കോടികൾ കൊടുത്ത് കല്യാണം വേണ്ട; ‘പുരുഷധന’ത്തിനു നിയന്ത്രണം

Representative Image

പുരുഷധനം കൊടുത്തു മുടിഞ്ഞ് ഒടുവിൽ ചൈനയിൽ നിയമനിർമാണം. 60,000 യുവാനിൽ കൂടുതൽ പുരുഷധനം കൊടുക്കാൻ പാടില്ല. പണമായോ സമ്മാനമായോ ഇതിൽ കൂടുതൽ കൊടുക്കുന്നവർക്ക് എതിരെ ശിക്ഷാനടപടി വരുന്നു. തറവാടു വരെ വിറ്റ് സ്ത്രീധനം കൊടുക്കുന്ന മലയാളികൾ കേട്ടോളൂ. ചൈനയിൽ പെണ്ണിന്റെ വീട്ടുകാർക്കു പണം കൊടുക്കാനാണ് ഇപ്പോൾ തറവാടു വിറ്റുകൊണ്ടിരിക്കുന്നത്. സ്ത്രീധനം പുരുഷധനമായത് എങ്ങനെയെന്നറിയാൻ ചരിത്രം കുറെ പിന്നിലേക്കു പോകേണ്ടിവരും.

ഒറ്റസന്താനം നിയമം നടപ്പാക്കിയതു മുതൽക്കു ചൈനയിൽ പെൺമക്കൾക്കു ക്ഷാമം തുടങ്ങി. ആകെയുള്ള സന്താനം ആണായിരിക്കണം എന്നു ചൈനക്കാർ ആഗ്രഹിച്ചു. പെൺകുട്ടിയാണെന്നറിഞ്ഞയുടൻ അബോർഷൻ നടത്തി. ഒടുവിൽ ചെറുക്കന്മാർക്കു കെട്ടാൻ പെണ്ണില്ലാതായി. ഉള്ള പെണ്ണുങ്ങൾക്കു വൻ ഡിമാൻഡ്. ആര് കൂടുതൽ കാശു കൊടുക്കുന്നോ അവർക്കു പെണ്ണിനെ കിട്ടുമെന്ന സ്ഥിതി. പെണ്ണിനോ പെണ്ണിന്റെ വീട്ടുകാർക്കോ വീടു വരെ ഓഫർ ചെയ്താണു പലരും കല്യാണം കഴിക്കുന്നത്. ഇങ്ങനെ പല ‘തറവാടുകളും’ ക്ഷയിക്കാൻ തുടങ്ങിയതോടെയാണ് സർക്കാർ വൻ നിയമനിർമാണവുമായി എത്തിയത്. പെണ്ണിനു കൊടുക്കുന്ന പണം 60,000 യുവാനിൽ (12,490 ഡോളർ) കൂടാൻ പാടില്ല. രൂപയിൽ പറഞ്ഞാൽ ഏതാണ്ട് ഏഴര ലക്ഷം വരും. ഏഴര ലക്ഷം അത്ര കുറ​ഞ്ഞ തുകയല്ലല്ലോ എന്ന് ഓർക്കാൻ വരട്ടെ.

മൂന്നു ലക്ഷം മുതൽ നാലു ലക്ഷം യുവാൻ വരെയാണ് (രൂപയിലാക്കുമ്പോൾ കോടികൾ വരും) നേരത്തെ ആളുകൾ ‘പെൺപണം’ കൊടുക്കാനായി മുടക്കിയിരുന്നത്. കൂടുതൽ പണം കൊടുത്താൽ എന്താണു നടപടിയെന്നും പറയുന്നു- കല്യാണച്ചടങ്ങ് സർക്കാർ നിർത്തിവയ്പിക്കും. പിന്നെ പബ്ലിക്കായി നാണം കെടുത്തും. ബാക്കി നടപടികൾ പുറത്തു വരാനിരിക്കുന്നതേയുള്ളു. നമ്മുടെ സ്ത്രീധന കാര്യത്തിലും ഇങ്ങനെയെന്തെങ്കിലും നിയമം വന്നിരുന്നെങ്കിൽ!