ഇൗ ഹീറോ ഇല്ലായിരുന്നെങ്കിൽ ആ കുട്ടി മരിച്ചേനേ..!

ചൈനയിലെ സോഷ്യൽ മാധ്യമങ്ങളിൽ ഇന്നു ഹീറോപരിവേഷമാണ് വാങ് ബാവോചെങ് എന്ന യുവാവിന്. തുടയ്ക്കാനുപയോഗിക്കുന്ന മോപ് മാത്രം ഉപയോഗിച്ച് ഒരു കുഞ്ഞിനെ മരണത്തിനു മുന്നിൽ നിന്നും രക്ഷിച്ചിരിക്കുകയാണ് വെയ്ഫാങ് സ്വദേശിയായ ബാവോചെങ്. നാലാം നിലയ്ക്കു മുകളിൽ സ്വന്തം ജീവൻ പോലും പണയപ്പെടുത്തിയാണ് ഇൗ യുവാവ് കുഞ്ഞിന്റെ ജീവൻ രക്ഷപ്പെടുത്തിയത്. ‌

പുറത്തു പോകാനിറങ്ങിയ നേരത്താണ് ബാവോചെങ് സമീപത്തുനിന്നും ഒരു കൊച്ചുപെൺകുട്ടിയുടെ കരച്ചിൽ കേട്ടത്. കേട്ടയുടൻ അങ്ങോ‌ട്ട് ഓടുകയായിരുന്നു. അവിടെ കണ്ട കാഴ്ച്ച ഭീകരമായിരുന്നു. നാലുവയസിനുള്ളിൽ മാത്രം പ്രായം തോന്നിക്കുന്നൊരു കുഞ്ഞ് ജനൽക്കമ്പികളിൽ തൂങ്ങിക്കിടക്കുന്നു. വീട്ടിൽ ആരുമില്ലാത്ത സമയത്ത് കളിച്ചുകൊണ്ടിരിക്കേ ജനലിനു സമീപത്തേക്കു വന്ന കുഞ്ഞ് മറിഞ്ഞു വീഴുകയായിരുന്നു. പക്ഷേ തല ജനലഴികൾക്കിടയിൽ കുടുങ്ങിയതിനാൽ താഴെ വീണില്ല. രക്ഷിക്കാൻ ഉച്ചത്തിൽ വിളിച്ചു കൂവുകയായിരുന്ന കുഞ്ഞിനെ തൊട്ടപ്പുറത്തെ ജനലിൽ നിന്നുകൊണ്ടാണ് ബാവോചെങ് രക്ഷിച്ചത്. കയ്യിൽ കിട്ടിയ മോപ് ഉപയോഗിച്ച് കുഞ്ഞിന് താങ്ങുനൽകിയാണ് രക്ഷപ്പെടുത്തിയത്. ഏതാണ്ട് ഇരുപതു മിനു‌ട്ടോളം ഇത്തരത്തിൽ താങ്ങുനൽകി. അപ്പോഴേയ്ക്കും വീട്ടുകാരെത്തി പെൺകുട്ടിയെ അകത്തേക്ക് വലിച്ചെടുക്കുകയായിരുന്നു. ഏറെനേരം തൂങ്ങിക്കിടന്നതു മൂലം ഭയന്ന പെൺകുട്ടിക്ക് മറ്റു പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല.