സ്റ്റൈലായി കാലിന്മേൽ കാൽ കയറ്റി വച്ചിരുന്നോളൂ, പണി പുറകെ വന്നോളും!!!

Representative Image

പണ്ടൊക്കെ, പ്രത്യേകിച്ചു പെണ്‍കുട്ടികൾ ഒരു കാലിനു മുകളിൽ മറ്റൊരു കാൽ വച്ചിരുന്നാല്‍ അമ്മമാർ ഉറഞ്ഞുതുള്ളി വരും, പെൺകുട്ടികളാണെന്ന വിചാരമില്ലേ, മര്യാദയ്ക്കിരുന്നുകൂടേ തുടങ്ങിയ വാക്കുകളുമായി. ഇന്ന്, യുവതലമുറക്ക് ഏറ്റവും കംഫർട്ടബിൾ ആയ ഇരുത്തം എങ്ങനെയാണെന്നു ചോദിച്ചാൽ അതിനൊറ്റ ഉത്തരമേ കാണു, അതു കാലിനുമുകളിൽ കാല്‍ കയറ്റി വച്ചിരിക്കുന്നതാണ്. അവാർഡ്- ഫാഷൻ നിശകളെല്ലാം ശ്രദ്ധിച്ചാൽ കാണാം ഭൂരിഭാഗം പേരും ഇരിക്കുന്നത് കാലിൻമേൽ കാൽ കയറ്റി വച്ചാണ്. സംഗതി നമുക്കൊരു റിലാക്സ് നൽകുമെന്നതു ശരിയാണെങ്കിലും പഴമക്കാർ പറഞ്ഞതിലും കുറച്ചു കാര്യമുണ്ടെന്നതു പറയാതെവയ്യ. ശാസ്ത്രീയ തലം നോക്കുകയാണെങ്കിൽ ഇത്തരത്തിൽ ഇരിക്കുന്നത് ശരീരത്തിനു ദോഷകരമാണ്. ഒരു കാൽ മുട്ടിനു മുകളിൽ മറുകാൽ വച്ച് ഏറെ നേരം ഇരിക്കുന്നത് പാരാലിസിസിലേക്കു നയിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.

കാലുകൾ പിണച്ചു വച്ചിരിക്കുന്നതും ആരോഗ്യത്തിനു ഹാനികരമാണ്. അത്, സുഗമമായ രക്തചംക്രമണത്തെ ബാധിക്കുകയും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും. മസിലുകൾ വേണ്ട‌ വിധത്തിൽ ചലിപ്പിക്കാതെയും മണിക്കൂറോളം സന്ധികൾ ചലിപ്പിക്കാതെയും ഇരിക്കുന്നതുവഴി രക്തത്തിന്റെ ഒഴുക്കിനെ തടസപ്പെടുത്തി രക്തസമ്മർദ്ദത്തിനിട വരുത്തുകയും ചെയ്യും.

കാലിൻമേൽ കാൽ കയറ്റി വച്ചിരിക്കുന്നതും കാലുകൾ പിണച്ചിരിക്കുന്നതും വെരിക്കോസ് വെയിനിനുള്ള സാധ്യതയും കൂട്ടും. മാത്രമല്ല, ഇത്തരത്തിലുള്ള ഇരുപ്പ് തുടയ്ക്കുള്ളിലെ മസിലിനെ ചെറുതാക്കുകയും തുടയ്ക്കു പുറത്തെ മസിലിനെ വലുതാക്കുകയും ചെയ്യും. ഇതു സന്ധികളുടെ സ്ഥാനം തെറ്റിക്കുകയും പെൽവിക് ഇംബാലൻസിലേക്കു നയിക്കുകയും ചെയ്യും. സ്ത്രീകളുടെ പുറകുവശത്തിനു വളവു വരാനും നടുവേദനയ്ക്കും ഇത്തരത്തിലുള്ള സിറ്റിങ് പൊസിഷനുകൾ കാരണമാകുന്നുണ്ട്. ഇനി സ്റ്റൈലായി കാലിന്മേല്‍ കാൽ കയറ്റി വച്ചിരിക്കുമ്പോൾ ശ്രദ്ധിക്കുമല്ലോ അതിനു പിന്നിലെ ഒളിച്ചിരിക്കുന്ന അപകടങ്ങളെക്കുറിച്ച്....