മസാലദോശബർഗറോ? കൂട്ടത്തിൽ സാമ്പാർ ഷെയ്ക്കും ഇഡ്‍ലി പീസയും കൂടി കിട്ടുമോ?

Representative Image

ഭക്ഷണകാര്യത്തിൽ താൽപര്യമില്ലാത്തവർ വളരെ കുറവാണ്. സ്വാദിഷ്ടമായ ഭക്ഷണം അതെവിടെക്കിട്ടിയാലും തേടിപ്പിടിച്ചു പോകുന്നവരുണ്ട്. പലരുടെയും യാത്രകൾ േപാലും രുചികരമായ തനതു ഭക്ഷണങ്ങൾക്കു വേണ്ടിയാണ്. ഭക്ഷണത്തിൽ മുമ്പിലാണ് ദോശയുടെ സ്ഥാനം. ചമ്മന്തിയും ചട്നിയും കൂട്ടി ചു‌ടുദോശ കഴിക്കാൻ ആര്‍ക്കാണിഷ്ടമില്ലാത്തത്? മസാലദോശയാണെങ്കിൽ പിന്നെ പറയുകയും വേണ്ട.

അപ്പോൾ പറഞ്ഞു വന്നത് മറ്റൊന്നുമല്ല ആളുകളുടെ ഈ മസാലദോശ പ്രേമം കണക്കിലെ‌ടുത്താണോ എന്തോ ഫാസ്റ്റ്ഫുഡ് രംഗത്തെ അതികായരായ മക്ഡൊണാൾഡ് ബ്രാൻഡ് ഇപ്പോൾ തങ്ങളുടെ ബർഗറിനൊപ്പം മസാലദോശയെക്കൂടി ഉള്‍പ്പെ‌ടുത്തി മസാലദോശ ബർഗർ പുറത്തിറക്കുകയാണത്രേ. മുളകുപൊടി സോസിനൊപ്പമാണ് മസാല ദോശബർഗർ പാത്രത്തിനു മുന്നിലെത്തുക.

Representative Image

ന്യൂജെൻസിന്റെ പ്രിയ ഭക്ഷണത്തിന്റെ പട്ടികയില്‍ ബർഗറും പീസയുമൊക്കെ ഇടം നേടിയപ്പോഴും നാടൻ വിഭവങ്ങള്‍ക്കു യാതൊരു പഞ്ഞവുമുണ്ടായിരുന്നില്ല. എത്രയൊക്കെ നഗരവൽക്കരിക്കപ്പെട്ടാലും തനതു രുചിയെ മറക്കാൻ തങ്ങൾക്കാവില്ലെന്നു തെളിയിക്കുകയായിരുന്നു അവർ. ഇപ്പോൾ മക്ഡൊണാൾഡ്സ് മസാലദോശ ബർഗർ പുറത്തിറക്കുകയാണെന്ന് പറയുമ്പോഴും അതാർക്കും അത്ര ദഹിച്ച മട്ടില്ല. ട്വിറ്ററിലാകെ മസാലദോശ ബർഗറിനെ കളിയാക്കിയുള്ള ട്വീറ്റുകളുടെ പെരുമഴയാണ്.

മക്ഡൊണാൾഡ്സിന്റെ മസാലദോശ ബർഗർ ബാംഗളൂരിൽ നിന്നും ഒരു എൻആർഐ യുഎസിലെ ഗൂഗിളിൽ ജോലി ചെയ്യുന്ന പോലെയാണെന്നും മസാല ദോശ ബർഗർ മുക്കി കഴിക്കാൻ സാമ്പാർ കൂടി കിട്ടുമോയെന്നും സാമ്പാർ ഷെയ്ക്കിനും ഇഡ്‍ലി പീസയ്ക്കും വേണ്ടി കാത്തിരിക്കുകയാണെന്നും ഈ പുത്തൻ തീരുമാനത്തിലൂടെ കൂടുതൽ അധിക്ഷേപിക്കപ്പെട്ടത് മസാലദോശയാണോ അതോ ബർഗര്‍ ആണോ എന്നും പോകുന്നു ട്വീറ്റുകൾ.

എന്തായാലും മസാലദോശ ബർഗർ പുറത്തിറങ്ങാനായി കാത്തിരിക്കുകയാവും യങ്സ്റ്റേഴ്സ്... സംഗതി പാളിപ്പോയാൽ പിന്നെ ട്രോളുകളുടെ പെരുമഴയായിരിക്കുമെന്നു പ്രത്യേകം പറയേണ്ടല്ലോ...