വിധി പറയലിനിടെ കുശലം ചോദിച്ച് വീണ്ടും മിയാമി ജഡ്ജി

സഹപാഠി കുറ്റവാളിയായി വന്നപ്പോൾ വിധി പ്രസ്താവനയ്ക്കിടെ കുശലം ചോദിച്ച മിയാമി ജഡ്ജി മിൻഡി ഗ്ലേസറിനെ ഓർമയില്ലേ..? വിധി പറയലിനിടെയായിരുന്നു അന്ന് ജഡ്ജി തന്റെ കൂടെ പഠിച്ച സഹപാഠിയെ ഓർത്തെടുത്തതും ഓർമ്മയില്ലേയെന്ന് ചോദിച്ചതും. ഉടൻ കുറ്റവാളി പൊട്ടിക്കരയുന്ന കാഴ്ച്ചയും നമ്മൾ കണ്ടിരുന്നു. ഇപ്പോഴിതാ അതേ ജഡ്ജി തന്നെ വീണ്ടും വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ്.

ഇത്തവണ ജഡ്ജി പരിചയം പുതുക്കുന്നത് വെക്കേഷൻ യാത്രയ്ക്കിടെ പരിചയപ്പെട്ട സഹയാത്രികനെയാണ്. കുടുംബത്തോടൊപ്പം കഴിഞ്ഞ വാരാന്ത്യം ആഘോഷിക്കുന്നതിനിടെ കപ്പലിൽ നിന്നു പരിചയപ്പെട്ട യുവാവാണ് തൊട്ടടുത്ത പ്രവൃത്തി ദിവസം പ്രതിക്കൂട്ടിൽ നിൽക്കുന്നതു കണ്ടത്. ഉടൻതന്നെ നിറഞ്ഞ ചിരിയോടെ താനും ആ കപ്പലിൽ ഉണ്ടായിരുന്നെന്നു പറഞ്ഞ് ജഡ്ജി പരിചയം പുതുക്കി. എന്നാൽ തുടക്കത്തിൽ ജഡ്ജിയെ മനസിലായില്ലെങ്കിലും പിന്നീട് അയാൾ ഓർത്തെടുക്കുകയും ചെയ്തു. കുശലാന്വേഷണങ്ങൾക്കൊടുവിൽ വീണ്ടും കോടതി നടപടിയിലേക്കു കടന്ന് കുറ്റവാളിയെ ജഡ്ജി കസ്റ്റഡിയിൽ വിട്ടു.