ട്സ്, സാൻഡൽസ്, പേർഷ്യ, ഇന്ത്യ, ടർക്കി, ചൈന എന്നിവിടങ്ങളിലെ എത്‌നിക് ഡിസൈനകളും റോബ്സും, ലെയറിങ് – വസ്ത്രങ്ങൾ വിവിധ ലെയറുകളായി ധരിക്കൽ, വസ്ത്രങ്ങൾ പതിവില്ലാത്തവിധം മിക്സ് ആൻഡ് മാച്ച് ചെയ്തു ധരിക്കുക, പ്രിന്റുകളും കളർ കോംബിനേഷനുകളും വ്യത്യസ്തമായി മിക്സ് ചെയ്യുക, പല ലെയറുകളായുള്ള മാലകൾ, ബാംഗിൾ ബ്രേസ്‌ലൈറ്റുകൾ, ഹാൻഡ് ക്രാഫ്റ്റ്ഡ് ജ്വല്ലറി, വലിയ വളയങ്ങളുള്ള, അല്ലെങ്കിൽ നീളം കൂടിയ കമ്മലുകൾ, പെയ്‌സ്‌ലി, ഫ്ലവറി ഫാബ്രിക്സ് എന്നിവയാണ് ബോഹോ ചിക് സ്റ്റൈലിന്റെ പ്രധാന ഘടകങ്ങൾ.

ബോളിവുഡ് ചിത്രങ്ങളിലെ ഇൻഡോ– വെസ്റ്റേൺ, എത്‌നിക് ഫ്യൂഷൻ സ്റ്റൈലിങ്ങിലൂടെ ബോഹിമീയൻ ലൂക്ക് കുറെക്കൂടി സ്റ്റൈലിഷായി ബോഹോ ചിക് ആയി, ഇന്നത്തെ ട്രെൻഡ് കീഴടക്കുകയും ചെയ്തു.