മീന്‍ വീട്ടിലെത്തും, ചട്ടിയിൽ തട്ടാൻ പാകത്തിന്

മീനേ...പൂയ്... ഈ വിളിയില്ലാതെ മൊബൈൽ ആപ്പിൽ മീൻ വിട്ടിലെത്തിക്കാം. അതും വൃത്തിയാക്കി ചട്ടിയിൽ തട്ടാൻ പാകത്തിൽ. കറിവയ്ക്കാൻ അറിയില്ലെങ്കിൽ അതിലേക്കും കൊണ്ടുപോകും ഈ മൈബൈൽ ആപ്പ്. ഡെയ്‌ലി ഫിഷ് എന്ന മൊബൈൽ ആപ് അല്ലെങ്കിൽ ഡെയ്‌ലിഫിഷ്.ഇൻ എന്ന വെബ്സൈറ്റ് വഴിയോ മീനോ ഞണ്ടോ ചിത്രവും വിലയും കണ്ട് ബുക്ക് ചെയ്യാം. പക്ഷേ നിലവിൽ കൊച്ചിനഗരത്തിനു ചുറ്റുവട്ടമുള്ളവർക്കേ ഈ സേവനം ആസ്വദിക്കാൻ കഴിയൂ. തോപ്പുംപടി, വടുതല, ഇടപ്പള്ളി, കാക്കനാട്, മരട് ഉൾപ്പെടുന്ന നഗരവൃത്തത്തിനുള്ളിൽ ബുക്കുചെയ്ത് രണ്ടുമണിക്കൂറിനുള്ളിൽ വൃത്തിയാക്കിയ മീനുമായി ആൾ വീട്ടിലെത്തും.

രാവിലെ വീട്ടിൽ നിന്നും ഇറങ്ങി ജോലിക്കുപോകുകയും രാത്രി തിരിച്ചെത്തുകയും ചെയ്യുന്നവർക്കാണ് ഇത് ഏറെ സഹായമാകുക. ബസിലോ ട്രെയിനിലോ ഓഫിസിലോ ഇരുന്ന് മീൻ ബുക്ക് ചെയ്യാം. വീട്ടിലെത്തുന്ന മുറക്ക് മീനും എത്തുന്ന തരത്തിൽ സംഗതി ക്രമീകരിക്കാം. ഇനി എത്താൻ വൈകും എന്നുണ്ടെങ്കിൽ ഡെലിവറി അഡ്രസ് മാറ്റിനൽകി അടുത്ത വീട്ടിലേക്കോ ഫ്ലാറ്റിലേക്കോ മീനെ വഴിതിരിച്ചുവിടുകയും ചെയ്യാം.

ചെമ്മീൻ, നെത്തോലി, ഏരി, കലവ,അയല, നെയ്മീൻ, വറ്റ, ആവോലി, കരിമീൻ, നങ്ക്, ഞണ്ട്, കൂന്തൾ...എന്നിങ്ങനെപോകുന്നു നിലവിലെ പട്ടിക. മൽസ്യലഭ്യത അനുസരിച്ച് മറ്റുള്ളവകൂടി പട്ടികയിൽ ഉൾപ്പെടുത്തുമെന്നാണ് ഉപഭോക്തൃസമ്പർക്ക സംവിധാനത്തിൽ നിന്നും അറിയിച്ചിട്ടുള്ളത്. മീൻവാങ്ങാൻ പുതുതായി രജിസ്റ്റർ ചെയ്യുന്നവർക്ക് ആദ്യ വാങ്ങലിൽ 100രൂപയുടെ ഇളവുകിട്ടും. പിന്നീട് 300രൂപയിൽകൂടുതൽ മീൻ വാങ്ങുമ്പോഴും കിട്ടും നൂറുരൂപ സൗജന്യം. ഇതോടെ 200രൂപയുടെ സൗജന്യം അവസാനിക്കും. മൊബൈൽ ആപ്പ് രജിസ്റ്റർ ചെയ്യാനായി മറ്റൊരാൾക്ക് അയക്കുന്ന പഴ്സനൽ കോഡ് ഉപയോഗിച്ച് പുതിയ ആൾ ആദ്യമായി മീൻ വാങ്ങിയാൽ അയച്ചയാൾക്കും കിട്ടും 100രൂപയുടെ മീൻവാങ്ങാനുള്ള തുക. രാവിലെ 10–12.30, ഉച്ചകഴിഞ്ഞ് 2–4.30, 6–8.30 എന്നിങ്ങനെയാണ് സൗജന്യമായി വീട്ടിൽ കൊണ്ടുവന്നുതരുന്ന സമയം.

ഈ ആപ്പ് ഉപയോഗിക്കുന്നതെങ്ങിനെയെന്നുകൂടി പറയാം. ആപ് സ്റ്റോറിൽ നിന്നും ഡെയ്‌ലിഫിഷ് ഡൗൺലോഡ് ചെയ്ത് മൊബൈൽ നമ്പർ നൽകി രജിസ്റ്റർ ചെയ്യുക. ആപ്പിന്റെ ഹോംപേജിൽ നിന്നും ഏതാണ് മീൻ വേണ്ടതെന്ന് ചിത്രവും വിലയും നോക്കി തിരഞ്ഞെടുക്കുക. ആഡ് എന്ന ബട്ടനിൽ അമർത്തി വിവിധ തരത്തിലുള്ള മീനുകളെ തിരഞ്ഞെടുക്കാം. 500 ഗ്രാം പാക്കറ്റാണ് സാധാരണയായുള്ളത് അതിൽകൂടുതൽ വേണമെങ്കിൽ ക്വാണ്ടിന്റി എന്നബട്ടണിൽ ഒന്നുകൂടി അമർത്തുക. അടുത്തപടി മൽസ്യം വീട്ടിൽ എത്തേണ്ട തീയതിയും സമയവും തിരഞ്ഞെടുക്കുക. സ്വന്തം വീട്ടിലാണോ അതോ വേറേതെങ്കിലും വിലാസത്തിലാണോ വേണ്ടതെന്ന് അടുത്തപടിയായി നൽകാം. ഇനി കാശുനൽകാം. അതിനായി ഡെബിറ്റ്–ക്രെഡിറ്റ് കാർഡുകൾ, ഇന്റർനെറ്റ് ബാങ്കിങ്, പെയ്ടിഎം, ക്യാഷ് ഓൺ ഡെലിവറി എന്നിങ്ങനെയുള്ള മാർഗങ്ങളിലേതെങ്കിലും തിരഞ്ഞെടുക്കാം. എല്ലാത്തിനുംകൂടി മുപ്പത് സെക്കൻഡോളം സമയമേ വേണ്ടിവരൂ. ഇതോടെ മീൻ വീട്ടിലേക്കെത്താനുള്ള സംവിധാനങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. ഓർഡർ നൽകിയശേഷം ഇന്ന് മീൻ വേണ്ട എന്ന് തീരുമാനിക്കുകയാണെങ്കിൽ റദ്ദാക്കാനും വകുപ്പുണ്ട്.