വർക്ഔട്ട് സ്മാർട്ടാക്കാം സ്മാർട് ലെഗിങ്സിനൊപ്പം

അതിരാവിലെ വർക്ഔട്ടിനു പോകുമ്പോഴാണ് സ്മാർട്ഫോണിനെ ഏറ്റവുമധികം മിസ് ചെയ്യുന്നത്. ഫോൺ കയ്യിൽ വച്ച് വർക്ഔട്ട് നടക്കുന്ന കാര്യമല്ല, ഇനി വർക്ഔട്ട് കഴിഞ്ഞു തിരിച്ചെത്തുമ്പോഴേയ്ക്കും കാണാം പ്രധാനപ്പെട്ട പല കോളുകളും മിസ് ആയി കിടപ്പുണ്ടാവും. ഇത്തരക്കാർക്ക് പരിഹാരവുമായി രംഗത്തെത്തിയിരിക്കുകയാണ് ല്യൂം ലൈഫ്സ്റ്റൈല്‍ കമ്പനി. ഫാഷനൊപ്പം ടെക്നോളജിയെയും കൂട്ടിച്ചേർത്തൊരു അസൽ ഉൽപ്പന്നം പുറത്തിറക്കിയിരിക്കുകയാണ് ഇവർ. ലെഗിങ്സിനൊപ്പം സ്മാർട്ഫോൺ പോക്കറ്റും കൂടിച്ചേർന്നൊരു വ്യത്യസ്തമായ സ്മാർട് ലെഗിങ്സ് ആണ് ല്യൂം ലൈഫ്സ്റ്റൈൽ അവതരിപ്പിക്കുന്നത്.

തന്റെ തന്നെ അനുഭവത്തിൽ നിന്നുമാണ് സ്മാർട് ലെഗിങ്സിനെപ്പറ്റി ചിന്തിച്ചു തുടങ്ങിയതെന്ന് ല്യൂം സഹസ്ഥാപകൻ കൂടിയായ വെയ്റ മുങ്കൈ പറഞ്ഞു. വർക്ഔട്ടിലൂടെ 125 പൗണ്ട് ഭാരമാണ് വെയ്റ കുറച്ചത്. വിഷാദരോഗത്തിനടുത്തു വരെയെത്തിയ വെയ്റ ഭാരം തന്റ‌െ ജീവിതത്തിൽ ഒരു പ്രശ്നമാകില്ലെന്നു തെളിയിച്ചതോട‌െ അമിതവണ്ണം മൂലം പ്രയാസം നേരിടുന്നവർക്കു പേഴ്സണൽ ട്രെയിനർ ആകുവാൻ കൂടി തീരുമാനിക്കുകയായിരുന്നു. അതിനിടയിൽ ഒരു ദിവസമാണ് ഒരു പെൺകുട്ടി വർക്ഔട്ടിനിടെ ഫോൺ നോക്കി അരയിൽ തിരുകി വീണ്ടും വ്യായാമം ആരംഭിക്കുന്നതിനിടയിൽ ഫോൺ തെറിച്ചു വീഴുന്ന കാഴ്ച്ച കണ്ടത്. അങ്ങനെയാണ് സ്ത്രീകൾക്കു വേണ്ടിയൊരു ഉൽപ്പന്നത്തെക്കുറിച്ചു ചിന്തിച്ചത്.

ഫോൺ ഭദ്രമായി സൂക്ഷിക്കുമെന്നതു മാത്രമല്ല റെസ്പോൺസീവായ കവറിനു മുകളിലൂടെ ഫോൺ പോക്കറ്റിൽ വച്ചുതന്നെ ടെക്സ്റ്റ് ചെയ്യാം. മാത്രമോ ഹെഡ്ഫോൺ സൂക്ഷിക്കാനുള്ള സ്ഥലവും ഫോണിനു സമീപമായുണ്ട്. അരയിൽ നിന്നും ഊർന്നിറങ്ങാത്ത വിധത്തിലുള്ള ലെഗിങ്സാണിത്. സ്ത്രീകൾക്കു മാത്രമല്ല കേട്ടോ പുരുഷന്മാർക്കും ഈ സ്മാർട് ലെഗിങ്സ് ഉപയോഗിക്കാം, മെഷീനിൽ കഴുകാവുന്ന ലെഗിങ്സിന് 5800 രൂപയാണ് വില. ഇനി വർക്ഒട്ടുകൾ സ്മാർട്ടാക്കാം ഫോണിനെ മിസ് ചെയ്യാത‌െ....