ഡ്രാക്കുളയ്ക്ക് നിങ്ങളുടെ ചോര വേണം

ചോരക്കൊതിയനായ ഡ്രാക്കുള പ്രഭുവിന്റെ ട്രാൻസിൽവാനിയ കൊട്ടാരത്തിനടുത്ത് ഒരു വിരുന്ന് നടക്കുന്നു. ആർക്കു വേണമെങ്കിലും പങ്കെടുക്കാം. പക്ഷേ, അതിനു വിലയായി നൽകേണ്ടത് നിങ്ങളുടെ ചുടുചോരയാണ്. ‌ഇതെന്താ വാംപയേഴ്സൊരുക്കുന്ന വിരുന്നാണോയെന്നൊന്നും സംശയിക്കേണ്ട. ഈ ‘ചോര കുടിക്കൽ’ വിരുന്ന് നല്ലൊരു ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്നതാണ്. റൊമാനിയയിൽ നടക്കുന്ന ലോകപ്രശസ്ത മ്യൂസിക് ഫെസ്റ്റിവലാണ് ‘ദി അൺടോൾഡ് ഫെസ്റ്റ്’. ലോകപ്രശസ്ത ഡിജെകൾ ഉൾപ്പെടെ തകർക്കുന്ന നാലു ദിവസത്തെ ആഘോഷം. ജൂലൈ 30 മുതൽ ഓഗസ്റ്റ് രണ്ട് വരെ നടക്കുന്ന ഈ ഫെസ്റ്റിൽ പങ്കെടുക്കാൻ വിവിധ രാജ്യങ്ങളിൽ നിന്നായി മൂന്നുലക്ഷത്തിലേറെ പേർ എത്തുമെന്നാണ് പ്രതീക്ഷ. പക്ഷേ ടിക്കറ്റൊന്നിന് 76.35 ഡോളറാണ് വില. (ഏകദേശം 4581 രൂപ)

ഫെസ്റ്റ് നടക്കുന്നയിടങ്ങളിലൊന്ന് ഡ്രാക്കുള പ്രഭുവിനാൽ പ്രശസ്തമായ ട്രാൻസിൽവാനിയയാണ്. റൊമാനിയക്കാകട്ടെ ഒരു ചീത്തപ്പേരുമുണ്ട്–യൂറോപ്പിൽ ഏറ്റവും കുറവ് രക്തദാതാക്കളുള്ള രാജ്യം. ആകെ ജനസംഖ്യയിൽ വെറും 1.7% പേർ മാത്രമാണ് ഇവിടെ പ്രതിവർഷം രക്തദാനം നടത്താറുള്ളത്. ഇത് രണ്ടും കൂടി ചേർന്നപ്പോൾ അൺടോൾഡിന്റെ സംഘാടകർക്ക് ഒരു ഐഡിയ. അവർ നാഷനൽ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്ന് Pay with Blood എന്ന ക്യാംപെയിനു തുടക്കമിട്ടു. ഇതിന്റെ ഭാഗമായി രാജ്യത്തെ 42 നഗരങ്ങളിൽ 10 ദിവസത്തേക്ക് മൊബൈൽ ബ്ലഡ് കലക്‌ഷൻ യൂണിറ്റുകളെയും അയച്ചു. ആർക്കു വേണമെങ്കിലും ഈ സംവിധാനം വഴി രക്തദാനം നടത്താം, പ്രതിഫലമായി ലഭിക്കുന്നത് അൺടോൾഡ് ഫെസ്റ്റിലേക്കുള്ള നാലു ദിവസത്തെ സൗജന്യ ടിക്കറ്റും.

മൊബൈൽ യൂണിറ്റിലേക്ക് നേരിട്ട് രക്തദാനം നടത്തുന്നവർക്ക് അപ്പോൾത്തന്നെ ടിക്കറ്റ് ലഭിക്കും. പിന്നീട് രക്തം നൽകാമെന്ന് റജിസ്റ്റർ ചെയ്യുന്നവർക്കാകട്ടെ ടിക്കറ്റ് നിരക്കിൽ ഡിസ്കൗണ്ടും ലഭ്യമാക്കി. എന്തായാലും അഞ്ഞൂറിലേറെ പേര്‍ ഏതാനും ദിവസങ്ങൾ കൊണ്ട് രക്തം നൽകി ടിക്കറ്റ് സ്വന്തമാക്കി. ഫെസ്റ്റിവൽ അധികൃതരുടെ ഈ നവീന ആശയം വാർത്തയായതോടെ ഒട്ടേറെപ്പേർ അഭിനന്ദനങ്ങളുമായെത്തിയിരുന്നു. ‘വാംപയേഴ്സിനു മാത്രമല്ല രക്തം ആവശ്യമുള്ളത്’ എന്ന മുദ്രാവാക്യത്തോടെ ലോകത്തിന്റെ പല ഭാഗങ്ങളിലും ഇനി ഇത്തരം രക്തദാനസംരംഭങ്ങൾ ആരംഭിക്കാനുള്ള ശ്രമങ്ങളും തുടങ്ങിക്കഴിഞ്ഞു. അൺടോൾഡ് ഫെസ്റ്റിന്റെ ഭാഗമായി ഒട്ടേറെപ്പേർ ഡ്രാക്കുള കോട്ട കാണാനും എത്തുന്നുണ്ട്. എന്തായാലും ഡ്രാക്കുളയുടെ ‘രക്തദാഹം’ കാരണം റൊമാനിയക്ക് നേട്ടങ്ങളേറെയായിരിക്കുകയാണ്. 1897ലാണ് ബ്രാംസ്റ്റോക്കറുടെ ഡ്രാക്കുള എന്ന പുസ്തകം പുറത്തിറങ്ങുന്നത്.