Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇവളുടെ പോലീസ് കുരയിൽ ആരും ഫ്ലാറ്റ്!!!

Bruce കേരള പൊലീസിലെ ഏക നർക്കോട്ടിക് ഡോഗ് ബ്രൂസ്, ഇടുക്കി ഡോഗ്സ്ക്വാഡിലെ പരിശീലകർ പോലീസ് നായ്ക്കൾക്കൊപ്പം

അപരിചിതർ മുറിയിലേക്കു കയറിവന്നാൽ കഴുത്തിലെ ചുവന്ന ബെൽറ്റ് ഒന്നു കുലുക്കി, തല ചെരിച്ച് കണ്ണു ചുവപ്പിച്ചൊന്നു നോക്കും, ബ്രൂസ്. പിന്നെ തൂങ്ങിക്കിടക്കുന്ന ചെവികൾ വട്ടത്തിൽ കറക്കി മണംപിടിച്ചുകൊണ്ട് പതിയെ അടുത്തേക്കു വരും. എന്തെങ്കിലും പന്തികേടു മണത്താൽ അവളുടെ ഭാവം മാറും. കൈകാലുകൾ പുറകോട്ടാഞ്ഞ്, നിലത്തമർന്നിരുന്ന് ഒറ്റക്കുതിപ്പ്, ദേഹത്തേക്കു ചാടിവീണ് ചെവി പൊട്ടുമാറുറക്കെ ഒരു പോലീസ് ബൗ ബൗ! എത്ര ധൈര്യശാലിയും ആ പൊലീസ് കുരയിൽ ഫ്ലാറ്റ്. അതാണു ബ്രൂസ് എന്ന പെൺ ലാബ്രഡോർ. കേരള പൊലീസിലെ ഏക നർക്കോട്ടിക് ഡോഗ്.

ഇടുക്കിയിലാണു ബ്രൂസിന്റെ ആദ്യ നിയമനം. കഴിഞ്ഞ ഏപ്രിൽ ഒൻപതിനു തൃശൂർ സ്റ്റേറ്റ് ഡോഗ് ട്രെയിനിങ് സ്കൂളിലെ ക്ലാസ് കഴിഞ്ഞു പരീക്ഷയും പാസ്സായി ബ്രൂസ് ഹൈറേഞ്ചിലെത്തി.

കേരള പൊലീസിന്റെ ചരിത്രത്തിൽ ഇടം പിടിച്ച നായയാണു ബ്രൂസ്. ലഹരിമരുന്നുകൾ മണംപിടിച്ചു കണ്ടുപിടിക്കാൻ പ്രത്യേക പരിശീലനം നേടിയ ഡോഗ് സ്ക്വാഡിലെ ആദ്യത്തെ അംഗം. നിലവിൽ ഈ രംഗത്തു വൈദഗ്ധ്യമുള്ള മറ്റു നായകളൊന്നും സംസ്ഥാന പൊലീസിൽ ഇല്ല. ഇപ്പോൾ 14 മാസമാണു ബ്രൂസിന്റെ പ്രായം. കഴിഞ്ഞ ദിവസം കുമളിയിൽ ബൈക്കിൽ കൊണ്ടുവന്ന കഞ്ചാവ് മണത്തു പിടിച്ചതോടെയാണ് ഇവളുടെ മിടുക്കു പുറംലോകമറിഞ്ഞത്. അതിർത്തി ചെക്ക്പോസ്റ്റ് കടന്നുവന്ന ബൈക്കിൽ കഞ്ചാവ് മണത്ത ബ്രൂസ് പുറകെ ഓടി. പൊലീസ് പരിശോധന കഴിയുന്നതു വരെ അവൾ ബൈക്ക് കടത്തി വിട്ടില്ല. ഇപ്പോൾ കമ്പത്തുനിന്നു കുമളി, കമ്പംമെട്ട് വഴി കഞ്ചാവ് കൊണ്ടുവരുന്നവരുടെ പേടിസ്വപ്നമാണു ചെക്ക്പോസ്റ്റിനു സമീപം മണംപിടിച്ചു നടക്കുന്ന ബ്രൂസ്.

