മോദിയെ വെല്ലുവിളിച്ച് ഒരു പതിനഞ്ചുകാരി !

ആനി റിബു ജോഷി, നരേന്ദ്ര മോദി

രാജ്യമാകെ ഇലക്ഷൻ ചൂടിൽ മുഴുകിയിരിക്കുകയാണ്. നമ്മുടെ കേരളത്തിലും തിരഞ്ഞെടുപ്പിങ്ങ‌ടുത്തിരിക്കുന്നു. സമ്മതിദാനാവകാശമുള്ള പ്രായപൂർത്തിയായ പൗരന്മാർ മാത്രമല്ല സ്കൂൾ തലത്തിലുള്ള കുട്ടികളും രാജ്യത്തെ ഭരണകർത്താക്കളുടെ ശരിതെറ്റുകളെ ചൂണ്ടിക്കാണിച്ചു തുടങ്ങിയിരിക്കുന്നു, കുറച്ചുകൂടി വ്യക്തമാക്കി പറഞ്ഞാൽ വെല്ലുവിളിച്ചു തുടങ്ങിയിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ കടുത്ത ആരാധികയും തൃശൂർ സ്വദേശിയുമായ ആനി റിബു ജോഷി. പതിനഞ്ചുകാരിയായ ആനിയ്ക്ക് മോദിയുടെ ഭരണത്തിൽ തികഞ്ഞ വിശ്വാസമുണ്ട്. പക്ഷേ ഒന്നുമാത്രം ആനിയെ അലട്ടുന്നുണ്ട് , ദിനംപ്രതി നാട്ടിൽ വർധിച്ചു കൊണ്ടിരിയ്ക്കുന്ന ലഹരിയുടെ ഉപയോഗം. ലഹരി മാഫിയയെ രാജ്യത്തുനിന്നും തുടച്ചുനീക്കാനാണ് ആനി മോദിയെ വെല്ലുവിളിക്കുന്നത്.

ലഹരി ഉപയോഗം ഇല്ലാതാക്കാനായാൽ രാജ്യത്തെ എല്ലാ പൗരന്മാരും ആരോഗ്യമുള്ളവരാകും. ലഹരിയ്ക്കെതിരെ മോദിയെടുക്കുന്ന ചുവടുകൾ വലിയൊരു മാറ്റമുണ്ടാക്കുമെന്നും ആനി പറയുന്നു. മോദിയുടെ കഴിവിൽ തനിക്കു വിശ്വാസമുണ്ടെന്നും രാജ്യത്തെ യുവതലമുറ അദ്ദേഹത്തെ ആരാധിക്കുന്നുണ്ടെന്നും പറയുന്ന ആനി ലഹരി ഉപയോഗം കൂടി നിരോധിക്കാനായാൽ അതു മോദിയുടെ വലിയൊരു നേട്ടമായിരിക്കുമെന്നും പറയുന്നു. ഇതിനായി അമേരിക്കയിൽ ബറാക് ഒബാമ എടുത്തതുപോലുള്ള മൂൺ‌ഷൂട്ട് തീരുമാനങ്ങളാണ് എടുക്കേണ്ടതെന്നും ആന്റി ഡ്രഗ് എജ്യുക്കേഷൻ ഇനീഷ്യേറ്റീവ് എസ് എന്ന ബോധവൽക്കരണ പരിപാടിയുടെ പ്രധാന പ്രവർത്തക കൂടിയായ ആനി വ്യക്തമാക്കുന്നു.