നിങ്ങളുടെ കുഞ്ഞോമന ഇങ്ങനെയാണോ ജീവിക്കേണ്ടത്!

പെട്ടെന്നുണ്ടാകുന്ന ആക്രമണങ്ങളിൽ നിന്നു രക്ഷപ്പെടാനായി സ്ഥാപനങ്ങളിലും സ്കൂളുകളിലും നൽകുന്ന ‘ലോക്ക്ഡൗൺ ഡ്രിൽ’ പരിശീലിക്കുന്ന പെൺകുട്ടി

ആദ്യം കാണുമ്പോൾ ഒരു കൗതുകം. അത്രയേ ഉണ്ടായിരുന്നുള്ളൂ സ്റ്റേസി ഫീലി എന്ന അമ്മയ്ക്കും. ടോയ്‌ലറ്റിനു മുകളിൽ കയറി നിൽക്കുന്ന മകളുടെ കുസൃതി ചിത്രം ആ കൗതുകത്തോടെയാണ് സ്റ്റേസി പകർത്തിയതും. പക്ഷേ ഏതാനും മിനിറ്റുകൾക്കകം ആ കൗതുകം കരച്ചിലിനും വലിയൊരു ഞെട്ടലിലേക്കും വഴിമാറി. സ്റ്റേസിയുടെ മകൾ കുസൃതി കാട്ടിയതല്ല. ലോകമാകെ ശ്രദ്ധിക്കേണ്ട ഒരു കാര്യത്തിലേക്ക് അറിയാതെയാണെങ്കിലും അമ്മയുടെ ശ്രദ്ധതിരിച്ചതാണ് ആ മൂന്നു വയസ്സുകാരി. പെട്ടെന്നുണ്ടാകുന്ന ആക്രമണങ്ങളിൽ നിന്നു രക്ഷപ്പെടാനായി സ്ഥാപനങ്ങളിലും സ്കൂളുകളിലും നൽകുന്ന ‘ലോക്ക്ഡൗൺ ഡ്രിൽ’ പരിശീലിച്ചത് അമ്മയ്ക്കു കാണിച്ചു കൊടുക്കുകയായിരുന്നു അവൾ. ആക്രമണകാരി എത്തുന്ന സമയത്ത് ബാത്ത്റൂമിലാണെങ്കിൽ അവരില്‍ നിന്ന് രക്ഷനേടാൻ ടോയ്‌ലറ്റ് സീറ്റിനു മുകളിൽ പരമാവധി നേരം ബാലൻസ് ചെയ്ത്, നിശബ്ദരായി നിൽക്കാൻ ലോക്ക് ഡൗൺ ഡ്രില്ലിന്റെ ഭാഗമായി പരിശീലനം നൽകാറുണ്ട്.

യാതൊരു മുന്നറിയിപ്പുമില്ലാതെ വന്ന് സകലരെയും വെടിവച്ചു കൊല്ലുന്ന സംഭവങ്ങൾ അമേരിക്കൻ സ്കൂളുകളിൽ വർഷങ്ങളായി നടക്കുന്നു. അടുത്തിടെ ഒർലാൻഡോയിലെ നിശാക്ലബിലും നടന്നും അത്തരമൊരു സംഭവം.അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കുരുതികളിലൊന്നുമായിരുന്നു അത്. തോക്കുവിൽപന സംബന്ധിച്ചുള്ള നിയമങ്ങൾ പൊളിച്ചെഴുതണമെന്ന രാഷ്ട്രീയ ചർച്ചകൾ രാജ്യത്ത് ചൂടുപിടിക്കവെയാണ് ഒരു കൊച്ചുപെൺകുട്ടിയുടെ ചിത്രം ഇപ്പോൾ വൈറലാകുന്നത്. തോക്കിന് അനിയന്ത്രിതമായി ലൈസൻസ് നൽകുന്ന രാഷ്ട്രീയ നേതൃത്വത്തിനു നേരെ ഉള്ളുപൊള്ളിക്കുന്ന ചോദ്യങ്ങളുന്നയിച്ചാണ് സ്റ്റേസി മകളുടെ ചിത്രം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

മകളുടെ ‘ലോക്ക്ഡൗൺ ഡ്രിൽ’ പരിശീലനത്തെക്കുറിച്ച് സ്റ്റേസി ഫീലി ഫേസ്ബുക്കിൽ പോസ്റ്റു ചെയ്തപ്പോൾ

