ലോകമുണർന്നു, ഈ മിടുക്കനൊപ്പം

ഡാനിയൽ കാബ്രെറ വഴിയോരത്തിരുന്ന് പഠിക്കുന്ന ചിത്രം

എല്ലാ രാത്രികളിലും തെരുവുവിളക്കിന്റെ വെട്ടത്തിലിരുന്ന് പഠിച്ച് അമേരിക്കയുടെ പ്രസിഡന്റ് സ്ഥാനത്തു വരെയെത്തിയ ഏബ്രഹാം ലിങ്കന്റെ കഥ കുട്ടിക്കാലം തൊട്ടേ നമുക്കു പരിചിതമാണ്. അതിനെ ഓർമിപ്പിച്ചുകൊണ്ട് ഫിലിപ്പീൻസിൽ അടുത്തിടെ ഒരു സംഭവം നടന്നു. അവിടെ മെഡിക്കൽ വിദ്യാർഥിനിയായ ജോയ്സ് എന്ന ഇരുപതുകാരി രാത്രിയിൽ റോഡിലൂടെ നടക്കുകയായിരുന്നു. പെട്ടെന്ന് വഴിയോരത്ത് മക്ഡൊണാൾഡ്സ് സ്റ്റോറിനു മുന്നിലെ അരണ്ട വെളിച്ചത്തിനു കീഴെ ഒരു കാഴ്ച.

ഡാനിയൽ കാബ്രെറ

ഒരു കൊച്ചുപയ്യൻ, അവൻ തന്നെ നിർമിച്ച ഒരു തട്ടിക്കൂട്ട് മരത്തട്ടിൽ പുസ്തകം വച്ച് നിലത്തു മുട്ടുകുത്തിയിരുന്ന് എന്തോ എഴുതുകയാണ്. അടുത്തു ചെന്ന് അന്വേഷിച്ചപ്പോൾ മനസിലായി അവൻ പിറ്റേന്നത്തേക്കുള്ള ഹോം വർക്കിന്റെ തിരക്കിലാണ്. അഞ്ചു വർഷം മുൻപ് തീപിടിത്തത്തിൽ വീടുനഷ്ടപ്പെട്ടതിനാൽ അടുത്തുള്ള ഒരു സ്റ്റോറിലാണ് അവന്റെയും അമ്മയുടെയും രണ്ട് സഹോദരങ്ങളുടെയും താമസം. അച്ഛൻ രണ്ടു വർഷം മുൻപ് മരിച്ചു. സ്റ്റോറിൽ രാത്രി വെളിച്ചമില്ലാത്തതിനാൽ ദിവസവും പുറത്തിരുന്നാണ് പഠനം.

ഡാനിയൽ കാബ്രെറ

ഡാനിയൽ കാബ്രെറ എന്ന ആ ഒൻപതുവയസ്സുകാരന്റെ പഠനത്തോടുള്ള സ്നേഹം ജോയ്സ് തന്റെ മൊബൈൽ ക്യാമറയിൽ പകർത്തി. ‘കണ്ടുപഠിക്കണം ഇവനെ...’എന്ന അടിക്കുറിപ്പോടെ ആ ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റും ചെയd്തു. തൊട്ടുപിറകെ പലരും ആ ഫോട്ടോയ്ക്ക് ഷെയറും ലൈക്കുകളുമായെത്തി. ജീവിതത്തിലെ ഏറ്റവും മികച്ച പ്രചോദനാത്മക കാഴ്ച എന്നാണ് പലരും അതിനെ വിശേഷിപ്പിച്ചത്.

ഡാനിയൽ കാബ്രെറ

തീര്‍ന്നില്ല, ഫോട്ടോ വൈറലായതോടെ ഒരുമാസം കഴിഞ്ഞപ്പോൾ പ്രദേശത്തെ സോഷ്യൽ വെൽഫെയർ ഓഫിസർ ഡാനിയലിന്റെ വീട്ടിലെത്തി സർക്കാർ സഹായം വാഗ്ദാനം ചെയ്തു. അവിടത്തെ പൊലീസുകാരാകട്ടെ ഡാനിയലിന്റെ കോളജ് പഠനത്തിനുള്ള സ്കോളർഷിപ് വരെ വാഗ്ദാനം ചെയ്തു. ആകെക്കൂടി ഒരൊറ്റ പെന്‍സിലേ ഡാനിയലിന്റെ കയ്യിലുള്ളൂവെന്ന് മാധ്യമങ്ങളിൽ വാർത്ത വന്നു. മറ്റൊന്ന് അവന്റെ ക്ലാസിലെ ആരോ കട്ടെടുത്തുവത്രേ. അതുകൂടിയായതോടെ ഡാനിയലിന്റെ വീട്ടിലേക്ക് സഹായങ്ങളുടെ പെരുമഴയായിരുന്നു. മകനു ലഭിച്ച അപ്രതീക്ഷിത അനുഗ്രഹത്തിന് ദൈവത്തോടു നന്ദി പറയുകയാണിപ്പോൾ ഡാനിയലിന്റെ അമ്മ.