ഡിസ്‍ലൈക്ക് ചെയ്യാൻ വരട്ടെ, പണി പാലും വെള്ളത്തിൽ കിട്ടും!

ഫേസ്ബുക്കിൽ ഡിസ്‌ലൈക്ക് ബട്ടൺ വരുന്നുവെന്ന വാർത്ത പെട്ടെന്നാണ് ലോകം മുഴുവൻ എത്തിയത്. നൂറുകണക്കിന് ആൾക്കാർ ബട്ടൺ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതാണ് ആ ദിവസം. അത്തരമൊരു ബട്ടൺ നിർമിക്കുന്ന തിരക്കിലാണു ഫെയ്സ്ബുക്ക്. ഫെയ്സ്ബുക്ക് സ്ഥാപകന്റെ ഈ വാക്കുകളാണു ഡിസ്‌ലൈക്ക് ബട്ടൺ ഫെയ്സ്ബുക്ക് തയ്യാറാക്കുന്ന ഊഹത്തിലെത്തിച്ചത്.

എന്നാൽ, ഫേസ്‌ബുക്ക് ഇതൊന്നും അറിഞ്ഞില്ലെന്ന് മാത്രമല്ല, കെണി ഒരുക്കുന്നവർക്ക് ലോട്ടറി അടിച്ചതുപോലെയുമായി ഈ വാർത്ത. ഡിസ്‌ലൈക് ബട്ടൺ ഉണ്ടാക്കി പലർക്കിട്ടും എട്ടിന്റെ പണി കൊടുത്തുകൊണ്ടിരിക്കുകയാണ് ചില വിരുതന്മാർ. ഫേസ്ബുക്കിലെ ന്യൂസ് ഫീഡിലോ സന്ദേശത്തിലോ ഡിസ്‌ലൈക് ബട്ടൺ നിങ്ങളുടെ പ്രൊഫൈലിൽ ഉൾപ്പെടുത്താനുള്ള ക്ഷണം വന്നാൽ സ്വീകരിക്കാതിരിക്കുക. ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഒന്നും സംഭവിക്കില്ലെന്ന് മാത്രമല്ല, നിങ്ങളുടെ എല്ലാ വിവരങ്ങളും ചോർത്തപ്പെടുകയായിരിക്കും ഫലം.

ഡിസ്‌ലൈക്ക് ബട്ടൺ നിർമിക്കുന്നതിൽ ഫെയ്സ്ബുക്കിന് താത്പര്യമില്ല. ലൈവ് ചാറ്റിങ്ങിനിടെ സുക്കർബർഗ് നടത്തിയ ചില വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ച മാധ്യമങ്ങൾ ഫെയ്സ്ബുക്കിൽ ഉടൻ തന്നെ ഡിസ്‌ലൈക്ക് ബട്ടൺ എത്തുന്നുവെന്ന തരത്തിൽ വാർത്ത നൽകുകയായിരുന്നു. അതുകൊണ്ട്, ഒരു കാരണവശാലും ഡിസ്‍ലൈക്ക് ഓപ്ഷൻ ചോദിച്ചുകൊണ്ടുള്ള സന്ദേശങ്ങളും മറ്റും വന്നാൽ ക്ലിക്ക് ചെയ്യാതിരിക്കുക.