എക്സിറ്റ് പോൾ നിരോധിച്ച ബൾഗേറിയയ്ക്ക് കിട്ടിയ പണി!!!

ബൾഗേറിയയിലെ തിരഞ്ഞെടുപ്പു പ്രചരണത്തിന്റെ ചിത്രങ്ങളിൽ നിന്ന്

പരമാവധി ശാസ്ത്രീയമായ രീതിയിൽ നടത്തുന്ന തിരഞ്ഞെടുപ്പു പ്രവചനം-ഈയൊരു വിശേഷണമുള്ളതു കൊണ്ടുതന്നെ എക്സിറ്റ് പോളുകൾ പലരും കൗതുകത്തോടെയാണ് വീക്ഷിക്കാറുള്ളത്. തിരഞ്ഞെടുപ്പിൽ ആരു വാഴും അല്ലെങ്കിൽ വീഴും എന്നുള്ളത് വോട്ടെണ്ണുന്നതിനു മുൻപേ അറിയാനാകുന്ന അവസരം കൂടിയാണ് എക്സിറ്റ് പോളുകൾ. വോട്ടെണ്ണിക്കഴിയുന്നതു വരെ എക്സിറ്റ് പോളുകൾ പാടില്ലെന്ന വിലക്ക് 2014ൽ ഇന്ത്യയിൽ നിലവിൽ വന്നെങ്കിലും പിന്നീട് ഏറെ പ്രതിഷേധത്തെത്തുടർന്ന് അത് മാറ്റി. വോട്ടിങ് കഴിഞ്ഞ് എല്ലാം അവസാനിപ്പിക്കുന്നതോടെ എക്സിറ്റ് പോൾ ഫലം പുറത്തുവിടാമെന്നാണ് നിലവിൽ ഇലക്‌ഷൻ കമ്മിഷൻ നിർദേശം. കേരളത്തിലെ ഉൾപ്പെടെ തിരഞ്ഞെടുപ്പുഫലം എന്തായിരിക്കുമെന്ന് കഴിഞ്ഞ ദിവസം എക്സിറ്റ് പോളുകൾ പ്രവചിക്കുകയും ചെയ്തതാണ്.

എന്നാൽ ഇലക്‌ഷൻ ദിവസം എക്സിറ്റ് പോളുകളുടെ ഫലപ്രഖ്യാപനം നടത്തരുതെന്ന കർശന നിർദേശമുള്ള രാജ്യമാണ് ബൾഗേറിയ. 2013ലാണ് റേഡിയോ-ടെലിവിഷൻ മാധ്യമങ്ങൾക്കായി ഇത്തരമൊരു വിലക്കു വന്നത്. ഒരു സ്വാധീനശക്തിക്കും വഴങ്ങാത്ത വിധത്തിലുള്ള തിരഞ്ഞെടുപ്പിനു വേണ്ടിയാണിതെന്നാണ് നിരോധനം കൊണ്ടു വന്ന കൗൺസിൽ ഫോർ ഇലക്ട്രോണിക് മീഡിയ പറഞ്ഞത്. എന്നാൽ ഏറെ ആരാധകരുള്ള എക്സിറ്റ് പോൾ ഫലം തിരഞ്ഞെടുപ്പുദിവസം തന്നെ പുറത്തുവിടാനായി അവിടത്തെ പല മാധ്യമങ്ങളും ഒരു തന്ത്രം പ്രയോഗിച്ചു. ബൾഗേറിയൻ തിരഞ്ഞെടുപ്പുദിവസം പല തരത്തിലുള്ള ‘റാങ്കിങ്ങുകൾ’ പുറത്തുവിടും. അതും തിരഞ്ഞെടുപ്പുമായി യാതൊരു തരത്തിലും ബന്ധമില്ലാത്തത്. പക്ഷേ നമ്മുടെ ഭാഷയിൽ പറഞ്ഞാൽ ‘അരിഭക്ഷണം കഴിക്കുന്ന’ ആർക്കും പിടികിട്ടും ആ റാങ്കിങ് എന്തിനെപ്പറ്റിയുള്ളതാണെന്ന്.

ഉദാഹരണത്തിന്: ബൾഗേറിയയിലെ ഏറ്റവും നല്ല ടൂറിസം കേന്ദ്രങ്ങളെപ്പറ്റിയായിരിക്കും റാങ്കിങ്. അതിൽ ഒന്നാമതുണ്ടാവുക, ജയിക്കാൻ പോകുന്ന പാർട്ടിയുടെ ആസ്ഥാനമന്ദിരം സ്ഥിതി ചെയ്യുന്ന പ്രദേശമായിരിക്കും. കൂടാതെ 61% പേർ ആ സ്ഥലത്തേക്ക് വിനോദയാത്ര പോകാനാണ് ഇഷ്ടപ്പെടുന്നതെന്ന കെട്ടിച്ചമച്ച കണക്കും. റാങ്കിങ് ലിസ്റ്റിലെ രണ്ടാമത്തെ ടൂറിസം കേന്ദ്രത്തിലായിരിക്കും രണ്ടാമതു വരുന്ന പാർട്ടിയുടെ പ്രധാന ഓഫിസ്. അവിടേക്ക് 42% പേർ പോകാൻ ആഗ്രഹിക്കുന്നുവെന്നും എഴുതും. കൃത്യമായിപ്പറഞ്ഞാൽ 61% വോട്ടിങ് ഷെയറോടെ ആദ്യ പാർട്ടിയും 42ശതമാനത്തോടെ രണ്ടാം പാർട്ടിയും ജയിക്കുമെന്ന് ജനങ്ങൾക്ക് വ്യക്തം.

കാലാവസ്ഥാപ്രവചനമായും വരും എക്സിറ്റ് പോൾ. ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന സ്ഥലത്തായിരിക്കും വിജയിക്കുന്ന പാർട്ടി അസ്ഥാനം, അല്ലെങ്കിൽ പ്രധാന നേതാവിന്റെ വസതി. അങ്ങനെ ആരു ജയിക്കും, എത്ര വോട്ട് കിട്ടും, ആര് തോൽക്കും എന്നതിന്റെയൊക്കെ ഒരു ഏകദേശ ചിത്രം ഈ ‘റാങ്കിങ്’ എക്സിറ്റ്പോളിലൂടെ വോട്ടെടുപ്പ് നടക്കുന്നതിനിടയിൽത്തന്നെ ജനത്തിന് കൃത്യമായി ലഭിച്ചു കൊണ്ടിരിക്കും. അധികൃതർക്കാകട്ടെ നടപടിയെടുക്കാനും പറ്റില്ല. ഏറ്റവും മികച്ച കംപ്യൂട്ടർ ഗെയിം, ഏറ്റവും കൂടുതൽ പേർ വായിച്ച പുസ്തകം, ഏറ്റവും കൂടുതൽ പേർ ട്രെയിനിൽ യാത്ര ചെയ്ത സ്ഥലം, എന്തിനേറെ രാജ്യത്തെ ഏറ്റവുമധികം പേർ പോകുന്ന വേശ്യാലയങ്ങളുടെ കണക്കെടുത്തു വരെ ഇത്തരം ‘റാങ്കിങ്’ പ്രവചനം നടത്തിയിട്ടുണ്ട്!!