വരൻമാർക്കു നിറം പോര, വിവാഹത്തിൽ നിന്നു പിന്മാറി വധുക്കൾ

Representative Image

കൂടുതൽ സത്രീധനം ചോദിച്ചുവെന്നതിന്റെ പേരിലും വരന്റെ വീട്ടിൽ ശൗചാലയം ഉൾപ്പെടെ വേണ്ട സൗകര്യങ്ങൾ ഇല്ലെന്നതിന്റെ പേരിലും വിവാഹത്തിൽ നിന്നു പിന്മാറുന്ന പെൺകുട്ടികളുണ്ട്. എന്നാല്‍ ഇതു മാത്രമല്ല ഒന്നിച്ചു ജീവിക്കുന്നതിൽ നിറവും പ്രശ്നക്കാരനാകുന്നുവെന്നു തെളിയിക്കുന്നതാണ് പുതിയ വാർത്ത. സാമൂഹികമായും സാംസ്കാരികമായും ഒട്ടേറെ പുരോഗതികൾ കൈവന്നിട്ടും നിറത്തിന്റെ കാര്യം വരുമ്പോൾ ഇന്നും പലയിടങ്ങളിലും വിവേചനം തന്നെയാണ്. ഇതിനുദാഹരണമാണ് ഉത്തർപ്രദേശിലെ ഫത്തേബാദിൽ നിന്നും ഒരു വിവാഹം മുടങ്ങിയ വാർത്ത. വരന്റെ വിദ്യാഭ്യാസമോ ജോലിയോ ഒന്നുമല്ല മറിച്ച് നിറമായിരുന്നു വധുക്കളുടെ പ്രശ്നം. ഫത്തേബാദ് സ്വദേശികളായ സഹോദരിമാരാണ് വരന്മാർക്കു നിറം കുറവാണെന്ന പേരു പറഞ്ഞ് വിവാഹത്തിൽ നിന്നും പിന്മാറിയത്.

പുരോഹിതന്റെ നിർദ്ദേശപ്രകാരമാണ് രക്ഷിതാക്കൾ വരന്മാരെ കണ്ടെത്തിയതെന്നും വിവാഹദിനത്തിൽ മാത്രമാണ് അവര്‍ നിറം കുറവുള്ളവരാണെന്ന് അറിഞ്ഞതെന്നുമാണ് പെൺകുട്ടികൾ പറയുന്നത്.ആദ്യം തങ്ങളെ കാണിച്ച ചിത്രം നിറമുള്ള യുവാക്കളുടേതായിരുന്നുവെന്നും എന്നാൽ കബളിപ്പിച്ചതാണെന്ന് അറിഞ്ഞതോടെ പിന്മാറാൻ തീരുമാനിക്കുകയായിരുന്നുവെന്നും അവർ പറഞ്ഞു. രണ്ടു കുടുംബങ്ങളും ചേർന്നു പെൺകുട്ടികളെ അനുനയിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും ഫലം കണ്ടില്ല. ഈ സാഹചര്യത്തിലാണ് അവസാന നിമി​ഷത്തിൽ വിവാഹം പിന്‍വലിച്ചത്.