ഫാഷൻ ലോകം ഉഷാറാകട്ടെ , '2000  രൂപയുടെ' സാരി 160  രൂപയ്ക്ക് 

2000 രൂപയുടെ പ്രിന്റ് ഉള്ള സാരി

2000 രൂപയുടെ സാരി 160  രൂപക്ക് വാങ്ങാൻ അവസരം ലഭിച്ചാൽ ആരാണ് വേണ്ടെന്നു പറയുക? എങ്കിൽ വാങ്ങാൻ തയ്യാറായിക്കോളൂ. 2000  രൂപയുടെ സാരിയാണ് ഇപ്പോഴത്തെ ട്രെൻഡ്. രണ്ടായിരം രൂപ വിലമതിക്കുന്ന സാരി എന്നല്ല മറിച്ച് 2000  രൂപാ നോട്ടുകൾ പ്രിന്റു ചെയ്ത സാരിയാണ് എന്ന ഒറ്റ വ്യത്യാസം മാത്രം. 

500 , 1000  രൂപാനോട്ടുകൾ പിൻവലിച്ചതോടെ താരമായി മാറിയത് പുതുതായി വന്ന 2000  രൂപയുടെ നോട്ടുകളാണ്. വയലറ്റ് നിറത്തിലുള്ള ഈ നോട്ടുകൾ പ്രത്യേക ശ്രദ്ധയാകർഷിച്ചു. അതോടെ 2000  രൂപാനോട്ടുകൾ പ്രിന്റ് ചെയ്ത ചേലൊത്ത വയലറ്റ് സാരികൾ വിപണിയിലും എത്തി. ഗുജറാത്തിലെ സൂററ്റില്‍ നിന്നുമുള്ള ഒരു വ്യവസായിയുടെ ആശയമാണ് 2000  രൂപാ സാരി. 

2000 രൂപ പ്രിന്റ് ചെയ്ത പഴ്സുകൾ

160  രൂപയ്ക്കാണ് പോളിസ്റ്ററിൽ നിർമിച്ച 2000  രൂപാ സാരി വിൽക്കുന്നത്. ഒരു സാരിയിൽ  504 രണ്ടായിരം നോട്ടിന്റെ ചിത്രങ്ങളാണ് പ്രിന്റ് ചെയ്തിരിക്കുന്നത്. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍ എന്നെ സംസ്ഥാനങ്ങളിലാണ് പ്രധാനമായും  ഈ സാരി വിട്ടു പോകുന്നത്. 

സാരികൾക്കു പുറമെ 2000, 500  രൂപ കറൻസികൾ പ്രിന്റ് ചെയ്ത പഴ്സുകൾ, പൗച്ചുകൾ, ഷോളുകൾ എന്നിവയും വിപണിയിൽ എത്തിക്കഴിഞ്ഞു. സാമ്പത്തിക പിരിമുറുക്കം ഉണ്ടാക്കിയ നോട്ട് അസാധുവാക്കലിനെ ബുദ്ധിപരമായി നേരിടുകയാണ് വ്യവസായികൾ. ഉഷ്ണം ഉഷ്ണേന ശാന്തി എന്നു പറയുന്ന പോലെയാണ് '2000  രൂപ' സാരികളുടെ വിജയം