മൊബൈൽ വഴി പ്രാർഥന കേൾക്കുന്ന ഗണപതി ഭഗവാൻ !

 ജൂനാ ചിന്താമന്‍ ക്ഷേത്രത്തിലെ ഗണപതി പ്രതിഷ്ഠ

ഇതു ഹൈടെക് യുഗമാണല്ലോ. എന്തിനും ഏതിനും സാങ്കേതിക വിദ്യയെ ആശ്രയിക്കുന്ന ഈ കാലഘട്ടത്തിൽ പിന്നെ ദൈവങ്ങളും അങ്ങനെ ആകണ്ടേ ? എങ്കിൽ അത്തരത്തിലുള്ളൊരു ഹൈടെക് ദേവന്റെ അനുഗ്രത്തെക്കുറിച്ചതാണ് ജൂനാ ചിന്താമന്‍ എന്ന ക്ഷേത്രം പറയുന്നത്. ഇന്‍ഡോറിലെ ജൂനാ ചിന്താമന്‍ ആയിരത്തിലധികം വര്‍ഷം പഴക്കമുള്ള ഒരു ക്ഷേത്രമാണ്.  പൂര്‍ണ്ണമായും കല്ലിലാണ് ഈ ക്ഷേത്രം നിർമിച്ചിരിക്കുന്നത്. ഗണപതിയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ഈശ്വരനോട് സങ്കടങ്ങൾ ബോധ്യപ്പെടുത്താനും പരാതിപറയാനും ഇനി ക്ഷേത്രത്തിൽ എത്താൻ സാധിച്ചില്ലെങ്കിൽ വിഷമിക്കണ്ട. ജൂനാ ചിന്താമന്‍ ക്ഷേത്രത്തിലെ ഗണപതി ഭക്തരുടെ പ്രാർഥന കേൾക്കും. എങ്ങനെയെന്നോ? മൊബൈലിലൂടെ!!

ഭക്തർ വീട്ടിലിരുന്ന് ഒന്നു വിളിച്ചാല്‍ മതി. അമ്പലത്തിൽ  പ്രതിഷ്ഠയോടൊപ്പം ഒരു മൊബൈല്‍ ഫോണും ഉണ്ടാവും. ആ ഫോണിലേക്കു വിളിച്ച് പറയുന്ന പ്രാര്‍ഥനകള്‍ ഗണപതി  ചെവികൊള്ളുന്നു എന്നാണു വിശ്വാസം. ഭക്തരുടെ വിളികൾ വരുന്നതിനനുസരിച്ചു പൂജാരി ഫോൺ എടുത്തു ഗണപതിയുടെ ചെവിയോട് ചേർത്തു വയ്ക്കും. ഇനി ഭക്തർക്ക് വിഷമതകൾ പറഞ്ഞു തുടങ്ങാം. 

പ്രതിദിനം നാനൂറിലധികം ഫോൺകോളുകളാണ് ഗണപതിയ്ക്കു വരുന്നത്. ഇൻഡോറിൽ നിന്നു മാത്രമല്ല മറിച്ചു വിദേശത്തുനിന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമെല്ലാം ഗണപതി ഭഗവാനെ തേടി കോളുകൾ എത്തുന്നുണ്ട്. വിചിത്രമായ ആചാരം എന്നു പറയാൻ വരട്ടെ. ഈ ക്ഷേത്രം പണ്ടുമുതൽ തന്നെ ഇങ്ങനെയായിരുന്നു. എന്നാൽ അന്നൊക്കെ കത്തെഴുതുകയായിരുന്നു പതിവ്. കാലം മാറിയപ്പോൾ കത്തെഴുത്ത് നിർത്തി പകരം ഫോൺ വിളിയാക്കി എന്നുമാത്രം.