മകളെ എഴുന്നേൽപ്പിക്കാൻ അമ്മയുടെ ഒന്നൊന്നര അലാം

രാവിലെ ഒരിത്തിരി നേരം അധികം കിടന്നുറങ്ങാൻ ഇഷ്ടമുള്ളവരാണ് മിക്കവരും. കുട്ടികളാണെങ്കിൽ പിന്നെ പറയുകയേ വേണ്ട. അമ്മമാർ തൊണ്ടപൊട്ടി വിളിക്കുന്നവരെ മൂടിപ്പുതച്ച് കിടന്നുറങ്ങും. ഇത്തരത്തിൽ എഴുന്നേൽക്കാൻ മടിയുള്ള മകളെ ഒരു അമ്മ എഴുന്നേൽപ്പിച്ച രീതിയാണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറലാകുന്നത്. ഉറക്കപ്രിയയായ പത്തുവയസുകാരി സോഫിയെയാണ് അമ്മ ഒരൊന്നൊന്നര അലാം സംഘടിപ്പിച്ച് ഉണർത്തിയത്.

സുഖമായി ഉറങ്ങുന്നതിനിടയിൽ നല്ല അസൽ ബാൻഡ്മേളം കേട്ടാൽ പിന്നെ എന്തായിരിക്കും അവസ്ഥ? ഒരു സംശയവുമില്ല ഉറക്കം പമ്പകടക്കും. അതു തന്നെയാണ് ഇവിടെയും സംഭവിച്ചത്. മകളുടെ ഉറക്കം കളയാനായി അമ്മ കണ്ടുപിടിച്ചത് ജാസ് ബാന്‍ഡ് സംഘത്തെയാണ്. അറ്റ്ലാന്റയിലെ എഫ്എം റേഡിയോ സംഘം അവരുടെ ബ്രേക്ഫാസ്റ്റ് ഷോയുടെ ഭാഗമായാണ് സോഫിയ്ക്കു വേണ്ടി ഉഗ്രനൊരു ഉണർത്തുസംഗീതം ഒരുക്കിയത്.

വലിയ സംഗീതം കേട്ടു ഞെട്ടിയുണരുന്ന സോഫിയ്ക്കു ആദ്യമൊന്നും സംഭവമെന്താണെന്നു പിടികിട്ടുന്നില്ല. അമ്പരപ്പോടെ ബാൻഡ് പ്രകടനം നോക്കിനിൽക്കെയാണ് എഫ്എം റേഡിയോയും അമ്മയും തനിക്കൊരുക്കിയ പണിയാണ് മുന്നിൽ നടക്കുന്നതെന്ന് സോഫിയ്ക്കു മനസിലായത്.