മൂന്നു മാസം പ്രായമുള്ളപ്പോൾ പൂഞ്ഞാറിലെ ഓറഞ്ച് കെന്നൽസിൽ നിന്നാണു 19,000 രൂപ നൽകി ബ്രൂസിനെ പൊലീസിലെടുക്കുന്നത്. ബ്രൂസ് എന്നത് ഇവളുടെ വിളിപ്പേരാണ്. ഔദ്യോഗിക നാമം നീലി. ഐജി സുരേഷ് രാജ് പുരോഹിത് ആണ് ആ പേരിട്ടത്.

പൊലീസിലെടുത്ത് ഒരുമാസം കഴിഞ്ഞപ്പോൾ മുതൽ പരിശീലനം ആരംഭിച്ചു. കഞ്ചാവും മറ്റു ലഹരിവസ്തുക്കളും മണംപിടിച്ചു കണ്ടെടുക്കാനാണു ബ്രൂസിനെ പരിശീലിപ്പിച്ചത്. വാഹനത്തിലും ലഗേജിനുള്ളിലും ഒളിപ്പിച്ച ലഹരിവസ്തുക്കളും മണ്ണിനുള്ളിൽ കുഴിച്ചിട്ട ലഹരിവസ്തുക്കളും ബ്രൂസ് പെട്ടെന്നു തന്നെ മണം പിടിച്ചു കണ്ടുപിടിക്കും.

ചെറുതോണിയിലെ സർക്കിൾ ഇൻസ്പെക്ടർ ഓഫിസിനു സമീപമുള്ള കെന്നലിലാണു (നായ്ക്കൂട്) ബ്രൂസിന്റെ താമസം. ഒപ്പം കൂട്ടുകാർ ഇടുക്കി ഡോഗ് സ്ക്വാഡിലെ മറ്റ് അഞ്ചു നായ്ക്കൾ കൂടിയുണ്ട്. ഫാനും ട്യൂബ് ലൈറ്റും ഫിറ്റ് ചെയ്തു മനോഹരമായി ടൈൽ വിരിച്ച എ ക്ലാസ് മുറിയിലാണ് ഉറക്കം.

വിദേശ ജനുസ്സുകളിൽപെട്ട നായ്ക്കളായതിനാൽ ഹൈറേഞ്ചിലെ ചെറുചൂടുപോലും ബ്രൂസിനും കൂട്ടർക്കും അസഹനീയമാണ്. രാവിലെ ആറരയ്ക്ക് ട്രെയിനർമാർ വിളിച്ചെഴുന്നേൽപ്പിച്ചു നേരെ പ്രാഥമിക കൃത്യങ്ങൾക്കായി കൊണ്ടുപോകും. ശേഷം കൂട്ടുകാരായ ഫിഡോ, സ്വീറ്റി, ജെനി, സ്റ്റെഫി, ചന്തു എന്നിവർക്കൊപ്പം കൃത്യം 6.45ന് പരേഡ് ഗ്രൗണ്ടിൽ. ഡ്യൂട്ടി ഇല്ലാത്ത ദിവസം മറ്റു നായ്ക്കൾക്കൊപ്പം 11.30 വരെ പരിശീലനമാണ്. ദിവസവും അര ലീറ്റർ പാലും 700 ഗ്രാം പെഡിഗ്രി തീറ്റയും നൽകും. ഭക്ഷണം കുശാലായതിനാൽ ബ്രൂസിന് ഇപ്പോൾ 33 കിലോ തൂക്കമുണ്ട്. പത്തു ദിവസം കൂടുമ്പോൾ കുളിപ്പിക്കും. നല്ല ചൂടുള്ള ദിവസങ്ങളിൽ കുളിയുടെ ഇടവേള കുറയ്ക്കും.

