ഓണത്തിനൊരുങ്ങാം, കിടിലൻ ലുക്കിൽ

ഓണമിങ്ങെത്തി. ഓണക്കോടി എന്നൊക്കെ കേൾക്കുമ്പോൾ പോയ തലമുറയ്ക്കുണ്ടാകുന്ന കുളിരൊന്നും ന്യൂജെൻ കക്ഷികൾക്കില്ല. കാരണം, കോടി വാങ്ങാൻ ഓണം വരെ കാത്തിരിക്കേണ്ട അവസ്ഥ പുതിയ കാലത്തെ പിള്ളേർക്കു കേട്ടുകേൾവി പോലുമില്ല. അവർക്കു മിക്കവാറും എല്ലാം മാസവും പുതിയതായി എന്തെങ്കിലുമൊക്കെയുണ്ടാകും വാർഡ്റോബിൽ ഇടംപിടിക്കാൻ. ഏറ്റവും കുറഞ്ഞത്, ഒരു ഷ്രഗ് അല്ലെങ്കിൽ സ്കാർഫ് എങ്കിലും സ്വന്തമാക്കിയില്ലെങ്കിൽ ആകെയൊരു തിക്കുമുട്ടലാണ്. ഇങ്ങനെയൊക്കെയാണെങ്കിലും ഓണത്തിനു കോടിയെടുക്കുക തന്നെ ചെയ്യും. അതും കേരളീയമായ വസ്ത്രം തന്നെ തിരഞ്ഞെടുക്കും. എല്ലാവരും കസവു സെറ്റുമുണ്ടും പട്ടുപാവാടയും ഇട്ടുവരുമ്പോൾ ഇതിൽ തന്നെ എങ്ങനെ വ്യത്യസ്തതയുണ്ടാക്കാം എന്ന കാര്യത്തിലേ പെൺകുട്ടികൾ ശ്രദ്ധയൂന്നുന്നുള്ളു.

സെറ്റുമുണ്ടിലും കേരള സാരിയിലും ഏറെ പുതുമകളാണ് ഇപ്പോഴുള്ളത്. ബോർഡറിലെ കസവിൽ തന്നെ നിറമുള്ള ഡിസൈനുകൾ ഇടകലർന്നു വരുന്നവയാണ് ഒരിനം. പതിവു കോടി നിറത്തിനു പകരം നിറമുള്ള കേരള സാരികളും ട്രെൻഡാണ്. കേരള സാരിയിൽ ടിഷ്യു സാരികൾ ഹിറ്റ് ചാർട്ടിൽ മുന്നിലാണെങ്കിലും അൽപ്പം വിലയേറുമെന്നതിനാൽ മുതിർന്ന സ്ത്രീകളാണ് ഇതിന്റെ ആരാധകർ. ബോർഡറിലും പല്ലവിലും വെള്ളിക്കസവുള്ള കേരള സാരികൾ വ്യത്യസ്തത ഇഷ്ടപ്പെടുന്നവർക്കായുള്ളതാണ്. ബോഡിയിൽ ഗോൾഡൻ സ്ട്രൈപ്സുള്ള സാരികളുണ്ട്. ബോഡിയിലെ ചെക്ക് ഡിസൈനാണ് മറ്റൊരു സ്റ്റൈൽ. ജ്യാമിതീയ രൂപങ്ങൾ ബോർഡറിൽ വരുന്ന സെറ്റുമുണ്ടുകളും സാരികളുമുണ്ട്. പണ്ടത്തെ പുളിയിലക്കരയോട് ഇപ്പോൾ താത്പര്യം ഏറിയിരിക്കുന്നു. ഒട്ടും കൃത്രിമത്വമില്ലാത്ത ‘തനതു ലുക്ക്’ ആണ് ഇതിനെ പ്രായഭേദമെന്യെ സ്ത്രീകൾക്കിടയിൽ വീണ്ടും തരംഗമാക്കിയിരിക്കുന്നത്. ഇതിനോടൊപ്പം ടുബൈടുവിന്റെയോ കോട്ടൺ സിൽക്കിന്റെയോ ബ്ലൗസാണ് ഇണങ്ങുക. സിൽക് ബ്ലൗസുകൾ ഒഴിവാക്കാം. 

