എഴുന്നേറ്റില്ലെങ്കിൽ ചവിട്ടിയെണീപ്പിക്കും !

നേരം പരപരാ വെളുക്കുന്നു... അന്നേരമാണ് അറിയാതെ കണ്ണുതുറന്നു പോയത്. രാവിലെ േനരത്തേ എഴുന്നേറ്റ് പഠിക്കുമെന്ന് കഠിന ശപഥവുമെടുത്തിട്ടാണ് ഇന്നലെ കിടന്നതു തന്നെ. കാവിലമ്മേ ശക്തി തരൂ ..എന്നും പറഞ്ഞ് എഴുന്നേൽക്കണമെന്നുണ്ടായിരുന്നു. പക്ഷേ ഒന്നുകൂടെ ഉറങ്ങാൻ വല്ലാത്തൊരു മോഹം. പിന്നെ ഒന്നും ആലോചിച്ചില്ല, ഇപ്പോ അടിയ്ക്കും എന്ന മട്ടിൽ തയാറായി നിന്ന അലാമെടുത്ത് ഓഫാക്കി ഒരൊറ്റയുറക്കം.‌.പക്ഷേ കുഞ്ഞൻ അലാമിന്റെയടുത്ത് മാത്രമേ നിങ്ങളുടെ ഈ കളി നടക്കൂ. പുതിയൊരു കണ്ടുപിടിത്തം വന്നതോടെ കാര്യങ്ങളാകെ മാറി. ഇനി രാവിലെ എഴുന്നേൽക്കണമെന്നു കരുതിയാൽ എഴുന്നേറ്റേ പറ്റൂ. അല്ലെങ്കിൽ കിടന്നിരുന്ന കിടക്ക തന്നെ ‘കാലുമടക്കി’ ഒരൊറ്റത്തൊഴി തരും. ചളുക്കോ പിളുക്കോ പരുവത്തിൽ പിന്നെ ഉറക്കമെഴുന്നേൽക്കുക പത്തടി ദൂരെ നിന്നായിരിക്കും.

കോളിൻ ഫർസ് എന്നയാളാണ് ഹൈ വോൾട്ടേജ് ഇജക്ടർ എന്ന പേരിൽ ഇങ്ങനെയൊരു കിടക്ക തയാറാക്കിയത്. ഒരു പ്ലംബറാണ് കക്ഷി. പക്ഷേ ഈ വട്ടൻ ‘എൻജിനീയറുടെ’ യൂട്യൂബ് ചാനലിന് ആരാധകരേറെയാണ്. മാത്രവുമല്ല സ്കൈ 1 എന്ന ചാനലിൽ ഗാഡ്ജറ്റ് ഗീക്ക് ഷോ എന്ന പരിപാടിയുടെ അവതാരകനുമാണ്. വീട്ടിലെ ഗാരേജാണ് കോളിന്റെ പരീക്ഷണശാല. പലതരത്തിലുള്ള കിറുക്കൻ പരീക്ഷണങ്ങളാണ് ലക്ഷ്യം. മുറിയിക്കുന്നതിനൊപ്പം ബ്രഡ് ടോസ്റ്റ് ചെയ്തു കിട്ടുന്ന കത്തിയുൾപ്പെടെ പല രസികൻ കണ്ടുപിടിത്തങ്ങളും കോളിന്റേതായിട്ടുണ്ട്. അതുപോലൊന്നാണ് ഇജക്ടർ ബെഡും– സാധാരണ അലാം പോലൊരു സംവിധാനം. കിടക്കയുടെ അടിയിൽ കംപ്രസർ ഉപയോഗിച്ച് പിസ്റ്റണുകളെ ചലിപ്പിച്ചാണ് ചവിട്ടിത്തൊഴിക്കുന്ന ഈ കിടക്ക നിർമിച്ചിരിക്കുന്നത്.

അലാം അടിയ്ക്കുന്നതോടെ പിസ്റ്റൺ ഓട്ടമാറ്റിക്കായി റിലീസായി കിടക്കയുടെ ഒരറ്റം ഒറ്റപ്പൊങ്ങലാണ്. അതോടെ കിടക്കുന്ന ആൾ തെറിച്ചങ്ങു പോകും, കൂടെ ഉറക്കവും പോകും (പക്ഷേ ചുമരിലിടിച്ച് ജീവൻ പോകാതെ നോക്കണം) ഇതും പോരാതെ കൂറ്റൻ ബെൽശബ്ദവും വാഹനങ്ങളുടെ ഹോണടിയുമൊക്കെ അകമ്പടിയായുണ്ടാകും. ‘ആ നിലവിളി ശബ്ദമിടോ...’യെ അനുസ്മരിപ്പിക്കുന്ന വിധം മിന്നിത്തിങ്ങുന്ന രണ്ട് ബൾബുകളുമുണ്ട് ഇതിനോടൊപ്പം. ഉറങ്ങിയിരുന്നയാൾ മാത്രമല്ല, നാട്ടുകാർ മുഴുവനും എണീറ്റു പോകുമെന്നു ചുരുക്കം. കിടന്നിരുന്ന ആൾ എഴുന്നേറ്റു എന്നുറപ്പായാലേ ഈ ഇജക്ടർ ബെഡും ഒപ്പമുള്ള ‘യന്ത്രഗുണ്ടകളും’ ശാന്തരാവുകയുള്ളൂ. എന്തായാലും കിടക്കയുടെ നിർമാണവും പ്രവർത്തനവും വിവരിക്കുന്ന വിഡിയോ യൂട്യൂബിൽ ഹിറ്റാണിപ്പോൾ.