ഫെയ്‌സ്ബുക്കിൽ ഫ്രണ്ട്സ് കൂടിയാലും പൊല്ലാപ്പ്

ഫെയ്‌സ്ബുക്ക് ചങ്ങാതിമാരുടെ എണ്ണം 300 കവിഞ്ഞവർ ശ്രദ്ധിക്കുക നിങ്ങൾക്കു പിരിമുറുക്കം കൂടുമത്രെ. കൗമാരക്കാരിൽ നടത്തിയ പഠനമാണ് ഫെയ്‌സ്ബുക്ക് ഫ്രണ്ട്സിന്റെ എണ്ണക്കൂടുതൽ പിരിമുറുക്കം കൂട്ടുന്നതിനിടയാക്കുന്നതായി പറയുന്നത്. സ്‌ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ തോത് കൂടുകയാണു ചെയ്യുന്നത്. അതേ സമയം സുഹൃത്തുക്കളുടെ പടങ്ങൾ ലൈക്ക് ചെയ്തും അവരെ പ്രോൽസാഹിപ്പിച്ചും എഫ്ബി ഉപയോഗിക്കുന്നവരിൽ കോർട്ടിസോൾ തോത് കുറയുന്നതായും ഇവർതന്നെ പറയുന്നു. 12നും 17നും ഇടയിൽ പ്രായമുള്ള 88 പേരെയാണു നിരീക്ഷിച്ചത്. ഇവരുടെ ഫെയ്‌സ്ബുക്ക് ഉപയോഗം, സുഹൃത്തുക്കളുടെ എണ്ണം, സ്വയം പ്രോൽസാഹനം, സുഹൃത്തുക്കളെ പ്രോൽസാഹിപ്പിക്കൽ എന്നീ ഘടകങ്ങളാണു വിശകലനം ചെയ്തത്. ഇതുകൂടാതെ ഇവരുടെ കോർട്ടിസോൾ സാംപിളുകളും ശേഖരിച്ചു. കോർട്ടിസോൾ തോത് ഉയരുന്നതിന് പലഘടകങ്ങളുണ്ടെങ്കിലും ഏകാന്തതയിലുള്ള ഫെയ്‌സ്ബുക്ക് സഹവർത്തിത്തം എട്ടുശതമാനത്തോളം സ്വാധീനം ചെലുത്തുന്നതായാണ് പറയുന്നത്. ആയിരമോ രണ്ടായിരമോ ഫ്രണ്ട്സ് ഉള്ളവരിൽ ഇത് ഇനിയും കൂടും.