നമ്മൂരു ബെംഗളൂരു...!!!

Representative Image

കൗമാരക്കാരല്ലേ.. അബദ്ധം പറ്റി മാല പൊട്ടിച്ചതാണ് എന്നൊക്കെ പറഞ്ഞു തള്ളാൻ വരട്ടെ. ബൈക്കിലെത്തി മാല പൊട്ടിക്കുന്നതു കൗമാരക്കാരാണെങ്കിലും അതിന്റെ തല വേറെയാണ്. കൊച്ചിയിലും കോട്ടയത്തും ഇങ്ങനെ മാല പൊട്ടിക്കുന്ന സംഘത്തിനു തലവൻമാരുണ്ട്. ഒരു പവന്റെ മാല പൊട്ടിച്ചാൽ പതിനായിരമാണ് ശമ്പളം. ബാക്കി തുക സംഘത്തലവൻ എടുക്കും. പൊട്ടിപ്പിന്റെ പിന്നിലുണ്ടാകുന്ന ബാക്കി എല്ലാ കേസും സംഘത്തലവൻ കൈകാര്യം ചെയ്യും. പൊലീസ് പിടിച്ചാൽ നിയമ നടപടിക്കു സഹായിക്കും. ഇതു കോട്ടയത്തും കൊച്ചിയിലുമെത്തി കണ്ടുപിടിച്ചതു ബെംഗളൂരുവിലെ യശ്വന്ത്പുര പൊലീസ് സ്റ്റേഷനിലെ സ്പെഷൽ ടീമാണ്. അവർ കഴിഞ്ഞദിവസം ഉദയംപേരൂരിൽനിന്നു പ്രതിയെ അറസ്റ്റ് ചെയ്തു. തൃശൂർ തൊട്ടിങ്ങോട്ട് ‘പിള്ളാരെ’ ഇത്തരം ക്രിമിനൽ പരിപാടികൾക്ക് ഉപയോഗിക്കുന്ന ഇൗ സംഘത്തിന്റെ ചാകരസ്ഥലം ബെംഗളൂരുവാണ്. അവിടെനിന്നു പൊലീസ് ടവർ ലൊക്കേഷൻ തേടി ഇങ്ങെത്തിയതാണ്.

വഴിതെറ്റലിന്റെ മുനമ്പത്ത് കോട്ടയത്തെ യുവാക്കൾ?-അന്വേഷണ പരമ്പരയുടെ ഒന്നാംഭാഗം വായിക്കാം

കോഴിക്കോട് ജില്ലയിൽ മജിസ്ട്രേട്ടിന്റെ സീൽ വരെ വ്യാജമായി ഉണ്ടാക്കിയതിനു കേസുള്ള ആളാണ് പ്രതി. മാല പൊട്ടിക്കൽ ഓപ്പറേഷനു വളർത്തിയെടുക്കുന്ന കൗമാരക്കാർക്കെല്ലാം കഞ്ചാവ് പോലെ ലഹരിയും കൂടി നൽകിയാണ് ഒരുക്കുന്നത്. മാല പൊട്ടിച്ചാൽ ബൈക്കിൽ പറക്കണം. അമിത വേഗത്തിൽ രക്ഷപ്പെടണമെങ്കിൽ കഞ്ചാവിന്റെ ലഹരി വേണമത്രേ. ബെംഗളൂരുവിൽ പഠിക്കാൻ നമ്മുടെ ജില്ലയിൽനിന്നു പോകുന്ന ആൺകുട്ടികൾ മാത്രമല്ല, ഇത്തരം അഴിക്കാനാകാത്ത കുരുക്കിൽപ്പെടുന്നത്. പെൺകുട്ടികളുമുണ്ട്. വീട്ടുകാരറിയാതെ പണമുണ്ടാക്കാനായി അവിടെ കോളജിലും മറ്റും തുടങ്ങുന്നതാണ് ചെറിയ തോതിലുള്ള ഇത്തരം ലഹരി ബിസിനസുകൾ. ഇങ്ങനെ നെയ്തു തുടങ്ങുന്നതു ജീവിതം പടുകുഴിയിലേക്കു പോകുന്ന ദുരന്തങ്ങളിലേക്കാണ്.

