മദ്യാസക്തിയിൽ വരനെ വായുവിൽ പറത്തിയ കുതിര

മനുഷ്യർ മാത്രമല്ല കുതിരകളും മദ്യപിക്കാൻ തുടങ്ങിയിരിക്കുന്നു. അതും ചില്ലറയൊന്നുമല്ല മദ്യാസക്തിയിൽ പുറത്തിരുന്നയാളെ വായുവിൽ പറത്തുകയും ചെയ്തു ഒരു കുതിര. അങ്ങ് കാനഡയിലാണ് സംഭവം നടന്നത്. സുന്ദരനും സമുഖവുമായ ആ വരൻ കുതിരപ്പുറത്ത് കേറുംവരെയും കുതിരയ്ക്ക് കാര്യമായ പ്രശ്നങ്ങളൊന്നമുണ്ടായിരുന്നില്ല. കക്ഷി കയറിയിരുന്നതും തുടങ്ങി കുതിര അസ്വസ്ഥത പ്രകടിപ്പിക്കാൻ. ആദ്യം പതുക്കെ വട്ടംചുറ്റിമാത്രം നടന്ന കുതിര പിന്നീട് അതിന്റെ വേഗത കൂട്ടാൻ തുടങ്ങി. ഇതിനിടയിൽ എപ്പോഴോ കുതിരയൊന്നു സൗമ്യനായപ്പോൾ സമീപത്തുള്ളവർ ഒടിവന്നു വരനെ വല്ലവിധേനയും താഴെയിറക്കാൻ. വരൻ ഇറങ്ങാൻ തുടങ്ങിയ നിമിഷം ദാ കുതിര ഒരൊറ്റ പറക്കൽ. ഓട്ടത്തിന്റെ ആഘാതത്തിൽ വരനും പറന്നു. പക്ഷേ തലയുംകുത്തി താഴേയ്ക്കായിരുന്നെന്നു മാത്രം.

പഞ്ചാബി രീതിയിൽ നടന്ന വിവാഹ ചടങ്ങുകൾക്കിടെയാണ് സംഭവം നടന്നത്. വരന്റെ വസ്ത്രമോ ചെരിപ്പോ കുതിരയെ അസ്വസ്ഥമാക്കിയിരിക്കാമെന്നാണ് ആദ്യം കരുതിയത്. എന്നാൽ പിന്നീടാണ് സംഗതി കൈവിട്ടെന്ന് ബോധ്യമായതെന്ന് കണ്ടുനിന്നവർ പറഞ്ഞു. എന്നാൽ തന്റെ കുതിര ഇതിനുമുമ്പും വിവാഹപരിപാടികളിൽ പങ്കെടുത്തിട്ടുടെന്നും ഇപ്പോൾ വെപ്രാളപ്പെട്ടതിനു പിന്നിൽ മദ്യമാകാമെന്നുമാണ് ഉടമയുടെ വിശദീകരണം. കുതിരയെ നിർത്തിയിട്ടിരുന്ന സമയത്ത് ആരോ ഒരു പാനീയം കൊടുക്കുന്നതു കണ്ടെന്നും അതു മദ്യമാകാമെന്നും ഉടമ പറഞ്ഞു.