അമ്മയെപ്പോലെ സുന്ദരിക്കുട്ടി, കോംപ്ലിമെന്റിനൊപ്പം സ്റ്റൈലിഷ്!

ആദ്യ ഫാഷൻ ഐക്കൺ അമ്മയാണ് പെൺകുട്ടികൾക്ക്. അമ്മയെപ്പോലെ വസ്ത്രം ധരിക്കണമെന്നും ഒരുങ്ങണമെന്നുമാകും പിച്ചവയ്ക്കുന്ന കാലത്ത് അവരുടെ ഫാഷൻ ഗോൾ. അമ്മമാർക്കാകട്ടെ തന്റെ ഫാഷൻ സെൻസും ഭാവനവിലാസമെല്ലാം പരീക്ഷിച്ചു മകളെ സുന്ദരിക്കുട്ടിയാക്കണം എന്നു മനസിൽ ലഡു പൊട്ടുകയും ചെയ്യും. ‘അമ്മയെപ്പോലെ സുന്ദരിക്കുട്ടി’ എന്ന കോംപ്ലിമെന്റ് അമ്മയെയും മകളെയും ഒരുപോലെ സന്തോഷിപ്പിക്കും. ഏതായാലും ഫാഷൻ ലോകത്ത് ‘ലൈക് മദർ, ലൈക് ഡോട്ടർ’ ട്രെൻഡ് പച്ചപിടിക്കുകയാണ്.

അമ്മയെയും മകളെയും ഒരുപോലെ ഒരുക്കാൻ ലക്ഷ്യമിട്ട് വിവിധ ബ്രാൻഡുകളും രംഗത്തുണ്ട്. വസ്ത്രങ്ങൾ മാത്രമല്ല ആക്സസറീസിൽ വരെ ‘മിനി മി’ തരംഗം അലയടിക്കുന്നു. ഫാഷൻ റൺവേയിലും അമ്മ–മകൾ വസ്ത്രങ്ങൾ രംഗത്തെത്തിയിരുന്നു.

ആഘോഷാവസരങ്ങളിലേക്ക് അമ്മയ്ക്കും മകൾക്കുമായി കസ്റ്റമൈസ്ഡ് ഡിസൈനർ വസ്ത്രങ്ങൾ ഒരുക്കുന്നുണ്ട് ബുത്തീക്കുകൾ. ഇതിനു പുറമേ കാഷ്വൽ വെയറിലും മിനി മി പീസുകൾ ലഭ്യമാണ്. അൽപം ശ്രദ്ധയോടെ തിരഞ്ഞെടുത്താൽ അമ്മ– മകൾ ടീംസ്പിരിറ്റ് ആകർഷകമാക്കാം, കോംപ്ലിമെന്റ്സും നേടാം.

∙ ഡിസൈനർ ഹെവി വസ്ത്രങ്ങൾ ഒഴിവാക്കണമെന്നുള്ളവർക്ക് മാച്ചിങ് ടീഷർട്ട് /ഷർട്ട് തിരഞ്ഞെടുക്കാം. ഒരുപോലെയുള്ള ഡിസൈനോ/ ടെക്സ്റ്റോ ഉൾപ്പെടുത്തി കസ്റ്റമൈസ്ഡ് ഷർട്സ് തയാറാക്കിയാൽ ശ്രദ്ധിക്കപ്പെടുമെന്നുറപ്പ്.

∙ പൂർണമായും ‘മിനി മി’ ലുക്ക് ഉൾപ്പെടുത്താതിരിക്കുകയാണു നല്ലത്. നിറങ്ങളിലോ പാറ്റേണിലോ സാമ്യം ഉറപ്പാക്കാം. ജീൻസ്, ഒപ്പം ലോങ് സ്‌ലീവ്ഡ് ഷർട് & സ്കാർ‌ഫ് ധരിക്കുകയാണെങ്കിൽ മാച്ചിങ് കിറുകൃത്യമാകണമെന്നു നിർബന്ധം പിടിക്കേണ്ട. അതേസമയം ഒരേ നിറങ്ങൾ തിരഞ്ഞെടുക്കാം.

∙ അമ്മയും മകളും ഒരുപോലുള്ള വസ്ത്രം ഒരുക്കുമ്പോൾ കുട്ടിയുടെ പ്രായം കൂടി കണക്കിലെടുത്തു വേണം ഡിസൈൻ ചെയ്യാൻ. അമ്മ ഒരുപക്ഷേ ബോഡി ഹഗ്ഗിങ് ആയുള്ള ഡ്രസ് ധരിക്കുമ്പോൾ മകൾക്ക് അതു വേണ്ട. വ്യത്യസ്തമായ മെറ്റീരിയലോ, പാറ്റേണോ തിരഞ്ഞെടുക്കാം.
∙ ആക്സസറീസും ഒരുപോലെ പ്രധാനം. ഹോളിവുഡ് നടി ആഞ്ചലീന ജോലിയും മകൾ സാറയും ഒരേപോലുള്ള ഹാൻഡ്ബാഗുമായി നിൽക്കുന്ന ചിത്രം ശ്രദ്ധനേടിയിരുന്നു.