തലയിൽ ചെടി നട്ട് ചൈനക്കാർ

‘തല നിറയെ നല്ല വളക്കൂറുള്ള കളിമണ്ണാ, അതാ അവളുടെ മുടിയിങ്ങനെ തഴച്ചുവളരുന്നത്...’

മുടിവളർത്താൻ മണ്ണിന് അസാധ്യമായ കഴിവൊന്നുമില്ലെന്നത് പകൽപോലെ തെളിഞ്ഞ സത്യമാണെങ്കിലും ചിലരുടെ ബുദ്ധിയെ കളിയാക്കാൻ പലരും ഇത്തരം പ്രയോഗങ്ങൾ നടത്തുന്നത് പതിവാണ്. മുടി വളരില്ലെങ്കിലും മണ്ണിൽ ചെടി വളരും. പക്ഷേ ഒരു മണ്ണുമില്ലാതെ ചൈനക്കാർ തലയിൽ ചെടി വളർത്തുകയാണിപ്പോൾ. ആകെ കൺഫ്യൂഷനായല്ലേ? ഇതേ അവസ്ഥയിലാണ് ഇപ്പോൾ ചൈനയിലെ ചെങ്ഡുവിലെത്തുന്നവരുടെ മനസ്സും. കാരണം അവിടെ എല്ലാവരുടെയും തലയിൽ ചെടി മുളച്ചിരിക്കുന്നു! അതും കുട്ടികളിൽ തുടങ്ങി അപ്പൂപ്പനമ്മൂമ്മമാരുടെ തലയിൽ വരെ; ഇക്കാര്യത്തിൽ ആൺ–പെൺ വ്യത്യാസവും ഇല്ല.

ചില ചെടികൾക്ക് പൂക്കളുണ്ട്, മറ്റു ചിലതിൽ ഇലകളും കായ്കളും മാത്രവും. പലതരം ചെടികളാണെങ്കിലും എല്ലാറ്റിലും പൊതുവായൊരു സംഗതി ഒരൊറ്റ തണ്ടിന്റെയറ്റത്താണ് ഈ ഇലകളും പൂക്കളുമൊക്കെ എന്നതാണ്. ചെടികൾക്ക് ഉപശാഖകളൊന്നുമില്ലെന്നർഥം. അതുകൊണ്ടുതന്നെ കാഴ്ചയിൽ തലയിലൊരു ‘നാച്വറൽ ആന്റിന’ ഘടിപ്പിച്ചതു പോലെയുണ്ടാകും. ഇതെന്താണ് സംഗതിയെന്ന് അന്തം വിടുന്നവരോടു പറയാൻ ഒന്നേയുള്ളൂ–ഇതും ഒരു ട്രെൻഡാണ്. ചൈനയിലിപ്പോൾ തലകളിൽ നിന്നു തലകളിലേക്കു പറക്കുന്ന ഫാഷൻ ട്രെൻഡ്!

ചെടികളുടെ ആകൃതിയിലുള്ള ‘ആന്റിന’ ഹെയർപിന്നുകൾ ചൈനീസ് നഗരങ്ങളിൽ ഹിറ്റായിരിക്കുകയാണ്.പക്ഷേ ചെടികളൊന്നും ഒറിജിനലല്ല, എല്ലാം പ്ലാസ്റ്റിക്. നൂറിലേറെ ഡിസൈനുകളിലാണ് ഹെയർപിന്നുകളൊരുക്കി തെരുവോരങ്ങളിൽ കച്ചവടക്കാർ കാത്തിരിക്കുന്നത്. ചെങ്ഡുവിലെ തെരുവുകച്ചവടക്കാരിൽ ആരോ ഒരാളാണ് ഈ പുതിയ തരം ഹെയർപിന്നുകൾ വിൽപനയ്ക്കെത്തിച്ചതും. അതും ടൂറിസ്റ്റുകളെ ലക്ഷ്യമിട്ടും. പക്ഷേ ചെങ്ഡുക്കാർക്ക് സംഗതി ഇഷ്ടപ്പെട്ടു. ആദ്യം ഒന്നോ രണ്ടോ പേരായിരുന്നു ഇതുപയോഗിച്ചത്. അവരതണിഞ്ഞ് സെൽഫി സമൂഹമാധ്യമങ്ങളിലും പോസ്റ്റ് ചെയ്തു. അതോടെ സംഗതി വൈറൽ. പിന്നെ ഹെയർപിന്നിനു വേണ്ടിയുള്ള അന്വേഷണമായി. മുടിയുള്ളവർക്കും ഇല്ലാത്തവർക്കും ഒരുപോലെ ചേരുന്നതായിരുന്നു ഇത്. ആദ്യകാഴ്ചയിൽ തലയിലൊരു ചെടി മുളച്ചതു പോലെ തോന്നും. അടുത്തുവന്നാൽ തലയിലൊരു ആന്റിന പോലെയും.

എന്തായാലും ചൈനയിലിപ്പോൾ നഗരത്തിരക്കിലൂടെ നടക്കുമ്പോൾ ചുറ്റിലും കണ്ണോടിച്ചാൽ ഒരു പൂന്തോട്ടത്തിൽ ചെന്നുപെട്ട അനുഭവമാണത്രേ!