തനിയെ കെട്ടും ഈ ഷൂ ലെയ്സ്

സ്വയം ലെയ്സ് കെട്ടുന്ന ഷൂ

1989ലൊരു ഹോളിവുഡ് സിനിമയിറങ്ങി–ബാക്ക് ടു ദ് ഫ്യൂച്ചർ എന്ന ബോക്സ് ഓഫിസ് ഹിറ്റിന്റെ രണ്ടാം ഭാഗം. ഒരു ടൈം മെഷീൻ സ്റ്റൈൽ കാറിൽ കയറി നായകൻ മാർട്ടി പഴയകാലത്തിലേക്ക് പറക്കുന്നതായിരുന്നു ഒന്നാം ഭാഗം. പക്ഷേ രണ്ടാം ഭാഗത്തിൽ കാറിലേറി മാർട്ടി പറന്നെത്തിയത് ഭാവിയിലേക്കായിരുന്നു. അതായത് 1985ൽ നിന്ന് നേരെ 2015ലേക്ക്. പറന്നുനടക്കുന്ന വാഹനങ്ങൾ ഉൾപ്പെടെ ഒന്നൊന്നര കാഴ്ചകളായിരുന്നു മാർട്ടിയെ ഭാവിനഗരത്തിൽ കാത്തിരുന്നത്. അവിടെ വച്ച് കക്ഷിക്ക് ഒരു ഷൂ ലഭിക്കുന്നുണ്ട്. കുനിഞ്ഞിരുന്ന് കെട്ടേണ്ട ആവശ്യമില്ലാത്ത, തനിയെ കെട്ടുന്ന ലെയ്സോടു കൂടി ഒരു ഷൂ. നൈക്കിയുടെ പേരുകേട്ട ഷൂ ഡിസൈനർ ടിങ്കെർ ഹാറ്റ്ഫീൽഡ് ആയിരുന്നു മാഗ് എന്നു പേരിട്ട ആ ‘ഡിജിറ്റൽ’ ഷൂ സിനിമയ്ക്കു വേണ്ടി രൂപകൽപന ചെയ്തത്. (മാഗ്നറ്റിക് എന്ന വാക്കിൽ നിന്നാണ് ഷൂവിന് മാഗ് എന്ന പേര് തിരഞ്ഞെടുത്തത്)

സ്വയം ലെയ്സ് കെട്ടുന്ന ഷൂ

ചിത്രത്തിലെ മറ്റെല്ലാ ടെക്നോസൂത്രങ്ങളെയും പോലെ ഈ സ്വയം ലെയ്സ് കെട്ടുന്ന ഷൂവും ഏറെ കയ്യടി നേടിയിരുന്നു. കാലമേറെ കഴിഞ്ഞു–ശരിക്കും 2015 ആയി. സിനിമയിൽ ഹിറ്റായ സ്വയം കെട്ടുന്ന ഷൂ ഇത്രയും കാലമായിട്ടും യാഥാർഥ്യമായില്ലേ എന്ന് ആരെങ്കിലും ചോദിച്ചാൽ അതിന്റെ നാണക്കേട് നൈക്കിക്കല്ലേ? അത് മനസ്സിൽക്കണ്ടാകണം നൈക്കി നേരത്തേത്തന്നെ ഇതുസംബന്ധിച്ച ഗവേഷണം ആരംഭിച്ചിരുന്നു. ഹാറ്റ്ഫീൽഡിന്റെ തന്നെ നേതൃത്വത്തിൽ നടത്തിയ ഗവേഷണത്തിനൊടുവിൽ സ്വയം കെട്ടുന്ന ‘പവർ ലെയ്സ്’ നൈക്കി തയാറാക്കിയെടുത്തു. ഷൂ വെറുതെ കാലിലിട്ടാൽ മതി പിന്നീട് അതിന്മേലുണ്ടാകുന്ന ചലനങ്ങൾക്കനുസരിച്ച് ലെയ്സ് തനിയെ കെട്ടും. അതായത് അമർത്തിയൊന്ന് ചവിട്ടിയാൽ ഷൂവിന്റെ ലെയ്സ് ഇറുകിച്ചേരും, അത്ര തന്നെ.

ഇതിന്റെ ആദ്യജോടി നൈക്കി അയച്ചുകൊടുത്തത് മറ്റാർക്കുമല്ല–ബാക്ക് ടു ദ് ഫ്യൂച്ചറിൽ മാർട്ടിയായി വേഷമിട്ട നടൻ മൈക്കെൽ ജെ.ഫോക്സിന്. ഫിക്‌ഷനും ടെക്നോളജിയും കൂടിച്ചേർന്ന ആ ‘പവർ ലെയ്സ് ഷൂസ്’ മൈക്കെലിന് വല്ലാതെ ഇഷ്ടപ്പെടുകയും ചെയ്തു. എന്നാൽ ചുമ്മാതൊരു രസത്തിനൊന്നുമല്ല ഈ ഷൂ തയാറാക്കിയത്. അത്‌ലിറ്റുകൾക്കുൾപ്പെടെ ഏറെ ഉപകാരപ്പെടുന്ന സംവിധാനമാണ് തങ്ങളുടെ പുതിയ ടെക്നോളജിയെന്ന് പറയുന്നു നൈക്കി. അടുത്ത വർഷം നൈക്കി മാഗിന്റെ കൂടുതൽ ഷൂ പുറത്തിറക്കാനും പദ്ധതിയുണ്ട്. പക്ഷേ കടകൾ വഴി വാങ്ങാമെന്നു കരുതേണ്ട. ലിമിറ്റഡ് എഡിഷനായിട്ടായിരിക്കും പുറത്തിറക്കുക. ലേലത്തിലൂടെയായിരിക്കും വിൽപന. അതുവഴി ലഭിക്കുന്ന പണമാകട്ടെ പാർക്കിൻസൺസ് ഗവേഷണവുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾക്കായി മൈക്കെൽ ജെ.ഫോക്സ് ഫൗണ്ടേഷനു കൈമാറും.