ജോലിസമയത്ത് ബിയറടിക്കാം സിനിമയ്ക്കും പോകാം...ഇങ്ങനെയും ഒരു മുതലാളി!

മണി ഡോട്ട് കോ യുകെയുടെ സ്ഥാപകനായ ക്രിസ് മോര്‍ലിങ് , മോർലിങ്ങിന്റെ ഓഫീസ്

ജോലി സ്ഥലം എന്നു കേൾക്കുമ്പോൾ തന്നെ മസിൽ പിടിച്ചുള്ള ഇരുത്തവും ഒരക്ഷരം മിണ്ടാതെയുള്ള ജോലിയെടുക്കലും എല്ലാമായിരിക്കും ബഹുഭൂരിപക്ഷം ആളുകളുടെയും മനസ്സിൽ. എന്നാൽ അറിഞ്ഞോളൂ, ജോലിയുടെയും ജോലി ചെയ്യിക്കുന്ന രീതിയുടെയും ശാസ്ത്രം മാറി മറയുകയാണ്. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് ബ്രിട്ടനിലെ മണി ഡോട്ട് കോ യുകെ എന്ന സ്ഥാപനം. ഇവിടെ ഒരു ജോലി ലഭിക്കാൻ ഇന്നത്തെ തലമുറ കൊതിക്കും. അതിനുള്ള കാരണം പലതാണ്. 

മണി ഡോട്ട് കോ യുകെയുടെ സ്ഥാപകനായ ക്രിസ് മോര്‍ലിങ് തന്റെ ജീവനക്കാരെ ഒരിക്കലും വഴക്ക് പറയില്ല. കേട്ട് അത്ഭുതപ്പെടേണ്ട, സംഗതി കാര്യമാണ്. ക്രിസ് തന്റെ കമ്പനിയിലെ ജീവനക്കാർക്ക് വൻ സ്വാതന്ത്ര്യമാണ് നൽകുന്നത്. ഇഷ്ടമുള്ളത് ചെയ്യാനും പുറത്തു പോകാനും ഒക്കെയുള്ള സ്വാതന്ത്ര്യം ക്രിസ് നൽകുന്നു. അതുകൊണ്ടെന്താ, ക്രിസിനോട് ജീവനക്കാര്‍ക്ക് വലിയ ബഹുമാനവും സ്നേഹവുമാണ്. ഫലമോ, കൃത്യമായി ജോലികൾ നടക്കുന്നു. ക്രിസ് നൽകുന്ന ഈ അമിത സ്വാതന്ത്ര്യത്തെ ആരും ചൂഷണം ചെയ്യുന്നില്ലെന്നു സാരം. 

ഇനിയുമുണ്ട്, ക്രിസ് ജീവനക്കാർക്കായി കരുതി വച്ചിരിക്കുന്ന കിടിലൻ ഓഫറുകൾ. എല്ലാവര്‍ഷവും വിദേശത്ത് വിനോദസഞ്ചാരത്തിന് പോകാന്‍ ആവശ്യമായത്ര അവധി ക്രിസ് നൽകുന്നു. അതും ശമ്പളം ഉൾപ്പെടെ. ഇനിയിപ്പോൾ ജോലി ചെയ്ത് മടുത്ത്, അൽപം ബിയറോ വൈനോ കുടിക്കണം എന്നുണ്ടോ? അതും ആകാം നോ പ്രോബ്ലം. ഇടയ്ക്കൊന്നു സിനിമ കാണണം എന്നു വച്ചാലോ, ജോലി മതിയാക്കി സിസ്റ്റം ഓഫ് ചെയ്തു നേരെ പോകാം തീയേറ്ററിലേക്ക്. അതൊന്നും ക്രിസിന് വിഷയമല്ല. 

സിനിമയ്ക്കും ജിമ്മിൽ പോകാനും ഒക്കെയായി ഓരോ ജീവനക്കാരന്റെയും ശമ്പളത്തിന്റെ 40  ശതമാനമാണ് ക്രിസ് അധികമായി നൽകുന്നത്. എല്ലാ സെപ്റ്റംബറിലും തന്റെ 50 ജീവനക്കാരുമായി ക്രിസ് മോര്‍ലിങ് വിനോദസഞ്ചാരത്തിനു പോകും. ഈ യാത്രയുടെ പൂര്‍ണമായ ചെലവ് വഹിക്കുന്നത് അദ്ദേഹം തന്നെയാണ് എന്നതാണ് രസം. മാത്രമല്ല, ഇത്തരത്തിൽ തന്റെ ഒപ്പം യാത്രക്ക് വരുന്ന ജീവനക്കാർക്ക് ന്യുയോര്‍ക്കിലും കോപ്പന്‍ഹാഗനിലും ഫ്ളോറിഡയിലും നല്ല കിടിലൻ താമസ സൗകര്യങ്ങളാണ് ക്രിസ് ഒരുക്കുന്നത്. 

ഇനി ക്രിസിന്റെ നിലവിലെ ഓഫീസിനെക്കുറിച്ചു പറഞ്ഞാലോ, അതിനും ഉണ്ട് പ്രത്യേകതകൾ ഏറെ. 1867-ല്‍ പണിത ഒരു കൊട്ടാരത്തിലാണ് മോര്‍ലിങ്ങിന്റെ ഗ്ലൂസ്റ്ററിലെ ഓഫീസ് പ്രവർത്തിക്കുന്നത്. തന്റെ ഭാര്യയാണ് ഇത്തരത്തിൽ വ്യത്യസ്തമായി ബിസിനസ് നടത്താൻ തന്നെ പഠിപ്പിച്ചത് എന്ന് പറയുന്നു ക്രിസ്.  2.3 കോടി പൗണ്ടിലേറെ അറ്റാദായമുള്ള കമ്പനിയുടെ വാര്‍ഷിക ലാഭ 80 ലക്ഷം പൗണ്ടോളമാണ് എന്ന് കൂടി ചേർത്തു വായിക്കുമ്പോൾ നാം മനസിലാക്കണം, തൊഴിലാളികളോടുള്ള ഈ വ്യത്യസ്ത സമീപനം എത്ര മാത്രം ഗുണം ചെയ്തിട്ടുണ്ട് എന്ന്.