ഓണക്കാലത്ത് കീശ കാലിയാക്കാതെ നടത്താം ഷോപ്പിങ്

ഷോപ്പിങ് ഇല്ലാതെ എന്ത് ആഘോഷം!! ഓണക്കാലത്ത്  ഡിസ്കൗണ്ടുകള്‍ കൊണ്ട് നാട് നിറയുമ്പോള്‍ പോക്കറ്റ്‌ അറിയാതെ സാധനം വാങ്ങിപ്പോകുമെന്നത് ഉറപ്പ്. പോക്കറ്റ്‌ കാലിയാകുന്നതിനൊപ്പം ആവശ്യമില്ലാത്ത സാധനങ്ങള്‍ വാങ്ങിച്ചു കൂട്ടിയതിന്റെ കുറ്റബോധവും ബാക്കി. ചില കാര്യങ്ങളില്‍  ശ്രദ്ധവച്ചാല്‍ ഒഴിവാക്കാവുന്നതേ ഉള്ളൂ ഷോപ്പിങ്ങിനിടയിലെ പല അബദ്ധങ്ങളും.

1) ആദ്യം ചിന്തിക്കേണ്ടത് ബജറ്റ് ലിമിറ്റ് 

നിങ്ങൾക്ക് ചെലവാക്കാന്‍ കഴിയുന്ന തുകയുടെ പരിധി നിശ്ചയിക്കുക, അത്  വരവറിഞ്ഞു ചെലവാക്കാന്‍ നിങ്ങളെ സഹായിക്കും. കടയില്‍ ചെന്ന് ആദ്യം ആവശ്യമുള്ള സാധനങ്ങള്‍ മാത്രം തിരഞ്ഞെടുക്കുക. എന്നിട്ടും കാശു ബാക്കി വരുന്നുണ്ടെങ്കില്‍ നിങ്ങളെ കൊതിപ്പിക്കുന്ന സാധനങ്ങള്‍ വില നോക്കിയ ശേഷം ഷോപ്പിങ് ബാസ്കറ്റില്‍  ഇടാം.

2) അമിതാവേശം  പോക്കറ്റിനു ഹാനികരം

ഡിസ്കൗണ്ട് എന്ന് കണ്ടപാടെ  വീണ്ടുവിചാരമില്ലാതെ സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നവരാണ് പലരും. പിന്നീടു വീട്ടില്‍ വന്നിട്ട് സാധങ്ങള്‍ നോക്കുമ്പോഴാകും ആവശ്യമില്ലാത്ത എത്ര സാധനങ്ങളാണ്   വാങ്ങി കൂട്ടിയെന്നു തിരിച്ചറിയുന്നത്‌. ഇവയില്‍ പലതും പിന്നീടു അധികം ഉപയോഗിക്കുക പോലും ചെയ്യാറില്ല. ഇത്തരം അനുഭവങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടായിട്ടുണ്ടെങ്കില്‍ ഓരോ സാധനവും  ആവശ്യമുണ്ടോ എന്ന് സ്വയം വിലയിരുത്തിയിട്ട് മാത്രം വാങ്ങുക. സാധനങ്ങള്‍ തിരഞ്ഞെടുത്തിട്ടു ബില്‍ ഇടാന്‍ നിൽക്കുമ്പോള്‍ വാങ്ങിയ  സാധനങ്ങളിലൂടെ ഒന്നു കൂടെ കണ്ണോടിച്ച് ഉറപ്പു വരുത്താം. അപ്പോള്‍ വേണ്ടെന്നു തോന്നുന്നത് തിരികെ വയ്ക്കാന്‍ ലജ്ജിക്കേണ്ടതില്ല. 

3) സമയമെടുത്ത്‌ പരിശോധിക്കാം

തിരക്കില്‍ സാധനങ്ങള്‍ നോക്കാന്‍ സമയമില്ല എന്നു വരാം എന്നാലും ഗുണനിലവാരം നോക്കാന്‍ ഒട്ടും  ഉപേക്ഷ  വിചാരിക്കരുത്. ഗുണനിലവാരം കുറഞ്ഞ സാധനങ്ങള്‍  ഡിസ്കൗണ്ട് ചേർത്ത് കുറച്ചു വില്‍ക്കുന്നതല്ല എന്ന് ഉറപ്പാക്കണം. അതു മാത്രമല്ല സാധനം വാങ്ങിയ ശേഷം നിങ്ങള്‍ വാങ്ങിയ സാധനങ്ങള്‍ മാറി പോയിട്ടില്ലെന്നും അത് തന്നെയാണ് നിങ്ങൾക്ക് തന്നിരിക്കുന്ന കവറില്‍ ഉള്ളതെന്നും ഉറപ്പു വരുത്തുക. ഒപ്പം  ബില്ലും സാധനങ്ങളില്‍ ഉള്ള വിലയും ഒത്തു നോക്കാം . വാറന്റി ഉള്ള സാധനമാണെങ്കില്‍  വാറന്റി കാര്‍ഡ്‌ കൂടെ തന്നിട്ടുണ്ടോ എന്നും ഉറപ്പു വരുത്തുക .

 4) വീട്ടില്‍ എത്തി കഴിഞ്ഞു മനസ്സില്‍ കരുതേണ്ടത്

വീട്ടില്‍ എത്തിയ ഉടനെ വാങ്ങിയ വസ്ത്രങ്ങളിലെ ടാഗ് പൊട്ടിച്ചു കളയരുത് . ഡ്രസ്സ്‌ അണിഞ്ഞു നോക്കി ഇഷ്ടപെട്ടില്ലെങ്കില്‍ മാറിയെടുക്കാന്‍ അത് തടസ്സമായേക്കും. വാറന്റി കാര്‍ഡ്‌, ബില്ലുകള്‍ എന്നിവ ഉടന്‍ തന്നെ ഫയലില്‍ ആക്കി അലമാരയില്‍ സൂക്ഷിക്കാം. 

ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ തന്നെ ഷോപ്പിങ്ങില്‍ പറ്റുന്ന പ്രധാന അബദ്ധങ്ങള്‍ ഒഴിവാക്കാം. മനസ്സില്‍ വയ്ക്കേണ്ടത് ഇത്ര കൂടി- മൂന്നു  തരത്തില്‍ ആണ് നമുക്ക് വാങ്ങേണ്ട സാധനങ്ങള്‍ ഉള്ളത്- അത്യാവശ്യം, ആവശ്യം പിന്നെ അനാവശ്യം. അത്യാവശ്യം വേണ്ട വസ്തുക്കള്‍ ആദ്യം തിരഞ്ഞെടുക്കാം, പിന്നീടു ബഡ്ജറ്റിലെ ബാക്കിവരുന്ന തുകയില്‍ നിന്നും അവശ്യസാധനങ്ങളും  വാങ്ങാം. ശേഷം തുക വന്നാല്‍ അതില്‍ നിന്നും നിങ്ങൾക്ക് മനസ്സിന് സന്തോഷം നല്‍കുന്നവ, അത് അനവശ്യമാണെങ്കില്‍ കൂടെ ഒന്നോ രണ്ടോ ഉൾപ്പെടുത്താം. അപ്പോഴും മറക്കരുത്, കാശ് ചെലവാക്കാന്‍ മാത്രമല്ല, സേവ് ചെയ്യാന്‍ കൂടിയുള്ളതാണെന്ന്.

അപ്പോള്‍ ഹാപ്പി ഷോപ്പിങ്.