ക്ഷമ പഠിക്കാം ഈ മൂന്നുവയസുകാരനിൽ നിന്ന്!

ആഗ്രഹിക്കുന്ന സാധനം കിട്ടുംവരെയും വാശിപിടിക്കുന്നവരാണ് കൊച്ചുകുട്ടിക‌ൾ. തലകുത്തിമറിഞ്ഞും മണ്ണിലുരുണ്ടും അവർ ഉദ്ദേശിച്ച കാര്യം എങ്ങനെയും നേടിയെടുക്കും. അതിൽ നിന്നൊക്കെ വ്യത്യസ്തനാവുന്ന ഒരു കുട്ടിയാണ് ഇന്ന് ഇന്റർനെറ്റിൽ താരമാകുന്നത്. യുഎസ് സ്വദേശിയായ റൈഡർ എന്ന മൂന്നു വയസുകാരന്‍ അഞ്ചു പൂച്ചക്കുഞ്ഞുങ്ങളെയും കൊണ്ട് പാടുപെടുന്ന രസകരമായ വിഡിയോ കാണേണ്ടതു തന്നെയാണ്. പൂച്ചക്കുഞ്ഞുങ്ങളെ ഒരു സ്ഥലത്തു ഒതുക്കിയിരുത്താനാണ് കക്ഷിയുടെ ശ്രമം, എന്നാൽ സംഭവിക്കുന്നത് മറ്റൊന്നാണ്.

കുഞ്ഞിക്കൈകളില്‍ ആദ്യം രണ്ടെണ്ണത്തിനെ എടുത്തു വയ്ക്കുമ്പോഴേയ്ക്കും ബാക്കിയുള്ള മൂന്നെണ്ണം വച്ച സ്ഥലത്തുനിന്നും ഓടിപ്പോവും. അങ്ങനെ അതിനു പിന്നാലെ പോകുമ്പോഴേയ്ക്കും നേരത്തെ കൊണ്ടുവച്ച രണ്ടെണ്ണം ചാടിപ്പോയിട്ടുണ്ടാവും. ഇങ്ങനെ അഞ്ചെണ്ണത്തിനെയും കൂടി ഒന്നിച്ചിരുത്താൻ പാടുപെടുകയാണ് ഈ കുട്ടിക്കുറുമ്പൻ. ഒടുവിൽ, അവനോട് സഹതാപം തോന്നിയിട്ടാവും ഒരു പൂച്ചക്കുഞ്ഞ് അടങ്ങിയിരിക്കുന്നത് വിഡിയോയിൽ കാണാം.

ക്ഷമയോടെ പൂച്ചകളെ സാവധാനം കൊണ്ടുവന്നു വെയ്ക്കുന്ന റൈഡറിന്റെ രീതി തന്നെയാണ് ശ്രദ്ധിക്കേണ്ടത്. റൈഡറിന്റെ അമ്മയാണ് ഒന്നേമുക്കാൽ മിനുട്ടു ദൈർഘ്യമുള്ള വിഡിയോ എടുത്തത്.