Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹെൽമറ്റ് എടുത്തത് ജീവൻ രക്ഷിക്കാന്‍; പൊലീസുകാരന്റെ കുറിപ്പ് വൈറൽ

police-helmet-new

ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ടു നടന്ന അക്രമത്തിൽ പ്രതിഷേധക്കാരുടെ ഹെൽമെറ്റ് മോഷ്ടിച്ചെന്ന ആരോപണത്തിന് മറുപടിയുമായി പൊലീസുകാരൻ. ലാത്തിച്ചാർജിനിടെ ബൈക്കിൽനിന്നു ഹെൽമെറ്റ് എടുക്കുന്ന പൊലീസുകാരന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെ സമരാനുകൂലികൾ ഇത് ഏറ്റെടുക്കുകയും ചെയ്തിരുന്നു.

എന്നാൽ അതു മോഷണമായിരുന്നില്ലെന്നും പ്രതിഷേധക്കാരുടെ കല്ലേറിൽ നിന്നും രക്ഷപെടാൻ വേണ്ടി എടുത്തുപോയതാണെന്നും പൊലീസുദ്യോഗസ്ഥനായ അഗസ്റ്റിൻ ജോസഫ് പറയുന്നു. ഭക്തരാണ് പ്രതിഷേധിക്കുന്നതെന്ന് കരുതിയാണ് ഹെൽമറ്റ് എടുക്കാതെ ഡ്യൂട്ടിക്ക് പോയത്. ഹെല്‍മറ്റ് കള്ളനെന്ന ആരോപണം ശക്തമാകുന്ന സാഹചര്യത്തിലാണ് ഫെയ്സ്ബുക്കിലൂടെ അഗസ്റ്റിന്റെ വിശദീകരണക്കുറിപ്പ്. 

കുറിപ്പിന്റെ പൂർണരൂപം: 

‘‘ഞങ്ങളെയും കാത്തിരിക്കാൻ വീട്ടിൽ അമ്മയും അപ്പനും എല്ലാം ഉണ്ട്... മഴ പെയുന്നതിനേക്കാളും വേഗത്തിലാണ് ഞങ്ങൾക്ക് നേരെ പാറക്കല്ലുകൾ വന്നത്. അതിൽ നിന്നും രക്ഷപെടുന്നതിനു അപ്പോൾ കണ്ടത് ഹെൽമെറ്റ്‌ മാത്രമാണ്. അതെടുത്തു വെച്ച് അതിൽ തെറ്റായി ഒന്നും തോന്നിയതും ഇല്ല. പിന്നെ, ഞങ്ങൾക്ക് നേരെ കല്ലേറ് നടത്തിയത് ഭക്തർ അല്ല എന്ന് പ്രത്യേകം പറയേണ്ട കാര്യവും ഇല്ല... എന്റെ കൂടെ ഉള്ള പലരും ഇപ്പോൾ ഹോസ്പിറ്റലിൽ ആണ്. അവരെ കുറിച്ച് ഒരു മാധ്യമങ്ങളും പറഞ്ഞു കാണില്ല. ചർച്ചയും ചെയ്യില്ല.. ജീവനിൽ കൊതി ഉള്ളത് കൊണ്ടാ ഹെൽമെറ്റ്‌ എടുത്തത്. അല്ലാതെ മോഷ്ടിച്ചതല്ല. പോലീസിനെ കല്ലെറിയുന്നവരും വീട്ടിൽ ഇരുന്നു ചീത്ത വിളിക്കുന്നവരും ഒന്ന് ആലോചിക്കുക, ഞങ്ങളും മനുഷ്യരാണ്. ഞങ്ങൾക്കും കുടുംബം ഉണ്ട്.’’