‘ഇത് നിങ്ങളുടെ കുഞ്ഞാണ്, അല്ലെങ്കിൽ പേരക്കുട്ടി, അതുമല്ലെങ്കിൽ ഇനി വരാനിരിക്കുന്ന തലമുറ...നിങ്ങളെടുക്കുന്ന തീരുമാനങ്ങളുടെ പുറത്ത് കെട്ടിപ്പടുക്കുന്ന ലോകത്താണ് ഇവരിനി ജീവിക്കേണ്ടത്. ഇവർ ഇങ്ങനെയാണോ ജീവിക്കേണ്ടത്? ബാത്ത് റൂമിൽ, ടോയ്‌ലറ്റിനു മുകളിൽ സാധിക്കാവുന്നിടത്തോളം സമയം ശ്വാസം അടക്കിപ്പിടിച്ച്, ബാലൻസ് തെറ്റാതെ എത്രനേരം നിൽക്കണം ഇവർ?’ ഇങ്ങനെ പോകുന്നു മകളുടെ ഫോട്ടോയ്ക്കൊപ്പം രാഷ്ട്രീയ നേതൃത്വമറിയാനായി സ്റ്റേസി എഴുതിയ കുറിപ്പ്.

ഈ ചെറുപ്രായത്തിൽത്തന്നെ കൂട്ടക്കൊലയെപ്പറ്റിയും മറ്റും കുട്ടികളോട് പറഞ്ഞു മനസ്സിലാക്കിക്കേണ്ടത് സങ്കടകരമായ കാര്യമാണെന്നാണ് ഇതിനൊരു കമന്റ് വന്നത്. കുട്ടികൾ പോലും എത്ര പേടിയോടെയാണ് ജീവിക്കേണ്ടി വരുന്നതെന്ന കാര്യം ഒരൊറ്റ ചിത്രത്തിലൂടെ തന്നെ വ്യക്തമാണെന്ന് മറ്റൊരു യൂസറുടെ കമന്റ്. ഇത്തരത്തിൽ പതിനായിരങ്ങളാണ് ചിത്രത്തിന് കമന്റും ലൈക്കുമായെത്തിയത്. ചിത്രം ഷെയർ ചെയ്യുന്നവരുടെ എണ്ണവും ഏറുന്നു. ‘തോക്കുകൾ നിയന്ത്രിക്കുന്നതു വഴി 100% കുറ്റകൃത്യങ്ങളും ഇല്ലാതാകുമെന്നുള്ള ചിന്തയൊന്നും ആർക്കുമില്ല. പക്ഷേ, ഒരുപക്ഷേ, ഒരുശതമാനമോ, രണ്ടു ശതമാനമോ, അൻപത് ശതമാനമോയെങ്കിലും കുറ്റകൃത്യം കുറയ്ക്കാനായെങ്കിലോ?’ സ്റ്റേസി ചോദിക്കുന്നു.

തോക്കിന്റെ ഉപയോഗം നിയന്ത്രിക്കാനുള്ള യുഎസിന്റെ ശ്രമങ്ങളെയും നിയമങ്ങളെയും മാത്രമല്ല ഇത്തരം കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്ന കാര്യങ്ങളും സ്റ്റേസി തന്റെ കുറിപ്പിൽ ചർച്ചയ്ക്ക് വിധേയമാക്കുന്നുണ്ട്. എന്തായാലും മാധ്യമങ്ങളെല്ലാം വൻപ്രാധാന്യത്തോടെ ഈ ചിത്രവും കുറിപ്പും പ്രസിദ്ധീകരിച്ചു. ചാനലുകളിൽ ചർച്ചയായി. സമൂഹമാധ്യമങ്ങളിൽ വൻ പ്രതികരണമുണ്ടാക്കുകയും ചെയ്തു. #‎dosomething‬‪#‎prayfororlando‬ ‪#‎wecandobetter ‬ എന്നീ ഹാഷ് ടാഗുകളോടെ ഫോട്ടോയും കുറിപ്പും ഷെയർ ചെയ്ത് ഒട്ടേറെപ്പേരാണ് സ്റ്റേസിക്ക് പിന്തുണയറിയിക്കുന്നത്. മിഷിഗണിൽ പ്ലാസ്റ്റിക്കിനു ബദലായുള്ള സംവിധാനം ഉപയോഗിച്ച് കുട്ടികൾക്കായുള്ള ഉൽപന്നങ്ങൾ നിർമിക്കുന്ന ഒരു കമ്പനിയുടെ സിഇഒ ആണ് സ്റ്റേസി.