ഒരു പെൺകുട്ടിയെ 18 തവണ ഫോട്ടോഷോപ്പ് ചെയ്താൽ...

സൗന്ദര്യ സങ്കൽപമെന്നൊരു സംഗതിയുണ്ട്. അതൊരു സങ്കൽപം മാത്രമാണോ എന്ന കാര്യത്തിൽ ഇപ്പോഴും സംശയമാണ്. അതായത് ഒരാളുടെ കാഴ്ചപ്പാടിൽ സുന്ദരിയും സുന്ദരനുമായിരിക്കുന്ന കക്ഷി വേറൊരാൾക്ക് സൗന്ദര്യമുള്ളതായി തോന്നില്ല. ഐശ്വര്യറായി സുന്ദരിയാണെന്ന് ചിലർ പറയുമ്പോൾ അല്ല, മല്ലിക ഷെരാവത്തിനാണ് കൂടുതൽ ഗ്ലാമർ എന്നു മറ്റു ചിലർ പറയുന്നത് ഈ സൗന്ദര്യസങ്കൽപ വ്യത്യാസം കൊണ്ടാണത്രേ!

ഓരോരുത്തരുടെയും ജീവിതസംസ്കാരവും വളർന്നുവന്ന ചുറ്റുപാടുകളുമെല്ലാം അനുസരിച്ചായിരിക്കും ഈ സൗന്ദര്യസങ്കൽപം രൂപപ്പെടുകയെന്നാണ് പൊതുവെയുള്ള വിശ്വാസം. ഇക്കാര്യം പരീക്ഷിച്ചുനോക്കാൻ ബ്രിട്ടണിലെ ഒരു ഓൺലൈൻ മരുന്നുകമ്പനി തീരുമാനിച്ചു. സൂപ്പർ ഡ്രഗ് ഓൺലൈൻ ഡോക്ടേഴ്സ് എന്ന ആ കമ്പനി അതിനായി തിരഞ്ഞെടുത്തത് അഞ്ച് ഭൂഖണ്ഡങ്ങളിലായുള്ള 18 ഗ്രാഫിക് ഡിസൈനർമാരെയായിരുന്നു. അതിൽ 14 വനിതകളും നാലു പേർ പുരുഷന്മാരുമായിരുന്നു. അവർക്കൊരു മോഡലിന്റെ ഫോട്ടോയും അയച്ചുകൊടുത്തു. ഒപ്പം ഒരറിയിപ്പും–നിങ്ങളുടെ രാജ്യത്തെ ജനങ്ങളുടെ കാഴ്ചപ്പാടനുസരിച്ച് ഒരു സുന്ദരിയായ വനിതയുടെ ലക്ഷണങ്ങളെന്താണ്? അതെന്തൊക്കെയാണെങ്കിലും അതെല്ലാം ഉൾപ്പെടുത്തി കമ്പനി അയച്ച ഫോട്ടോയിൽ മിനുക്കുപണികൾ നടത്തി തിരിച്ചയക്കുക.

വൈകാതെ തന്നെ 18 തരത്തിൽ ഫോട്ടോഷോപ് ചെയ്ത സുന്ദരിയുടെ ചിത്രം ഓരോ ഡിസൈനർമാരും തിരിച്ചയച്ചു. രസികൻ കാഴ്ചകളായിരുന്നു ആ ഫോട്ടോഷോപ് ചിത്രങ്ങളിലെല്ലാം. ചിലതിൽ കാര്യമായ വ്യത്യാസങ്ങളൊന്നുമുണ്ടായിരുന്നില്ല. പക്ഷേ ചിലതിലാകട്ടെ തിരിച്ചറിയാൻ പോലും പറ്റാത്ത വിധം പെൺകുട്ടിയെ ഫോട്ടോഷോപ് മാറ്റിക്കളഞ്ഞിരുന്നു. ശരീരവണ്ണം മാത്രമല്ല ചുണ്ടിന്റെയും മൂക്കിന്റെയുമെല്ലാം ആകൃതി മുതൽ മുടിയുടെ നിറം വരെ മാറ്റിയായിരുന്നു ഈ ചിത്രങ്ങളെല്ലാം. ഗ്രാഫിക് ഡിസൈനർമാരുടെ കാഴ്ചപ്പാടിൽ കൃത്യമായ ബോഡി മാസ് ഇൻഡെക്സ് (ബിഎംഐ) കാത്തുസൂക്ഷിക്കാൻ ആഗ്രഹിക്കുന്നവരാണ് ഫിലിപ്പീൻസുകാർ.

എന്നാൽ ചൈനയുടെയും ഇറ്റലിയുടെയും സങ്കൽപത്തിലെ സ്ത്രീകളാകട്ടെ മെലിഞ്ഞുണങ്ങിയായിരുന്നു. സ്ത്രീകൾക്ക് അത്യാവശ്യം വേണ്ടുന്ന ബിഎംഐ ആയ 17.0–18.0നും താഴെയായിരുന്നു ചൈനീസ് പെൺകുട്ടിയുടെ സ്ഥാനം. അമിതമായ മെലിയൽ കാരണം പല സുന്ദരികളും ആരോഗ്യപ്രശ്നങ്ങളിൽപ്പെട്ടുഴലുന്ന രാജ്യം കൂടിയാണ് ചൈനയെന്നോർക്കണം. എന്നാൽ ഈജിപ്ത്‌, കൊളംബിയ, വെനസ്വേല, റൊമാനിയ, പെറു, സെർബിയ, മെക്സിക്കോ, സ്പെയിൻ തുടങ്ങിയ രാജ്യങ്ങൾക്കാകട്ടെ അത്യാവശ്യം വണ്ണമൊക്കെയുള്ളവരെയാണിഷ്ടം.

അമേരിക്കക്കാരുടെ സൗന്ദര്യ സങ്കൽപം ഏകദേശം കിം കർദഷിയാന്റേതിനു സമാനമായിരുന്നു. സിറിയയും നെതർലൻഡുമെല്ലാം ആവശ്യത്തിന് വണ്ണമെന്ന കൺസെപ്റ്റുകാരാണ്. ബ്രിട്ടന്റെ സൗന്ദര്യസങ്കൽപം ഏകദേശം ആൺസൗന്ദര്യത്തോട് അടുത്തു നിൽക്കുന്നതായിരുന്നു. ഉക്രെയ്ൻ, ദക്ഷിണാഫ്രിക്ക, സിറിയ, അർജന്റീന എന്നീ രാജ്യങ്ങളിൽ നിന്നുമുണ്ടായിരുന്നു ഫോട്ടോഷോപ് സുന്ദരിമാർ. ഇന്ത്യയിൽ നിന്നെന്തോ ആരുമുണ്ടായിരുന്നില്ല. വൈകാതെ തന്നെ ഓരോ നാട്ടിലെയും ജനങ്ങളുടെ കാഴ്ചപ്പാടിൽ ഒരു സുന്ദരപുരുഷൻ എങ്ങനെയായിരിക്കും എന്നതുസംബന്ധിച്ച ഫോട്ടോഷോപ്പ് പദ്ധതിയും നടത്താനിരിക്കുകയാണ് സൂപ്പർ ഡ്രഗ് കമ്പനി.