ഹരിയാനയിൽ കന്നുകാലികൾക്കൊരു ഫാഷൻ ഷോ !

കാര്യം ഫാഷൻ ഷോ ഗ്ലാമർ ലോകത്തിന്റെ കുത്തകയാണെന്നതൊക്കെ ശരി തന്നെ. എ​ന്നുകരുതി സുന്ദരികളും സുന്ദരന്മാരുമായ മനുഷ്യർക്കു മാത്രം മതിയോ ഫാഷൻ ഷോ. പശുക്കള്‍ക്കും കാളകൾക്കുമൊക്കെ ഫാഷൻ ഷോയിൽ പങ്കെടുക്കണമെന്നുണ്ടെങ്കിലോ..? റാമ്പിൽ അങ്ങനെ ക്യാറ്റ്വാക്ക് ചെയ്യുന്ന പശുക്കളെയും കാളക്കുട്ടന്മാരെയും ഒന്നു മനസില്‍ സങ്കൽപിച്ചു നോക്കൂ. കളിയല്ല, കാര്യം തന്നെയാണു പറഞ്ഞു വരുന്നത്. ഹരിയാനയിലാണ് കന്നുകാലികൾക്കു വേണ്ടി മാത്രമായൊരു ഫാഷൻ ഷോ സംഘടിപ്പിക്കുന്നത്. സംസ്ഥാനത്ത് കന്നുകാലി സംരക്ഷണത്തിന്റെ ഭാഗമായാണ് സർക്കാർ അവയെ ആഘോഷിക്കാൻ തന്നെ തീരുമാനിച്ചത്.

ഫെബ്രുവരി 27നും 28നുമായി ന‌ടക്കുന്ന ഫാഷൻ ഷോ മത്സരത്തിനൊടുവിൽ മികച്ച പശുവിനെയും കാളയെയും തിരഞ്ഞെടുക്കും. ഇതിനായി പ്രത്യേകം വിധികർത്താക്കളും ഉണ്ടായിരിക്കും. കന്നുകാലി കൂട്ടത്തിലെ സുന്ദരിയ്ക്കും സുന്ദരനും ഒരുലക്ഷം രൂപയാണ് ലഭിക്കുക, അതായത് ഇവയു‌ടെ മുതലാളിമാരുടെ പോക്കറ്റ് വീർക്കുമെന്നു ചുരുക്കം. ക്രോസ് ബ്രീഡിങ് പ്രോഗ്രാമിനു കീഴിലൂടെ സ്വദേശ പശുക്കളെ വിദേശ ഗണത്തിലുള്ള കന്നുകാലികളുമായി ബീജസങ്കലനം നടത്തുന്ന ട്രെന്‍ഡ് തടയുക മുൻനിർത്തിയാണ് പുതിയ പദ്ധതിയെന്നാണ് അറിയുന്നത്. പാലിന്റെ ലഭ്യത കൂടുമെന്നതിനാൽ മിക്ക ക്ഷീരകർഷകരും ക്രോസ് ബ്രീഡിങ് പ്രോഗ്രാമിനു പിന്നാലെ പോകുന്നതു തടയുകയും സ്വദേശ പശുക്കളുടെ സംരക്ഷണവുമാണ് പ്രധാന ലക്ഷ്യം.