ആർക്കുമാകാം ബെസ്റ്റ്, ശ്രദ്ധിക്കണം 9 കാര്യങ്ങൾ

സ്വരം നന്നായതുകൊണ്ടോ അനവസരത്തിൽപ്പോലും പുകഴ്ത്തി സംസാരിച്ചതു കൊണ്ടോ നിങ്ങളുടെ സംഭാഷണത്തിനു മാധുര്യം ഏറുകയില്ല. മറ്റുള്ളവരുടെ മനസ്സ് കൂടി പരിഗണിച്ച് സംസാരിച്ചില്ലെങ്കിൽ നിങ്ങൾ അവരുടെ വെറുപ്പ് സമ്പാദിക്കും. ഒരാൾക്കു സുഹൃത്തുക്കളെയും ശത്രുക്കളെയും നേടിക്കൊടുക്കുന്നത് അയാളുടെ നാവാണ്. കുറച്ചൊന്ന് ശ്രദ്ധിച്ചാൽ നിങ്ങളുടെ ചുറ്റുമുള്ളവരുടെ ജീവിതത്തിൽ നിന്ന് അവർ ഒഴിവാക്കാനാഗ്രഹിക്കുന്ന ഘടകമായി നിങ്ങൾക്കു മാറാതിരിക്കാം.

1.സംസാരിക്കുമ്പോൾ അതു കേൾക്കുന്ന വ്യക്തിയെ പരിഗണിക്കണം. നമ്മോട് മറ്റുള്ളവർ സംസാരിക്കാൻ ആഗ്രഹിക്കുന്നതെങ്ങനെയോ അതുപോലെ സംസാരിച്ചാൽ പ്രശ്നം തീരില്ല. നിങ്ങൾ വളർന്ന സാഹചര്യമായിരിക്കില്ല അവരുടേത്. അതനുസരിച്ച് അവരുടെ ചിന്താഗതിയിലും വ്യത്യാസം ഉണ്ടായിരിക്കും. പരിഹാസവും നിർദോഷമെന്നു നിങ്ങൾ കരുതുന്ന തമാശകളുമൊന്നും അവരെ ചിലപ്പോൾ രസിപ്പിക്കില്ല. അതുകൊണ്ട് ആ പ്രത്യേക വ്യക്തി നിങ്ങളോടെങ്ങനെ പെരുമാറുന്നോ അതുപോലെ വേണം നിങ്ങൾ അവരോട് സംസാരിക്കാൻ.

2.നിങ്ങളുടെ ജീവിതത്തിൽ കൈ കടത്താത്തവരുടെ കാര്യങ്ങളിൽ നിങ്ങളും കൂടുതൽ ഇടപെടാതിരിക്കുക.

3.അനുചിതമായി പെരുമാറിയതിനു ശേഷം പലരും പറയുന്ന ന്യായമാണ് ‘അടുപ്പത്തെക്കരുതിയാണ് ഞാനത് പറഞ്ഞത് എന്ന്. ഇത് ഒരിക്കലും ഭൂഷണമല്ല. ഒരാൾ നിങ്ങളോട് സൗഹാർദത്തിൽ ഇടപെടുന്നു എന്നു കരുതി നിങ്ങൾക്ക് അയാളെ തേജോവധം ചെയ്യാനോ കുത്തുവാക്കുകളാൽ അയാളുടെ മനസ്സ് കെടുത്താനോ അധികാരമില്ല.

4.ഒരാളുടെ പൊതുസ്വഭാവം ഇങ്ങനെയാണ് എന്നതു വച്ച് ആരെയും അളക്കരുത്. മറ്റുള്ളവരോട് അവർക്കുള്ള അടുപ്പം ചിലപ്പോൾ നിങ്ങളോടുണ്ടാവില്ല.

5.പൊതുവേദിയിൽ അവിടെയില്ലാത്ത ആളെ കുറ്റപ്പെടുത്തി സംസാരിച്ച് ശ്രദ്ധ നേടാനും തമാശയുണ്ടാക്കാനും പലരും ശ്രമിക്കാറുണ്ട്. ഇത് നല്ല പ്രവണതയല്ല. കേൾക്കുന്നയാൾക്കു നിങ്ങളെപ്പറ്റിയുള്ള മതിപ്പ് പോകാൻ ഇത് ധാരാളം മതി.

6.നിങ്ങൾക്ക് നേരിൽപരിചയമില്ലാത്തയാളുകളെക്കുറിച്ച് ഒരിക്കലും അഭിപ്രായം പറയരുത്. അയാളെക്കുറിച്ച് ഞാനിങ്ങനെ കേട്ടു എന്ന ന്യായത്തിൽ അപകീർത്തികരമായ കാര്യം പറയുന്നതും ശരിയല്ല. ചിലപ്പോൾ കേൾക്കുന്നയാളെ സുഖിപ്പിക്കാനാവും നിങ്ങളിതു പറയുന്നത്. പക്ഷേ, കേൾക്കുന്നയാളുടെ വ്യക്തിത്വം നിങ്ങളെക്കാൾ മേലെയാണെങ്കിൽ തീർച്ചയായും അയാൾക്കു നിങ്ങളെക്കുറിച്ച് പുച്ഛമേ തോന്നൂ.

7.മറ്റുള്ളവരുടെ വൈകല്യമോ കുറ്റമോ കുറവോ പൊതുസദസിൽ വച്ച് ചൂണ്ടിക്കാട്ടരുത്. മേൽപ്പറഞ്ഞയാൾ നന്നാവുക എന്നതാണ് നിങ്ങളുടെ ഉദ്ദേശ്യമെങ്കിൽ അയാളെ പ്രത്യേകം വിളിച്ചു പറയുക. മാറ്റാനാകാത്തതോ മറ്റുള്ളവർക്കു ദോഷകരമാകാത്തതോ ആയ ശീലങ്ങളെ തിരുത്താൻ ശ്രമിക്കണ്ട.

8.തിരിച്ചു പറയുകയില്ല എന്ന ഒറ്റക്കാരണം കൊണ്ട് ഒരാളെ ലക്ഷ്യം വച്ച് കുറ്റപ്പെടുത്തുകയോ കളിയാക്കുകയോ ചെയ്യുന്നത് ഏറ്റവും മ്ലേഛമായ കാര്യമാണ്. നിങ്ങൾ പറയുന്ന അതേ നാണയത്തിൽ അയാൾ പറയാത്തത് അയാളുടെ മര്യാദയാണ്. അത് ദുരുപയോഗം ചെയ്യരുത്.

9.ഒരാളുടെ കുടുംബാംഗങ്ങളെയോ കുടുംബത്തെയോ കുടുംബ സാഹചര്യങ്ങളെയോ, നിങ്ങൾ എത്ര അടുത്ത സുഹൃത്തായാലും ഒരിക്കലും കളിയാക്കിയോ താഴ്ത്തിക്കെട്ടിയോ സംസാരിക്കരുത്. അത് ആവർത്തിക്കുക കൂടി ചെയ്താൽ, നിങ്ങൾ അയാളുടെ ആജീവനാന്ത ശത്രുവായി മാറിയേക്കാം.