കുമളി, കമ്പംമെട്ട് ചെക്ക്പോസ്റ്റുകളിലാണു ബ്രൂസിന്റെ ഡ്യൂട്ടി. ദിവസവും രാവിലെ ചെക്ക്പോസ്റ്റിലെത്തി കഞ്ചാവ് കടത്തുകാരെ പിടിച്ചു സന്ധ്യ മയങ്ങുമ്പോഴാണു തിരിച്ചു ചെറുതോണിയിലെത്തുക. തുടർച്ചയായി ജോലി ചെയ്യേണ്ടതു മൂലം ബ്രൂസിനു ജില്ലാ പൊലീസ് മേധാവി കെ.വി. ജോസഫ് ശനിയും ഞായറും അവധി നൽകിയിരിക്കുകയാണ്. രഞ്ജിത് മോഹൻ, സോമി മാർക്കോസ് എന്നിവരാണു ബ്രൂസിന്റെ ചുമതലക്കാർ. സ്വീറ്റിയും ജെനിയും, സ്റ്റെഫിയും ട്രാക്കർ (മോഷണം, കൊലപാതകം എന്നിവയ്ക്കു തുമ്പുണ്ടാക്കുന്ന) ഇനത്തിൽപ്പെട്ട നായ്ക്കളാണ്. ഫിഡോ, ചന്തു എന്നിവർ സ്നിഫർ (ബോംബ് കണ്ടുപിടിക്കുന്ന ഇനം) നായ്ക്കളും. സജി ജോൺ, ബിജു, സുനിൽ കുമാർ, സാബു, ജെറി, രതീഷ്, മണിയൻ, ജൂഡ്സൺ എന്നിവരാണു ഇടുക്കി ഡോഗ് സ്ക്വാഡിലെ മറ്റു പരിശീലകർ. ജില്ലാ പൊലീസ് മേധാവി കെ.വി. ജോസഫിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഡോഗ് സ്ക്വാഡിന്റെ ചുമതല എഎസ്ഐ ചാക്കോ ഫ്രാൻസിസിനാണ്. ഡോഗ് സ്ക്വാഡിലെ എല്ലാ നായ്ക്കളും ലാബ്രഡോർ ഇനത്തിൽപ്പെട്ടവരാണ്. അതിനാലാവും ഇവർക്കിടയിൽ നല്ല സൗഹൃദമാണെന്നു ട്രെയിനർമാർ പറയുന്നു.

നായകൾക്കുമുണ്ടൊരു സല്യൂട്ട്!

പൊലീസ് നായ്ക്കൾക്കും സല്യൂട്ട് ഉണ്ട്. നിലത്ത് പതിഞ്ഞുകിടന്ന് മുൻകൈകളിൽ തല അമർത്തിവയ്ക്കുന്നതാണ് സല്യൂട്ട്. പരിശീലന പരിപാടിക്കിടയിൽ പ്രത്യേക ഇനങ്ങൾ ഓരോന്നും അവതരിപ്പിക്കുന്നതിനു മുൻപ് സല്യൂട്ട് നിർബന്ധം. പൊലീസ് സേനാംഗങ്ങളെ പോലെ ലെഫ്റ്റ്... റൈറ്റ്... ലെഫ്റ്റ്... മാർച്ച് പാസ്റ്റുമുണ്ട്. പൊലീസ് നായ്ക്കൾക്കു നേരത്തെയുണ്ടായിരുന്ന റാങ്ക് പിന്നീട് എടുത്തു കളഞ്ഞു. നേരത്തെ ഡിവൈഎസ്പി റാങ്കുള്ള പട്ടികൾ വരെ ഉണ്ടായിട്ടുണ്ടെങ്കിലും ഇപ്പോള്‍ ഒരു പൊലീസ് നായയ്ക്കും റാങ്കില്ല. എങ്കിലും ഇവ ജീവിതത്തോട് വിടപറയുമ്പോൾ ആദരസൂചകമായി ഗാർഡ് ഓഫ് ഓണർ നൽകുന്ന പതിവുണ്ട്.

Your Rating: