ഹോട്ടൽ ഭക്ഷണം ദുരന്തമാവുമ്പോൾ...

എന്തിനാണ് വെറുതെ ഹോട്ടലിലെ ആവർത്തന വിരസതയുള്ള , എന്തൊക്കെയോ വച്ച് നിർമ്മിക്കുന്ന ഭക്ഷണം സ്ഥിരമാക്കുന്നത്? സ്വന്തം കൈകൊണ്ടും പ്രിയപ്പെട്ടവരെ അതിൽ പങ്കാളികളാക്കിയും ഭക്ഷണം ആസ്വദിച്ചൂടെ?

ഭക്ഷണം പലപ്പോഴും നമ്മുടെ ഒരു സ്റ്റൈൽ ആയി മാറിയിട്ടുണ്ട്. ആഴ്ചയിൽ ആറു ദിവസവും വീട്ടിലെ ഒരേ പോലെയുള്ള ഭക്ഷണം കഴിച്ചു മടുത്ത ഭർത്താവും കുട്ടികളും , ഉണ്ടാക്കി മടുത്ത വീട്ടമ്മയും നഗരങ്ങളിലെ മാത്രമല്ല ഇപ്പോൾ ഗ്രാമങ്ങളിലെയും നിത്യ ദുരന്ത മുഖമാകുന്നു. "ഞങ്ങൾക്കും അടുക്കളയിൽ നിന്ന് സ്വാതന്ത്ര്യം വേണം " എന്ന് വിലപിക്കുന്ന പെണ്മുഖങ്ങളുടെ എണ്ണം കൂടുന്നു. ഞായറാഴ്ചയിലെ മുഴുവൻ ഭക്ഷണവും പുറത്തൂന്നു തന്നെ.

മുക്കിനും മൂലയ്ക്കും കൂണുകൾ പോലെ മുളച്ചു പൊന്തുന്ന രണ്ടെണ്ണമാണ് ഇപ്പോൾ ഹോട്ടലുകളും ആശുപത്രികളും. ഹോട്ടൽ ഭക്ഷണം എത്രയും കൂടുന്നോ അത്രയും തന്നെ ആശുപത്രി യാത്രകളും കൂടുന്നു. ഹോട്ടൽ ഭക്ഷണം എങ്ങനെയാണ് ദുരന്തമായി മാറുന്നത്? പാചകത്തിനുപയോഗിക്കുന്ന എണ്ണകളുടെ അമിതമായ ഉപയോഗം ശരീരത്തിൽ പല പ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്ന നിരവധി ലേഖനങ്ങൾ നാം വായിച്ചിട്ടുമുണ്ടാകാം. എങ്കിലും ഈ ഹോട്ടൽ ഭക്ഷണത്തിന്റെ കാര്യം ഓർക്കുമ്പോൾ പോകാതെയും കഴിക്കാതെയും ഇരിക്കാനും തോന്നില്ല... എന്ത് ചെയ്യാം.

എന്നാൽ എല്ലാ ആഴ്ചയും വ്യത്യസ്തമാക്കിയാലോ? ആഴ്ചയിലെ ഓരോ ദിവസവും വ്യത്യസ്തമാക്കിയാലോ? വേനൽക്കാലത്തും മഴക്കാലത്തും ഒക്കെ കഴിക്കാൻ വ്യത്യസ്തമായ നിരവധി ഭക്ഷണങ്ങൾ പഴമക്കാർ പറഞ്ഞു വച്ചിട്ടുണ്ട്. ഇപ്പോൾ മാർക്കറ്റുകളിൽ അതൊക്കെ കിട്ടാൻ വലിയ ബുദ്ധിമുട്ടൊന്നും ഇല്ലാ താനും. ഹൌ ഓൾഡ്‌ ആർ യു സിനിമ ഇറങ്ങിയ ശേഷം മുറ്റത്ത് ഒരു തക്കാളിയെങ്കിലും നട്ടു കിളിർപ്പിക്കാത്തവരും കുറവാണ്. അല്ലെങ്കിലും ചില സിനിമകൾ നമ്മുടെ വീട്ടമ്മമാരെ അത്ര സ്വാധീനിക്കാറും ഉണ്ടല്ലോ. അപ്പോൾ പറഞ്ഞു വന്നത് ഓരോ ദിവസത്തെയും ഭക്ഷണത്തെ കുറിച്ചാണ്.

വ്യത്യസ്തമായ ഭക്ഷണത്തിന്റെ റെസിപ്പികൾ കൊണ്ട് സമൃദ്ധമാണ്‌ ഇപ്പോൾ നമ്മുടെ മുന്നിലുള്ള നെറ്റും എന്തിനു ഫെയ്സ്ബുക്കും വരെ. സമയമില്ലാ , ഓഫീസിൽ പോകണം എന്ന് വിലപിക്കുന്നവർക്ക് വരെ വളരെയെളുപ്പം തയ്യാറാക്കാവുന്ന എത്ര റെസിപ്പികൾ ഉണ്ട്. വേണ്ടത് പാചകം ചെയ്യുന്നതിനോടുള്ള താൽപര്യം മാത്രമാണ്. നമ്മൾ ഇഷ്ടപ്പെടുന്നവർക്ക് സ്വന്തം കൈകൊണ്ട് തീർത്തും വ്യത്യസ്തമായ ഭക്ഷണം ഉണ്ടാക്കി കൊടുക്കുമ്പോൾ, അവരതു കഴിക്കുമ്പോൾ ഉണ്ടാകുന്ന അതിശയം വിടർന്ന മുഖം നൽകുന്ന ആനന്ദം ഹോട്ടലിൽ പോയാൽ ലഭിക്കുമോ?

തലേന്ന് ഉണ്ടാക്കി ബാക്കി വന്ന, ചപ്പാത്തി, ഇടള്ളി, അപ്പം, തുടങ്ങിവയിൽ നിന്ന് പോലും പിറ്റേന്ന് പ്രഭാത ഭക്ഷണത്തിന് വ്യത്യസ്തമായവ ഉണ്ടാക്കാം. ഹോട്ടൽ ഭക്ഷണത്തേക്കാൾ വ്യത്യസ്തമായ രുചിയും ആസ്വദിക്കാം. അങ്ങനെ മുന്നോട്ടു പോകുമ്പോൾ വീട്ടിൽ വെറുതെ ഇരിക്കാൻ കിട്ടുന്ന ഞായറാഴ്ച വീട്ടലെ കുട്ടികളെ പോലും പങ്കെടുപ്പിച്ചു കൊണ്ട് ഒരു അടുക്കള മഹാമഹം അങ്ങനെ നടത്തിക്കൂടെ എന്നും ആലോചിക്കാം. ഇറച്ചിയോ മീനോ ഒക്കെ വ്യത്യസ്തമായി പരീക്ഷിക്കാൻ സമയം കിട്ടുക അന്നാണല്ലോ. ഇതിനായി റെസിപ്പികൾ കൈവിരൽ തുമ്പിലുള്ള മൊബൈലിൽ നിന്ന് എടുക്കുകയും ചെയ്യാം. പിന്നെയും ഇനിയെന്തിനാണ് വെറുതെ ഹോട്ടലിലെ ആവർത്തന വിരസതയുള്ള , എന്തൊക്കെയോ വച്ച് നിർമ്മിക്കുന്ന ഭക്ഷണം സ്ഥിരമാക്കുന്നത്? സ്വന്തം കൈകൊണ്ടും പ്രിയപ്പെട്ടവരേ അതിൽ പങ്കാളികളാക്കിയും ഭക്ഷണം ആസ്വദിച്ചൂടെ?