വണ്ണം കുറയ്ക്കാൻ ഒരുഗ്രൻ വിദ്യയുമായി ചൈനക്കാരൻ !

വണ്ണം കുറയ്ക്കാൻ സിമന്റു കട്ടയുമേന്തി നടക്കുന്ന കോങ് യാൻ

അമിതവണ്ണം മൂലം പ്രശ്നം അനുഭവിക്കുന്നവരുടെയെണ്ണം ദിനംപ്രതി വർധിച്ചു കൊണ്ടിരിക്കുകയാണ്. മോഡലുകളെപ്പോലെ സുന്ദരിമാരും സുന്ദരന്മാരും ആകണമെന്നായിരിക്കും ഉള്ളിലെ ആഗ്രഹമെങ്കിലും പലരുടെയും ശരീരം അതിനോടു മുഖം തിരിച്ച മട്ടാണ്. വ്യായാമം ചെയ്യാനുള്ള മടിയും ഭക്ഷണത്തോടുള്ള നിയന്ത്രണമില്ലായ്മയും ചിലരിൽ പാരമ്പര്യവുമൊക്കെ അമിതവണ്ണത്തിനുള്ള കാരണക്കാരാണ്. വണ്ണം ഒരു പ്രശ്നമായിരിക്കുന്ന ഈ കാലത്ത് ചൈനയിൽ നിന്നുള്ള ഒരാൾ തന്റെ വണ്ണം കുറച്ച കഥ കേട്ടാൽ ഒന്നു ഞെട്ടിപ്പോകും.

അമ്പത്തിനാലുകാരനായ കോങ് യാൻ ആണ് തീർത്തും വ്യത്യസ്തമായാരു രീതിയിൽ തന്റെ വണ്ണം കുറച്ചത്. സാധാരണ രീതിയിലുള്ള വണ്ണം കുറയ്ക്കലിൽ നിന്നും വ്യത്യസ്തമായി സിമന്റുകട്ട തലയിലേന്തി നടന്നാണ് കോങ് യാൻ വണ്ണം കുറച്ചത്. ഒന്നും രണ്ടും കിലോയല്ല മറിച്ച് 40 കിലോ ഭാരമുള്ള സിമന്റു കട്ട തലയിലേന്തിയാണു കോങ് യാൻ നടന്നത്. വർഷങ്ങൾക്കു മുമ്പു തുടങ്ങിയതാണ് ഈ ഭാരമേന്തിയുള്ള വണ്ണം കുറയ്ക്കൽ പ്രക്രിയ. നാലു വർഷം മുമ്പ് 115 കിലോയിലെത്തി നില്‍ക്കുന്ന കാലത്താണ് ഏതുവിധേനയും വണ്ണം കുറയ്ക്കണമെന്ന ചിന്ത വരുന്നത്.

വണ്ണം കുറയ്ക്കാൻ സിമന്റു കട്ടയുമേന്തി നടക്കുന്ന കോങ് യാൻ

അങ്ങനെയാണ് ചൈനയിലെ ജിലിൻ നഗരത്തിലൂടെ 1500 മീറ്റർ ദൂരം ഭാരം തലയിലേന്തി നടക്കാൻ തീരുമാനിക്കുന്നത്. ഇതു പിന്നീടു ദിനചര്യയുടെ ഭാഗമാക്കുകയും ചെയ്തു. ആദ്യം പതിനഞ്ചു കിലോ ഭാരമുള്ള സിമന്റു കട്ടകൾ തലയിൽ വച്ചാണു തുടങ്ങിയതെങ്കിൽ പിന്നീടത് 40 കിലോയിലേക്കെത്തി. കോങ് യാന്റെ വണ്ണം കുറയ്ക്കൽ രീതിയിന്നു സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഇനി തന്റെ രീതിയെ ഭ്രാന്തമെന്നു വിശേഷിപ്പിക്കുന്നവർക്ക് വെറും ഒരുവർഷം കൊണ്ടു 30 കിലോ കുറച്ചതിന്റെ മറുകഥയാണ് കോങ് മറുപടി നൽകുക.

ഒറ്റനോട്ടത്തിൽ വെറൈറ്റിയെന്നു തോന്നുമെങ്കിലും കഠിനാധ്വാനത്തിന്റേതു കൂടിയാണ് കോങിന്റെ ഈ വഴി. ഇനി വണ്ണം കുറയുന്നില്ലെന്നു പരാതിപ്പെടുന്നവർ ഒരൽപം കഷ്ടപ്പെടാൻ തയ്യാറായാൽ പണം ജിമ്മിലും മറ്റു പരിശീലന കേന്ദ്രങ്ങളിലും കളയാതെ തന്നെ വണ്ണം കുറയ്ക്കാം.