യൗവനത്തിൽ പിരിഞ്ഞ് വാർധക്യത്തിൽ കണ്ടുമുട്ടിയപ്പോൾ...

യൗവനത്തിൽ വേർ പിരിഞ്ഞ് വാർധക്യത്തിൽ കണ്ടുമുട്ടിയ ഡോ. ടിഎ എബ്രഹാമും ഫിലിപ് ഫാർണറും

അവിശ്വസനീയമായിരുന്നു ആ കൂടിക്കാഴ്ച്ച. അതും അര നൂറ്റാണ്ടിന്റെ വേർപാടിനു ശേഷം അമേരിക്കയിൽവച്ച് യൗവനത്തിൽ വേർ പിരിഞ്ഞ് വാർധക്യത്തിൽ കണ്ടുമുട്ടുമ്പോൾ ഡോ. ടിഎ എബ്രഹാമിനും ഫിലിപ് ഫാർണർക്കും ഒാർമ്മിക്കാനും പങ്കു വയ്ക്കാനും ഏറെയുണ്ടായിരുന്നു. ഡോ.ഏബ്രഹാം കേരള സർവകലാശാലയിലേയും ഫിലിപ് ന്യുയോർക്ക് സർവകലാശാലയിലേയും റിട്ട. പ്രഫസർമാരാണ്.1962ൽ ന്യുയോര്‍ക്ക് വിമാനത്താവളത്തിൽ നിന്നു യാത്ര പറ‍ഞ്ഞു പിരിഞ്ഞ ഇരുവരും കഴിഞ്ഞ ആഴ്ച്ച വീണ്ടും കണ്ടത് പെൻസിൽവാനിയയിലെ ഫിലിപ്പിന്റെ വട്ടിൽവച്ചായിരുന്നു.

അര നൂറ്റാണ്ടിനുള്ളിൽ ഏബ്രഹാം മാറി. ഫിലിപ് മാറി. അമേരിക്ക മാറി. മാറാത്തത് ബോസ്റ്റണിൽ ഒന്നിച്ച് കഴിഞ്ഞ നാളുകളിലെ ആത്മ ബന്ധം മാത്രം.അന്നത്തെ യുവാക്കൾ ആയിരം പൂർണ ചന്ദ്രൻമാരെ കണ്ട് മുത്തച്ഛനും മുതുമുത്തഛനുമൊക്കെയായി മാറിയിരുന്നു.

’56ൽ കൊച്ചി തുറമുഖത്തുനിന്ന് ഒരു നോർവീജിയൻ ചരക്കു കപ്പലിലാണ് ഏബ്രഹാം അമേരിക്കയിലേക്കു പോയത്. പിന്നീടു മാർ ഈവാനിയോസ് കോളജ് പ്രിൻസിപ്പലായ ഫാ. ഗീവർഗീസ് പണിക്കർ അന്നു ബോസ്റ്റണിലുണ്ടായിരുന്നു. അദ്ദേഹമാണ് അഡ്മിഷനും മറ്റും തരപ്പെടുത്തിയത്. 28 ദിവസത്തെ കപ്പൽ യാത്രയ്ക്കുശേഷം കടൽചൊരുക്കിൽ അവശനായാണു ന്യൂയോർക്ക് തുറമുഖത്തെത്തിയത്. താൻ സഞ്ചരിച്ച കപ്പൽ കടന്നയുടനെയാണ് അമേരിക്കയുമായുള്ള രാഷ്ട്രീയ തർക്കത്തെ തുടർന്ന് അന്നത്തെ ഈജിപ്ഷ്യൻ പ്രസിഡന്റ് നാസർ സൂയസ് കനാൽ അടച്ചതെന്ന് ഏബ്രഹാം ഒർക്കുന്നു. അൽപം വൈകിയിരുന്നെങ്കിൽ യാത്ര ആഫ്രിക്ക ചുറ്റി 32 ദിവസം കൂടി നീളുമായിരുന്നു.

അമേരിക്കയിൽനിന്നു ബോട്ടണിയിൽ എംഎസും പിഎച്ച്ഡിയുമായി മടങ്ങുമ്പോൾ ഏബ്രഹാമിന് അമേരിക്കയിലെ ഏതെങ്കിലും സർവകലാശാലയിൽ അധ്യാപകനാകാമായിരന്നു. പക്ഷേ ഗൃഹാതുരതയും അവിടത്തെ ജീവിത രീതിയുമായി പൊരുത്തപ്പെടാനുള്ള ബുദ്ധിമുട്ടും മൂലം നാട്ടിലേക്കു മടങ്ങാൻ തീരുമാനിക്കുകയായിരുന്നു. മകൻ അച്ഛനേയും ഭാര്യ ഭർത്താവിനേയുമൊക്ക് പേരു വിളിക്കുന്നതും സുഹ‍ത്തുക്കളെപ്പോലെ ഇടപെടുന്നതും ഒന്നിച്ചിരുന്നു കള്ളുകുടിക്കുന്നതും അന്ന് ഏബ്രഹാമിനു ദഹിച്ചില്ല. പക്ഷേ അന്നു ഭയപ്പെട്ട അമേരിക്കൻ ജീവിതശൈലി നാട്ടിലേക്കു കുടിയേറുന്നതു കണ്ടുകൊണ്ടാണ് 53 വർഷത്തിനുശേഷം ഏബ്രഹാം അമേരിക്കയിലേക്കു വിമാനം കയറിയത്. ’ 62ൽ മടങ്ങിയെത്തിയശേഷം കുറേക്കാലം സുഹൃത്തുക്കളുമായി കത്തിടപാടുണ്ടായിരുന്നു. പിന്നീട് അതൊക്കെ മുടങ്ങി. എങ്കിലും ഫിലിപ്പുമായി അടുത്തകാലം വരെ ക്രിസ്മസിനു കാർഡുകൾ കൈമാറിയിരുന്നു. പിന്നീട് ആ ബന്ധവും നഷ്ടപ്പെട്ടു.

ഇതിനിടെ സ്വന്തം സഹോദരനും മകനുമൊക്കെ അമേരിക്കയിലെത്തിയെങ്കിലും ഫിലിപ്പ് ആ പഴയ ലോകത്തിലേക്ക് മടക്കയാത്ര നടത്തിയില്ല. ഒടുവിൽ കഴിഞ്ഞമാസം മകന്‍ സജി പി ഏബ്രഹാമിന്റെ നിർബന്ധത്തിനു വഴങ്ങി ഷിക്കാഗോയിൽ എത്തി. അവിടെയിരുന്ന് പഴയ വിലാസം നോക്കി ഇന്റർനെറ്റിലാണ് ഫിലിപ്പിന്റെ പെൻസിൽവാനിയയിലെ ഫോൺ നമ്പർ സംഘടിപ്പിച്ചതും കുടിക്കാഴ്ച്ചക്ക് വഴിയൊരുങ്ങിയതും.

ഓൾ സെയിന്റ്സ് കോളജിൽ അധ്യാപികയായിരുന്ന പരേതയായ ആനന്ദവല്ലിയാണ് ഏബ്രഹാമിന്റെ ഭാര്യ. ഇപ്പോൾ കേശവദാസപുരത്ത് വിവേകാനന്ദ നഗറിൽ ഇളയ മകൻ ജോസിന്റെകൂടെ താമസിക്കുന്നു.