കേരള സാരിയിൽ മ്യൂറൽ പെയിന്റിങ് ചെയ്തവ ഇടക്കാലത്ത് അൽപ്പമൊന്നു മങ്ങിയെങ്കിലും ഇപ്പോൾ വീണ്ടും ഉയർന്നുവന്നിട്ടുണ്ട്. മുൻപ് കഥകളി രൂപങ്ങളും ഫ്ളോറൽ പ്രിന്റും കൃഷ്ണരൂപവുമൊക്കെയായിരുന്നു സാരിയിൽ പ്രത്യക്ഷപ്പെട്ടിരുന്നതെങ്കിൽ ഇപ്പോൾ പക്ഷേ, ഹെവി പെയിന്റിങ്ങുകളാണ് ഇത്തരത്തിൽ സാരികളിലുള്ളത്. ചുവർചിത്രങ്ങൾ പോലെ തന്നെ ഏറെ സൂക്ഷ്മതയോടെ ചിത്രീകരിക്കപ്പെട്ടവയുമുണ്ട്.

സെറ്റുസാരിയോടു സാമ്യം തോന്നിക്കുന്ന നിറങ്ങളിലുള്ള ബാവഞ്ചി സാരികൾക്കും ഏറെ ആരാധകരുണ്ട്. ചന്ദന നിറത്തിലോ, ഓഫ് വൈറ്റിലോ ഉള്ള സാരിയിൽ സുവർണ ബാവഞ്ചി ബോർഡർ കൂടി വരുന്നതോടെ ആഢ്യത കൂട്ടിനെത്തുകയായി. ഇതിനു ‘വിത് ബ്ലൗസ്’ ധരിക്കാതെ ഷിമ്മർ മെറ്റീരിയലിലുള്ള ബ്ലൗസ് ധരിച്ചാൽ ഇരട്ടി ഭംഗിയായി. ഇളം നിറങ്ങളിലുള്ള ഖദർ സിൽക് സാരികളും ഓണക്കാല വസ്ത്രമായി തിരഞ്ഞെടുക്കാവുന്നതാണ്. ഓണം മുന്നിൽ കണ്ട് ഖാദി, കൈത്തറി സാരികളുടെ വലിയ ശേഖരം തന്നെ ഷോറൂമുകളിലെത്തിയിട്ടുണ്ട്.

ക്രിസ്ത്യൻ വധുക്കളുടെ വേഷവിധാനത്തെ അനുസ്മരിപ്പിക്കുന്ന സാരികളും കേരളീയ തനിമയിൽ എത്തുന്നുണ്ട്. ഓഫ് വൈറ്റ് സാരിയിൽ ഹാൻഡ് എംബ്രോയ്ഡറി, ചിക്കൻ വർക്, കട്ട് വർക് എന്നിവ ചെയ്തെടുത്ത സാരികളാണ് ഇത്തരത്തിലുള്ളത്. സീക്വെൻസും ബീഡ്സുമൊക്കെ പതിച്ച് മെറ്റാലിക് ഇഫക്ട് നൽകിയ ബ്ലൗസുകളാണ് ഇവയ്ക്കൊപ്പം യോജിക്കുക. റെഡിമെയ്ഡ് ബ്ലൗസുകളും ഈ സ്റ്റൈലിൽ ലഭ്യമാണ്.

യുവാക്കൾക്കിടയിൽ മുൻപു ഹരമായിരുന്ന റെഡിമെയ്ഡ് ബോർഡറും ബ്രൊക്കേഡ് ബോർഡറുമൊക്കെയുള്ള സെറ്റുമുണ്ടുകൾ ഏറെ മുൻപേ ഔട്ടായിക്കഴിഞ്ഞു. അത്രയ്ക്കൊന്നും തിളക്കമില്ലാത്ത, എന്നാൽ വൈവിധ്യം കൊണ്ടു ശ്രദ്ധ നേടുന്ന ചില ഐറ്റംസാണ് ഇത്തവണ ‘ഇൻ’ ആയി നിൽക്കുന്നത്. അനിമൽ പ്രിന്റോ, ഇക്കത് പ്രിന്റോ ഒക്കെയാണ് ഇങ്ങനെ ബോർഡറിൽ പ്രത്യക്ഷപ്പെടുന്നത്. ഇതിനു കോൺട്രാസ്റ്റ് നിറത്തിലുള്ള പ്ലെയിൻ ബോർഡർ കൂടി ഉണ്ടാകും. കോട്ടൺ, അല്ലെങ്കിൽ സിൽക്കിൽ ഉള്ള ബോർഡറുകളാണ് ഇങ്ങനെ തിരഞ്ഞെടുക്കുന്നത്. 

