വേനലിൽ വെള്ള മതി; സമീറ സനീഷ്

സമീറ സനീഷ്

കത്തിപ്പോകുന്ന പകലിൽ ഇടിവെട്ടു വേഷം ധരിച്ചു പുറത്തിറങ്ങിയാൽ എന്തൊക്കെയാകും സംഭവിക്കുക... വേഷം നമ്മളെ തോൽപിച്ചു കളയും. ഇരുണ്ട വസ്ത്രങ്ങൾ കൂടുതൽ ക്ഷീണിപ്പിച്ചെന്നു വരാം. ഇരുണ്ട വസ്ത്രങ്ങൾ ശരീരത്തിലേക്കു ചൂടിനെ ആഗിരണം ചെയ്യും. വേനലിൽ കത്താതെ സ്റ്റൈലായി എന്തൊക്കെ വസ്ത്രം ധരിക്കാം.. പ്രമുഖ ഫാഷൻ ഡിസൈനർ സമീറ സനീഷ് വേനലിന്റെ ഫാഷനെക്കുറിച്ച് പറയുന്നു.

ഇളംതെന്നലാകും ഇളം നിറങ്ങൾ

ഇളം നിറത്തിലുള്ള വസത്രങ്ങളാണു വേനലിൽ ഏറ്റവും അനുയോജ്യം. കടുംനിറങ്ങളായ കറുപ്പ്, ചുവപ്പ് തുടങ്ങിയവ ഉപേക്ഷിക്കാം. ഇളംനിറങ്ങളായ നീല, മഞ്ഞ, വെള്ള, പിങ്ക് തുടങ്ങിയവയുടെ വിവിധ ഷേഡുകൾ ഉപയോഗിക്കാം. വെള്ളയാണു കണ്ണടച്ചു പറയാവുന്ന നിറം. ഫാഷനബിൾ ആകണമെങ്കിലും വെള്ളയിൽ ഒട്ടേറെ പരീക്ഷണങ്ങൾ നടത്താം. അതുപോലെ സ്വാതന്ത്ര്യം നൽകുന്ന നിറമാണു നീല. മറൈൻ ബ്ലൂ, അക്വാബ്ലൂ എന്നിങ്ങനെ നീലയുടെ അതിമനോഹരമായ വൈവിധ്യങ്ങൾ ഉപയോഗിക്കാം. വേനൽക്കാലത്ത് ഇളം നിറങ്ങൾ ഉപയോഗിക്കുമ്പോൾ പോസിറ്റീവായ വ്യത്യാസം അറിയാം. കടുംനിറങ്ങൾ പലപ്പോഴും നമ്മളെ തളർത്തും.

വെയിലിനു കോട്ട കെട്ടാൻ കോട്ടൺ

കോട്ടൺ വസ്ത്രങ്ങളാണു വേനൽക്കാലത്ത് ഏറെ അനുയോജ്യം. സ്റ്റാർച്ച് ഇല്ലാത്ത സോഫ്റ്റ് കോട്ടൺ വസ്ത്രങ്ങൾ ഇപ്പോൾ സുലഭമാണ്. കോട്ടൺ വസ്ത്രങ്ങളെക്കാൾ ഭാരം കുറഞ്ഞവയാണു സോഫ്റ്റ് കോട്ടൺ. ഏതു പ്രായത്തിലുള്ളവർക്കും ഫാഷനും സ്റ്റൈലും എല്ലാം അനുസരിച്ചു സോഫ്റ്റ് കോട്ടൺ വസ്ത്രങ്ങൾ ലഭിക്കും. വായു സഞ്ചാരം കൂടുതൽ കോട്ടൺ വസ്ത്രങ്ങൾ അനുവദിക്കും. സിൽക്ക് വസ്ത്രങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്നവർക്കും സോഫ്റ്റ് കോട്ടൺ ഇഷ്ടപ്പെടും. ലിനനാണു വേനലിൽ ഉപയോഗിക്കാവുന്ന മറ്റൊരു മെറ്റീരിയൽ.

പലാസോ എന്ന പ്രിയപ്പെട്ടവൻ

ഇപ്പോഴത്തെ ട്രെൻഡി ആയ ഒരു വസ്ത്രമാണ് പലാസോ എന്ന അയഞ്ഞ പാന്റ്സ്. വേനൽക്കാലത്ത് അനുയോജ്യമായ കിടിലൻ വേഷമാണിത്. സ്ത്രീകൾക്കൊപ്പം പുരുഷന്മാരും പലാസോ എന്ന ലൂസ് പാന്റ്സ് ഉപയോഗിക്കുന്നുണ്ട്. ഫാഷനൊപ്പം കംഫർട്ടും ഈ വസ്ത്രം തരുന്നുണ്ട്. ശരീരത്തിലേക്കു കൂടുതൽ വായൂ സഞ്ചാരം എത്താവുന്ന തരത്തിലുള്ള അയഞ്ഞ വസ്ത്രങ്ങളാണു വേനൽക്കാലത്തു നല്ലത്. ശരീരത്തോട് ഒട്ടിച്ചേർന്നതും ഇറുകിയതുമായ വസ്ത്രങ്ങൾ ഇക്കാലത്തു നമുക്ക് അലമാരയിൽ സുരക്ഷിതമായി വയ്ക്കാം. കോട്ടൺ, ലിനൻ മെറ്റീരിയൽ ഉപയോഗിച്ചുള്ള ഒട്ടേറെ വൈവിധ്യങ്ങളുള്ള വസ്ത്രങ്ങൾ ഇപ്പോൾ ട്രെൻഡി ആകുന്നുണ്ട്. ലിനൻ ട്രൗസേഴ്സ്, പൈജാമകൾ തുടങ്ങി വൈവിധ്യമുള്ള നാടൻ, ട്രെൻഡി സ്റ്റൈലുകളെത്തുന്നുണ്ട്. സിനിമാ ഷൂട്ടിങ്ങുകളിലും വേനൽ സൗഹൃദ വേഷങ്ങൾ ഇപ്പോൾ പരീക്ഷിച്ചു തുടങ്ങിയിട്ടുണ്ട്. കഥാപാത്രങ്ങൾക്കു വസ്ത്ര ധാരണം അത്ര കർക്കശമല്ലെങ്കിൽ വേനലിൽ കരിയാത്ത വിധമുള്ള വസ്ത്രങ്ങൾ അവർക്കായി ഡിസൈൻ ചെയ്തു നൽകാറുണ്ട്.