വാട്സാപ്പിലെ പാവയ്ക്കയും മധുരനാരങ്ങയും-അന്വേഷണ പരമ്പരയുടെ രണ്ടാം ഭാഗം വായിക്കാം

കഞ്ചാവ് വിൽപനയിൽ സ്ത്രീകളും

കഞ്ചാവ് വേട്ട ശക്തമാക്കിയപ്പോൾ മാഫിയ പയറ്റിയ തന്ത്രമാണ് വനിതകളെ ഉപയോഗിച്ചു കടത്ത്. മാന്യമായ വസ്ത്രം ധരിച്ചു കയ്യിലെ ബിഗ്ഷോപ്പറിൽ കഞ്ചാവുമായി എത്തിയ പാലാ സ്വദേശി പൊന്നമ്മയെ (51) പാമ്പാടി എക്സൈസ് സംഘം കഴിഞ്ഞ മാസം പിടികൂടിയതോടെയാണ് വനിതകളുടെ കഞ്ചാവ് ബിസിനസ് പുറംലോകം അറിഞ്ഞത്. കോട്ടയം ജില്ലയിൽ മലയാളി വനിത ഏറ്റവും കൂടുതൽ കഞ്ചാവുമായി പിടിയിലാകുന്ന കേസായി മാറിയിത്. രണ്ടുകിലോ കഞ്ചാവും 250 പാക്കറ്റ് ഹാൻസുമാണ് പിടികൂടിയത്.

കഞ്ചാവ് വാങ്ങാൻ കെഎസ്ആർടിസി ബസിൽ ഒറ്റയ്ക്കാണ് കമ്പത്തേക്കു സഞ്ചരിച്ചിരുന്നത്. പുലർച്ചെ ഇടപാടുകൾ നടത്തി ബിഗ്ഷോപ്പറിൽ കഞ്ചാവുമായി നേരെ കോട്ടയത്തേക്കു പുറപ്പെടും. രണ്ടാഴ്ച മുൻപ് അയർക്കുന്നം കൊങ്ങാണ്ടൂരിൽനിന്നു പിടികൂടിയ വിലാസിനിയുടെ (51) പക്കൽനിന്നു 25 ഗ്രാം കഞ്ചാവും പാമ്പാടി എക്സൈസ് പിടികൂടി. വിദ്യാർഥികളായിരുന്നു ഇടപാടുകാർ എന്ന് പൊലീസ് പറയുന്നു. കുന്നിൻമുകളിലുള്ള ഇവരുടെ വീട്ടിലേക്ക് എക്സൈസ് സംഘം എത്തുമ്പോൾ സ്കൂൾ വിദ്യാർഥികളും സ്ഥലത്തുണ്ടായിരുന്നു. കഞ്ചാവ് വലിക്കുന്നതിനുള്ള ഉപകരണവും വിലാസിനിയുടെ പക്കൽനിന്നു പിടിച്ചെടുത്തു. മാങ്ങാ ജ്യൂസിന്റെ ചെറിയ കുപ്പിയും ഉപയോഗരഹിതമായ പേനയും ഉപയോഗിച്ചാണ് ഈ നാടൻ ‘ഹുക്ക’ തയാറാക്കിയിരുന്നത്. ജ്യൂസിന്റെ കുപ്പിയിൽ തുളയിട്ടു പേന വഴി കഞ്ചാവ് വലിക്കാൻ നി‍ർമിച്ച ഉപകരണം കണ്ട് എക്സൈസ് പോലും മൂക്കത്തു വിരൽവച്ചു

ക്വട്ടേഷൻ തലവനുമായി മുഖാമുഖം-അന്വേഷണ പരമ്പരയുടെ മൂന്നാം ഭാഗം വായിക്കാം

ബോധമില്ലാതെ പീഡനവും

കഞ്ചാവ് വലിച്ചു മാനസിക വിഭ്രാന്തിയിലായ രണ്ടു വിദ്യാർഥികൾ റബർത്തോട്ടത്തിൽ വിറകൊടിക്കാൻ വന്ന സ്ത്രീകളെ പീഡിപ്പിച്ച സംഭവം ഇതിനിടെ ഉണ്ടായി. ഒരു പ്രമുഖ എൻജിനീയറിങ് കോളജിലെ വിദ്യാർഥികളാണിതിനു പിന്നിൽ. നിർധന കുടുംബത്തിലെ സ്ത്രീകൾ ഭയം മൂലം ഇനിയും പരാതി നൽകാൻ തയാറാകാത്തതിനാൽ സംഭവം പുറലോകം അറിഞ്ഞിട്ടില്ല. എക്സൈസിന് ഇതു സംബന്ധിച്ചു വിവരം ലഭിച്ചതിനെ തുടർന്നു രഹസ്യമായി അന്വേഷണം നടത്തി വരികയാണ്.