നർത്തകര്‍ക്കൊരു കൈത്താങ്ങാകാൻ റിതു 17

പ്രശസ്ത സിനിമാതാരം രചന നാരായണൻ കുട്ടി, നടി സോനു സതീഷ് കുമാർ, അശ്വിനി നമ്പ്യാർ, പ്രതീക്ഷ കാശി തുടങ്ങിയ പ്രഗത്ഭരുടെ നിര തന്നെ ഫെസ്റ്റിൽ ചുവടുകൾ വെക്കുന്നുണ്ട്.

ശാസ്ത്രീയ കലകളോട് ആഭിമുഖ്യം കുറഞ്ഞു വരുന്നൊരു കാലമാണിത്. പാശ്ചാത്യ നൃത്തങ്ങൾക്കും സംഗീതത്തിനുമൊക്കെ പുറകെ പോകുന്ന യുവതലമുറയ്ക്ക് ഒരു സന്ദേശവുമായി എത്തുകയാണ് റിതു17. നാലുയുവാക്കളുടെ നേതൃത്വത്തിൽ രൂപീകരിക്കപ്പെ‌ട്ട റിതുവിന്റെ പ്രധാന ലക്ഷ്യം പൊയ്പ്പോകുന്ന ശാസ്ത്രീയ നൃത്തങ്ങളെ സാധാരണക്കാരുൾപ്പെടെ വലിയൊരു ജനവിഭാഗത്തിലേക്ക് എത്തിക്കുക എന്നതാണ്.

ഐടി മേഖലയിൽ നിന്നുള്ള സുജിത്, ബബീഷ്, ശ്രീരാം, നൃത്ത വിദ്യാർഥിനിയായ ശിശിര എന്നിവരാണ് റിതുവിന്റെ പ്രധാന പിന്നണി പ്രവർത്തകർ. പുതിയ വിശേഷം വരുന്ന ഫെബ്രുവരി 25ന് റിതു 17 ഒരു കുച്ചിപ്പുടി ഫെസ്റ്റും വർക് ഷോപ്പും സംഘടിപ്പിച്ചിരിക്കുകയാണ്. വിഖ്യാത കുച്ചിപ്പുടി ഗുരുവായ വെമ്പതി രവിശങ്കറുടെ നേതൃത്വത്തിലാണ് പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്. പ്രശസ്ത സിനിമാതാരം രചന നാരായണൻ കുട്ടി, നടി സോനു സതീഷ് കുമാർ, അശ്വിനി നമ്പ്യാർ, പ്രതീക്ഷ കാശി തുടങ്ങിയ പ്രഗത്ഭരുടെ നിര തന്നെ ഫെസ്റ്റിൽ ചുവടുകൾ വെക്കുന്നുണ്ട്.

ഇനി ഈ കുച്ചിപ്പുടി ഫെസ്റ്റിനെ ഏറെ മാറ്റിനിർത്തുന്നത് അതിന്റെ നന്മ നിറഞ്ഞ ഉദ്ദേശം തന്നെയാണ്. ഫെസ്റ്റിൽ നിന്നു ലഭിക്കുന്ന വരുമാനം മുഴുവൻ കുച്ചിപ്പുടി പഠിക്കാൻ ആഗ്രഹിക്കുന്ന എന്നാൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാര്‍ഥികൾക്കു കൈമാറാനാണ് സംഘാടകരുടെ തീരുമാനം. ഫെസ്റ്റിനോടനുബന്ധിച്ച് രണ്ടു പേർക്ക് കുച്ചിപ്പുടി അവതരിപ്പിക്കാൻ അവസരം ലഭിക്കുന്നതിനൊപ്പം അവർക്കായി സംഘാടകരുടെ വക പാരിതോഷികവും ലഭിക്കുന്നതാണ്. വടകരയിലെ കൃഷ്ണകൃപ ഓഡിറ്റോറിയത്തിൽ രാവിലെ ഒമ്പതു മുതൽ വൈകുന്നേരം മൂന്നുവരെയാണ് വർക് ഷോപ് ന‌ടത്തുന്നത്.