പെൺകുട്ടികൾക്കിടയിലാണെങ്കിൽ ദാവണി അൽപ്പമൊന്ന് അരങ്ങൊഴിഞ്ഞു നിൽക്കുകയാണ്. നീളൻ പാവാടയും ബ്ലൗസുമാണ് ഇപ്പോൾ ട്രെൻഡ്. നീളൻ പാവാടയിൽ തന്നെ പതിവു പട്ടുപാവാടകളെക്കാൾ ബോർഡറിൽ വ്യത്യസ്തതയുള്ള പാവാടകൾക്കാണ് ആവശ്യക്കാരേറെ. ഇഷ്ടപ്പെട്ട മെറ്റീരിയലിലുള്ള പ്രിന്റഡ് പാവാടയ്ക്ക് കോൺട്രാസ്റ്റ് ആയി സാറ്റിൻ ബോർഡർ കൊടുക്കുന്നവരുണ്ട്. അനിമൽ പ്രിന്റ്, ഫ്ലോറൽ പ്രിന്റ് സ്കർട്ടുകൾക്കു കസവിന്റെ ബോർഡർ നൽകി വ്യത്യസ്തത കൊണ്ടുവരാനും പെൺകുട്ടികൾക്ക് ഇഷ്ടമാണ്. ഇവയ്ക്കൊപ്പമണിയുന്ന ബ്ലൗസിനു ത്രീഫോർത്ത് സ്ലീവ് ഉറപ്പ്. സ്ലീവിന്റെ അറ്റത്ത് സ്കർട്ടിന്റെ ബോർഡറിലുള്ള മെറ്റീരിയൽ കൊണ്ടു പൈപ്പിങ് നൽകാം. പ്ലെയിൻ സിൽക് സ്കർട്ടിനൊപ്പം പ്രിന്റഡ് ഷോർട് കുർത്തി ധരിക്കാൻ ഇഷ്ടപ്പെടുന്നവരുമുണ്ട്.

ഇത്തവണ ഓണക്കാലത്ത് പതിവിൽനിന്നു വ്യത്യസ്തമായി ആഭരണങ്ങളോടു പെൺകുട്ടികൾ വലിയ കമ്പം കാണിക്കുന്നില്ല. മുൻപ് ഓണമായാൽ കേരളീയ വസ്ത്രങ്ങളോടൊപ്പം അമ്മയുടെയോ മുത്തശ്ശിയുടെയോ ആഭരണപ്പെട്ടിയിൽനിന്നു ചൂണ്ടിയെടുത്തിരുന്ന ട്രഡീഷനൽ ആഭരണങ്ങളാണു മിക്ക പെൺകുട്ടികളും അണിഞ്ഞിരുന്നത്. ഇപ്പോൾ പക്ഷേ, മിക്കവരും നല്ല കൊത്തുപണികളുള്ള ഒരു ജുംകയിൽ ഒതുക്കുകയാണ് ആഭരണം. മാല ധരിക്കണമെന്നുള്ളവർ ലക്ഷ്മീദേവി, ഗണേശ രൂപങ്ങൾ കൊത്തിയ പതക്കമുള്ള മുത്തുമാലകളാണ് കൂടുതലായി തിരഞ്ഞെടുക്കുന്നത്.

പുരുഷ ഫാഷനിൽ ഇത്തവണയും ഏറെ പരീക്ഷണങ്ങളില്ല. മുണ്ടും മുട്ടിറക്കമുള്ള കുർത്തിയുമാണു പൊതുവെ ട്രെൻഡായിട്ടുള്ളത്. ഇതോടൊപ്പം കസവോ, കര – കസവ് മിക്സോ ബോർഡറുള്ള മുണ്ട് ധരിക്കാം. മുണ്ട് ഉടുത്തു നടന്നാൽ അഴിഞ്ഞു പോകുമെന്നു ഭയക്കുന്നവർക്കായി വെൽക്രോ തുന്നിയ മുണ്ടുകളുണ്ട്. ഇത് ഒട്ടിച്ചുവച്ചാൽ പിന്നെ നൃത്തച്ചുവടുകൾ വയ്ക്കാൻ പോലും ഭയക്കേണ്ടതില്ല. ഇനി കേരളീയത ഒരുപടി കൂടി മേലെ വേണമെന്നുണ്ടെങ്കിൽ ഒരു വേഷ്ടി കൂടി ധരിക്കാം. അതു ഭംഗിയായി മടക്കി കഴുത്തിലൂടെ വളച്ചു തുമ്പുകൾ മുന്നിലേക്കിടാം. കുർത്തി വേണ്ടാത്തവർക്ക് ലിനൻ, ജ്യൂട്ട് ഷർട്ടുകൾ തിരഞ്ഞെടുക്കുകയുമാകാം. ഖദർ സിൽക്കിനും പുരുഷന്മാർക്കിടയിൽ ആരാധകരുണ്ട്.